News
ഒറീസായില്‍ വീണ്ടും ക്രൈസ്തവര്‍ക്കു നേരെ ആക്രമണം;പാസ്റ്ററെ കഴുത്തറുത്തു കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍ 10-05-2016 - Tuesday
റൂര്‍ക്കല: നിരവധി ക്രൈസ്തവ പീഡനങ്ങളും കൊലപാതകങ്ങളും നടന്ന ഒഡീഷയില്‍ നിന്നും ഞെട്ടിപ്പിക്കുന്ന മറ്റൊരു കൊലപാതക വാര്‍ത്ത. സുവിശേഷപ്രവർത്തകനായ റവ: എബ്രഹാം ബിശ്വാസ് സുരിനെയാണു റൂര്‍ക്കലയ്ക്കു സമീപം കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജാര്‍ഖണ്ഡിലെ കുന്തിയില്‍ പ്രവര്‍ത്തിക്കുന്ന ഗോസ്‌നര്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭയിലെ പാസ്റ്ററായിരുന്നു എ.ബി. സുരിന്‍. റാഞ്ചിയില്‍ നടക്കേണ്ട ഒരു മീറ്റിംഗില്‍ പങ്കെടുക്കുവാനായി മെയ് അഞ്ചാം തീയതിയാണു പാസ്റ്റര്‍ വീട്ടില്‍ നിന്നും പോയത്.
ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണു സുരിന്‍ പാസ്റ്റര്‍. പിതാവായ ദൈവം ക്രിസ്തുവിലൂടെ എല്ലാ ജനതയ്ക്കും ഒരുക്കിയിരിക്കുന്ന രക്ഷയുടെ സന്ദേശം സുരിന്‍ ആളുകള്‍ക്കു പകര്‍ന്നു നല്‍കി. കൊലപാതക വാര്‍ത്ത അറിഞ്ഞ ക്രൈസ്തവ സമൂഹം ഞെട്ടലിലാണ്. "സുരിന്‍ പാസ്റ്ററുടെ കൊലപാതകം ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നില്ല. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്ന പാസ്റ്ററുടെ തലയിലും വയറ്റിലും വലിയ മുറിവുകള്‍ കാണപ്പെട്ടു. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തില്‍ ക്രിസ്തുവിന്റെ സമാധാനം വന്നു നിറയട്ടെ". ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് പ്രസിഡന്റ് സാജന്‍ കെ. ജോര്‍ജ് പ്രതികരിച്ചു.
പാസ്റ്ററുടെ കൂടെ സംഭവ ദിവസം സഞ്ചരിച്ചിരുന്ന അപരിചിതനായ വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇയാളെ തങ്ങള്‍ക്ക് അറിയില്ലെന്നാണു ബന്ധുക്കള്‍ പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. മൃതശരീരത്തിനു സമീപത്തു നിന്നും കൊലചെയ്യുവാന്‍ ഉപയോഗിച്ച കോടാലി കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സും മൊബൈല്‍ ഫോണും വാച്ചും ബാഗുകളുമെല്ലാം മൃതശരീരത്തിനു അടുത്തുതന്നെയായി കണ്ടെത്തി.
മോഷണ ശ്രമമല്ല കൊലയാളിയുടെ ഉദ്ദേശമെന്നു പോലീസ് കരുതുന്നു. ക്രിസ്തുവിലേക്കു കൂടുതല്‍ ആളുകള്‍ പല വിഭാഗങ്ങളില്‍ നിന്നും ആകര്‍ഷിക്കപ്പെടുന്നതിലുള്ള ദേഷ്യവും പകയും ആയിരിക്കാം പാസ്റ്ററുടെ കൊലപാതകത്തില്‍ കലാശിച്ചിരിക്കുന്നതെന്നാണു നിഗമനം. ഒറീസായില്‍ കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും നേരെ 2008-ല്‍ ശക്തമായ രീതിയിലുള്ള ആക്രമണം നടന്നിരുന്നു. പലദേവാലയങ്ങളും തല്ലിതകര്‍ത്ത അക്രമികള്‍ ആതുരാലയങ്ങളും നശിപ്പിച്ചിരുന്നു.
