News
ജീവിക്കുവാനും ജീവന്‍ സംരക്ഷിക്കുവാനും സ്വാതന്ത്ര്യം വേണം: ആവശ്യം ഉന്നയിച്ച് പതിനായിരങ്ങള്‍ ഒത്തുകൂടി
സ്വന്തം ലേഖകന്‍ 10-05-2016 - Tuesday
വത്തിക്കാന്‍: ജീവിക്കുവാനും ജീവന്‍ സംരക്ഷിക്കുവാനുമുള്ള അവകാശത്തിനായി പതിനായിരങ്ങള്‍ ഇറ്റലിയിലൂടെ റാലി നടത്തി. ആരുടെയും ആഹ്വാനം ഇല്ലാതെ തന്നെ മുപ്പതിനായിരത്തില്‍ അധികമാളുകളാണു റാലിയില്‍ പങ്കെടുക്കുവാന്‍ എത്തിയത്. സെന്റ് പീറ്റേഴ്‌സ ചത്വരത്തില്‍ എത്തിയ മാര്‍ച്ചിനെ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിസംബോധന ചെയ്തു സംസാരിച്ചു. ജപമാല ചെല്ലി പ്രാര്‍ത്ഥനയും നടത്തിയ ശേഷമാണു റാലി സമാപിച്ചത്.
യുഎസില്‍ നിന്നുള്ള കര്‍ദിനാള്‍ റെയ്മണ്‍ഡ് എല്‍. ബൂര്‍ക്കിയുടെ നേതൃത്വത്തിലാണു 29-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുമെത്തിയ ആളുകള്‍ പ്രകടനം നടത്തിയത്. ക്രൂശിതരൂപം ഉയര്‍ത്തിപിടിച്ചും കുഞ്ഞുങ്ങളെ തോളിലേറ്റിയും വിവിധ വര്‍ണ്ണങ്ങളിലുള്ള ബലൂണുകള്‍ കൈകളില്‍ പിടിച്ചുമായിരുന്നു റാലി നടത്തപ്പെട്ടത്. ദൈവത്തിന്റെ ദാനമായ ജീവിതത്തെ നശിപ്പിക്കുവാന്‍ ആര്‍ക്കും അവകാശമില്ലെന്നും ജീവിക്കുവാനും ജീവന്‍ നല്‍കുവാനുമുള്ള അവകാശം ഭരണാധികാരികള്‍ സംരക്ഷിച്ചു നല്‍കണമെന്നും റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
"ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടവര്‍ അവന്റെ സാക്ഷികളായി പുതിയ ജീവനെ കുറിച്ചാണു പ്രസംഗിച്ചത്. ഈ പുതിയ ജീവന്‍ സന്തോഷം നല്‍കുന്നതും ആശ്വാസം നല്‍കുന്നതും സ്‌നേഹം പകരുന്നതുമാണ്. നാം ഒരോരുത്തരും ഇതിനെ നല്‍കുവാനായാണു വിളിക്കപ്പെട്ടിരിക്കുന്നത്. ആശുപത്രിയിലും ജയിലുകളിലും വൃദ്ധമന്ദിരങ്ങളിലും ഈ സന്തോഷം എത്തിക്കുവാന്‍ നാം കടപെട്ടിരിക്കുന്നു. ജീവന്റെ വില അമൂല്യമാണ്". പരിശുദ്ധ പിതാവ് റാലിയില്‍ സംബന്ധിച്ചവരോടു പറഞ്ഞു.
ഇറ്റലിയിലെ പുതിയ നിയമങ്ങള്‍ പലതും ജീവന്റെ സംരക്ഷണത്തിനായുള്ളതല്ല. മറിച്ച് ജീവന്‍ നശിപ്പിക്കുന്നതിനും പ്രകൃതി വിരുദ്ധ ലൈംഗീകതയ്ക്ക് അംഗീകാരം നല്‍കുന്നതിനുമുള്ളതാണ്. ദയാവധം എന്ന കൊടിയ പാപത്തെ നിയമമാക്കുവാന്‍ ഭരണാധികാരികള്‍ സമ്മതിക്കരുതെന്നും റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെടുന്നു. ദയാവധം നിയമമാക്കുവാനുള്ള ബില്‍ പാര്‍ലമെന്റ് ഉടന്‍ പരിഗണിക്കുവാനിരിക്കുകയാണ്. സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കുവാനുള്ള നടപടികളും ശക്തമായി എതിര്‍ക്കപ്പെടണമെന്നും റാലിയില്‍ പങ്കെടുക്കുന്നവര്‍ ആവശ്യപ്പെടുന്നു.
കത്തോലിക്കാ സഭയുടെയോ പോഷക സംഘടനകളുടെയോ ആഹ്വാന പ്രകാരമല്ല ഇത്രയും ജനം ഇറ്റലിയില്‍ റാലിയില്‍ പങ്കെടുത്തതെന്ന കാര്യവും ശ്രദ്ധേയമാണ്. ജീവനെ തിന്മയുടെ ശക്തികള്‍ ഒരു ഭാഗത്ത് ഇല്ലാതാക്കുവാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ദൈവാത്മാവിനാല്‍ പ്രേരിതരായവര്‍ ഒത്തുകൂടുന്നുവെന്നതിന്റെ തെളിവുകൂടിയായി ഈ മനുഷ്യ മഹാസംഗമം.
