News - 2025

ഞായറാഴ്ചകളില്‍ കേള്‍ക്കുന്ന സുവിശേഷം പിന്നീടുള്ള ഒരാഴ്ച നാം പ്രവര്‍ത്തി തലത്തിലേക്കു കൊണ്ടുവരണമെന്ന്‍ ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 09-05-2016 - Monday

വത്തിക്കാന്‍: സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ ഒത്തുകൂടിയ പതിനായിരക്കണക്കിനു വിശ്വാസികളോടായി ക്രിസ്തു സ്‌നേഹത്തിന്റെ സാക്ഷികളായി നാം മാറണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. "ക്രിസ്തുവിന്റെ മരണത്തിനും ഉയര്‍പ്പിനും സ്വര്‍ഗാരോഹണത്തിനും സാക്ഷികളായിരുന്നു വിശുദ്ധ അപ്പോസ്‌ത്തോലന്‍മാര്‍. അവര്‍ ഈ സന്തോഷവും സുവിശേഷവുമാണു പിന്നീട് ലോകത്തോട് അറിയിച്ചത്. നമ്മേ ഒരോരുത്തരേയും ഇതേ സന്തോഷത്തിന്റെയും സുവിശേഷത്തിന്റെയും വാഹകരാകുവാനാണു ദൈവം വിളിച്ചിരിക്കുന്നത്". പാപ്പ കൂട്ടിച്ചേര്‍ത്തു.

മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്നവരേയും തന്റെ പ്രാര്‍ത്ഥനയില്‍ പിതാവ് ഓര്‍ത്തു. സമൂഹത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വലിയതാണെന്നും പിതാവ് സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. "വ്യക്തികളേയും കുടുംബങ്ങളേയും സമൂഹത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു മാധ്യമ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ പങ്കു വഹിക്കുന്നു. സഭയുടെ മാധ്യമ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സുവിശേഷത്തിന്റെ പ്രഘോഷണത്തിനായി മാറട്ടേ. എല്ലാ മാധ്യമ പ്രവര്‍ത്തകരേയും പ്രത്യേകം ആശീര്‍വദിക്കുന്നു". പരിശുദ്ധ പിതാവ് പറഞ്ഞു.

ഞായറാഴ്ച പള്ളികളില്‍ പോകുമ്പോള്‍ നാം കേള്‍ക്കുന്ന സുവിശേഷം പിന്നീടുള്ള ഒരാഴ്ച നാം പ്രവര്‍ത്തി തലത്തിലേക്കു കൊണ്ടുവരണമെന്നും പിതാവ് ആഹ്വാനം ചെയ്തു. വ്യക്തികള്‍ക്കിടയിലും വീട്ടിലും ജോലി സ്ഥലങ്ങളിലും എല്ലാം ഈ സുവിശേഷത്തിന്റെ വാഹകരായി നാം മാറണമെന്നും, സ്വര്‍ഗാരോഹണം ചെയ്ത ക്രിസ്തുവിന്റെ സാനിധ്യവും സ്‌നേഹവും അപ്പോഴാണു നാം കൂടുതലായി അനുഭവിക്കുകയെന്നും പിതാവ് സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

ആഭ്യന്തര യുദ്ധങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും കാരണം അഭയാര്‍ത്ഥികളായവരോടുള്ള നമ്മുടെ കരുതല്‍ ശക്തമായി തുടരണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പ്രത്യേകം ഓര്‍മിപ്പിച്ചു. മാതൃദിനമായ ഇന്നലെ എല്ലാ അമ്മമാര്‍ക്കും വേണ്ടി മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥന നടത്തിയിരിന്നു.