News

മതസ്വാതന്ത്ര്യ ഉത്തരവിൽ ഒപ്പുവെച്ച അമേരിക്കയ്ക്കു അഭിനന്ദനവുമായി ആഫ്രിക്കന്‍ പശ്ചിമേഷ്യന്‍ മെത്രാന്മാര്‍

പ്രവാചക ശബ്ദം 13-06-2020 - Saturday

മൊസൂള്‍/ അബൂജ: ആഗോള തലത്തില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ വേണ്ടിയുളള ഉത്തരവിൽ ഒപ്പുവെച്ചതിന് അമേരിക്കൻ ഭരണകൂടത്തെ അഭിനന്ദിച്ചു ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും സഭാനേതൃത്വം രംഗത്ത്. ജൂൺ രണ്ടാം തീയതി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും, മെലാനിയ ട്രംപും വാഷിംഗ്ടണിലെ വിശുദ്ധ ജോൺ പോൾ മാർപാപ്പയുടെ നാമധേയത്തിലുള്ള തീർത്ഥാടന കേന്ദ്രം സന്ദർശിച്ചു വൈറ്റ് ഹൗസിലെത്തിയതിനു ശേഷമാണ്, ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന നിർണായകമായ ഉത്തരവിൽ ഒപ്പുവെച്ചത്.

പുതിയ എക്സിക്യൂട്ടീവ് ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ഇറാഖിലെ ഇര്‍ബില്‍ കൽദായ അതിരൂപതയുടെ ആർച്ച് ബിഷപ്പ് ബാഷർ വർദ പറഞ്ഞു. കടുത്ത മതപീഡനത്തിന് ഇരയായവർ എന്ന നിലയിൽ മതസ്വാതന്ത്ര്യ വിഷയത്തിൽ ഇടപെടാൻ ട്രംപ് ഭരണകൂടം നടത്തുന്ന ശ്രമങ്ങൾക്ക് തങ്ങൾ നന്ദിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവിൽ ഒപ്പിടാൻ പ്രസിഡന്‍റ് കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നതായി സിറിയൻ സഭയുടെ പാത്രിയാർക്കീസായ ഇഗ്നേഷ്യസ് യൂസഫ് യൂനാനും പറഞ്ഞു. ഇതിന്റെ തുടർ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഉത്തരവിൽ പറഞ്ഞിരിക്കുന്ന പദ്ധതികൾ തന്റെ സമൂഹത്തിന്റെ അതിജീവനത്തിന് ഉപകാരപ്രദമാകുമെന്നും പാത്രിയാർക്കീസ് ജോസഫ് യൂനാൻ കൂട്ടിചേര്‍ത്തു.

കടുത്ത മതേതര ചിന്താഗതി മൂലം മതവിശ്വാസങ്ങളെ പലരാജ്യങ്ങളും തള്ളി കളയുമ്പോൾ, ക്രൈസ്തവർക്കും മറ്റ് വിഭാഗങ്ങള്‍ക്കും വേണ്ടി അമേരിക്കൻ ഭരണകൂടം ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത് പ്രശംസ അർഹിക്കുന്ന കാര്യമാണെന്ന് നൈജീരിയയിലെ സൊകോട്ടോ രൂപത ബിഷപ്പ് മാത്യു ഹസൻ കുക്ക പറഞ്ഞു. എല്ലാ മത വിഭാഗങ്ങളില്‍ ഉള്ളവരും പീഡിപ്പിക്കപ്പെടുന്നുവെന്ന് നിരവധി നേതാക്കന്മാർ പറയുമെങ്കിലും ക്രൈസ്തവരാണ് ഏറ്റവുമധികം പീഡനം ഏൽക്കുന്നതെന്നും ബിഷപ്പ് കുക്ക ചൂണ്ടിക്കാട്ടി. തങ്ങളുടെ വ്യക്തിത്വത്തെക്കാൾ തങ്ങൾക്ക് വലുത് വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൈവത്തിന് കീഴിലുള്ള ഒരു ജനതയാണ് തങ്ങളെന്ന് അമേരിക്ക ഇപ്പോഴും വിശ്വസിക്കുന്നുവെന്നും അതിനാലാണ് തിന്മയുടെ ശക്തികൾ അമേരിക്കക്കെതിരെ പോരാട്ടം അഴിച്ചുവിട്ടിരിക്കുന്നതെന്നും സിറിയൻ മെത്രാനായ യൂസഫ് ഹാബാഷ് അഭിപ്രായപ്പെട്ടു. അമേരിക്ക ഇല്ലെങ്കിൽ ലോകം നരകതുല്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഉത്തരവ് പ്രകാരം ഓരോ വർഷവും മതസ്വാതന്ത്ര്യം സംരക്ഷിക്കാനായി 50 മില്യൻ ഡോളർ അമേരിക്കൻ സർക്കാർ ചെലവഴിക്കും. നയതന്ത്ര തീരുമാനങ്ങളെടുക്കുമ്പോൾ മതസ്വാതന്ത്ര്യം പ്രഥമ പരിഗണനയ്ക്ക് എടുക്കണമെന്ന നിർദ്ദേശവും ഉത്തരവിലുണ്ട്. കൂടാതെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർക്ക് മതസ്വാതന്ത്ര്യ വിഷയത്തിൽ പരിശീലനം നൽകാനും ഭരണകൂടം തീരുമാനിച്ചു.

വിവിധ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയമായതിനാൽ നേരത്തെ അമേരിക്കൻ നയതന്ത്രജ്ഞർ വിഷയത്തെ ചർച്ചകളിൽ നിന്ന് ഒഴിവാക്കുകയായിരുന്നു ചെയ്തിരുന്നതെന്നും എന്നാൽ പുതിയ ഉത്തരവ് യാഥാർത്ഥ്യമായതോടെ ഇനി അതിനു സാധിക്കില്ലെന്നും അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കൻ കമ്മീഷന്റെ മുൻ ഉപാധ്യക്ഷ ആയിരുന്ന ക്രിസ്റ്റീന അരിയാഗ പ്രതികരിച്ചു. കടുത്ത അടിച്ചമര്‍ത്തലിലൂടെ കടന്നു പോകുമ്പോള്‍ പുതിയ ഉത്തരവിനെ ആഗോള ക്രൈസ്തവ സമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »