News
ആരോഗ്യസംരക്ഷണം മനുഷ്യന്റെ അടിസ്ഥാന ആവശ്യം; അത് വില്‍പ്പനചരക്കല്ല: മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 10-05-2016 - Tuesday
വത്തിക്കാന്‍: ആരോഗ്യസംരക്ഷണം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 65 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറ്റലിയിലെ പാതുവാ രൂപത ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു വൈദ്യസഹായം ലഭ്യമാക്കുന്നതിന് ആരംഭിച്ച സംഘടനയുടെ യോഗത്തില്‍ സംസാരിക്കുമ്പോഴാണു പിതാവ് ഇങ്ങനെ പറഞ്ഞത്. "ആരോഗ്യമെന്നത് ഒരു വില്‍പ്പനചരക്കല്ല. അത് നമ്മുടെ അടിസ്ഥാന ആവശ്യമാണ്. പണമുള്ളവരുടെ മാത്രം അവകാശമായി ആരോഗ്യത്തെ കാണുവാന്‍ ഇതിനാല്‍ തന്നെ സാധിക്കില്ല". പിതാവ് കൂട്ടിച്ചേര്‍ത്തു.
കത്തോലിക്ക സഭ ഒരു സഞ്ചരിക്കുന്ന ആശുപത്രിയാണെന്നും രോഗികളുടേയും ആലംബഹീനരുടേയും അരികിലേക്കു സഭ സേവന സന്നദ്ധമായി ചെല്ലുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. പണക്കാരനു മാത്രം പണം നല്‍കി വാങ്ങുവാന്‍ കഴിയുന്ന മരുന്നുകള്‍ ലഭ്യമാകുന്ന മരുന്നു കടയല്ല സഭയെന്നും പിതാവ് യോഗത്തില്‍ പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ രോഗികള്‍ക്ക് ഇന്നും ആരോഗ്യപരിപാലനവും ചികിത്സയും ഒരു മരീചിക മാത്രമാണെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
65 വര്‍ഷങ്ങള്‍ക്കു മുമ്പ് ദൈവാത്മ പ്രേരണയാല്‍ ആഫ്രിക്കയിലേക്കു പോയ വൈദികന്‍ ല്യൂഗി മസുക്കാട്ടോയാണു വൈദ്യസഹായം എത്തിക്കുന്ന സംഘടനയ്ക്കു തുടക്കം കുറിച്ചത്. ഡോക്ടറായ മസുക്കാട്ടോ ലളിത ജീവിതമാണു നയിച്ചിരുന്നത്. മസുക്കാട്ടോയുടെ ജീവിതത്തിന്റെ അവസാനം സ്വന്തമായി കൈവശമുണ്ടായിരുന്നതു കുറച്ചു വസ്ത്രങ്ങള്‍ മാത്രമായിരുന്നു. കഴിഞ്ഞ നവംബറില്‍ 88-ാം വയസില്‍ അദ്ദേഹം കര്‍ത്തൃസന്നിധിയിലേക്കു ചേര്‍ക്കപ്പെട്ടപ്പോള്‍ ആ വസ്ത്രങ്ങള്‍ പാവപ്പെട്ടവര്‍ക്കു നല്‍കി.
"ദൈവമേ എന്നെ ഒരോ നാളും കൂടുതല്‍ പാവപ്പെട്ടവനായി നീ മാറ്റേണമേ. ലളിതമായി ജീവിക്കുവാനും മറ്റുള്ളവര്‍ക്കു ഉപകാരങ്ങള്‍ ചെയ്യുവാനും എന്നെ പഠിപ്പിക്കേണമേ". ഇതാകട്ടെ നമ്മുടെ പ്രാര്‍ത്ഥനയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ യോഗത്തില്‍ പറഞ്ഞു. എത്യോപ്യ, അംഗോള, സിറോലിയോണ്‍, സൗത്ത് സുഡാന്‍ തുടങ്ങിയ അനേകം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈദ്യസഹായമെത്തിക്കുന്ന ശക്തമായ സംഘനയായി ഫാദര്‍ ല്യൂഗി മസുക്കാട്ടോയുടെ പ്രവര്‍ത്തനത്തെ ദൈവം ഉയര്‍ത്തി.