Social Media

പ്രിയ സുഹൃത്തേ, നിന്റെ ജീവൻ വിലപ്പെട്ടതാണ്..!

ഫാ. ഫിലിപ്പ് നടുതോട്ടത്തില്‍ ഒസി‌ഡി 25-02-2022 - Friday

മനുഷ്യജീവിതം സുഖദുഃഖങ്ങൾ ഇടകലർന്നതാണ്. ഒരുവൻ കനൽ നിറഞ്ഞ തന്റെ ജീവിതവഴിയിൽ തളർന്നു "വീണു പോയാലും", ചങ്കൂറ്റത്തോടെ, ആർജ്ജവത്തോടെ, എഴുന്നേറ്റുനിന്ന് പറയണം "ഭാഗ്യം ആരും കണ്ടില്ല" എന്ന്. അതേ സുഹൃത്തേ, പാഴാക്കി കളയാനുള്ളതല്ല നിന്റെ ജന്മം! മനുഷ്യജന്മം എത്രയോ വിലപ്പെട്ടത്. അതു നശിപ്പിക്കാൻ ആർക്കും അർഹതയില്ല. പിന്നെ എന്തുകൊണ്ടാണ് പലരും തന്റെ ജീവന് അധികം വിലകൽപ്പിക്കാതെ, ആത്മഹത്യ ചെയ്യുന്നത്? "ഒരുവന്റെ ആത്മാവ് ദുഃഖപൂർണമായാൽ, അവന്റെ ജീവൻ പാതാളത്തിന്റെ വക്കിൽ എത്തും"(സങ്കീ 88:3).

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ് പുതിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. 2019 സെപ്റ്റംബറിൽ സുശാന്ത് ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റ് ഇപ്പോൾ ചർച്ചയാവുകയാണ്. ആ പോസ്റ്റിന്റെ ഉള്ളടക്കം അവന്റെ സ്വപ്നങ്ങളെക്കുറിച്ച് ആയിരുന്നു. ഒരു ചാമ്പ്യന്റെ ഒപ്പം ചെസ്സ് കളിക്കുക, ആദ്യ പുസ്തകം എഴുതുക, യൂറോപ്പിലൂടെ ട്രെയിൻ യാത്ര നടത്തുക, ആയിരം വൃക്ഷത്തൈകൾ നടുക, ലംബോർഗിനി കാർ വാങ്ങുക എന്നിങ്ങനെ 50 സ്വപ്നങ്ങളായിരുന്നു അവൻ പങ്കുവെച്ചത്.

അതായത് ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്ന ഒരുവൻ, നൃത്തത്തെ ആത്മാർത്ഥമായി പ്രണയിച്ചവൻ, സിനിമയിൽ തന്റേതായ കൈയൊപ്പ് ചാർത്തിയവൻ, ഭാവിവാഗ്ദാനം എന്ന് ചലച്ചിത്ര നിരൂപകന്മാർ വാഴ്ത്തിയവൻ, ഒത്തിരി ആരാധകരെ സമ്പാദിച്ചവൻ..! എന്നിട്ടും, എന്തിനാണ് മുപ്പത്തിനാലാമത്തെ വയസ്സിൽ, മുംബൈയിലെ സ്വവസതിയിൽ സുശാന്ത് തൂങ്ങിമരിച്ചത്?

2019-ൽ സുശാന്ത് അഭിനയിക്കാൻ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രോജക്ടുകൾ മുടങ്ങി പോയതോ, പ്രണയനൈരാശ്യമോ? അല്ല, നാളുകളായി വിഷാദരോഗത്തിന് മരുന്നു കഴിച്ചിരുന്നു എന്ന് കണ്ടെത്തിയതോടെ, കടുത്ത വിഷാദം ആണ് അവനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക റിപ്പോർട്ട്.

ഡിപ്രഷൻ അഥവാ വിഷാദരോഗം ഇന്ന് പുതുതലമുറയെ ഒത്തിരി ബാധിക്കുന്ന യാഥാർത്ഥ്യമാണ്. വിഷാദരോഗവും ആത്മഹത്യാപ്രവണതയും തമ്മിൽ ശക്തമായ ബന്ധമുണ്ട്. ഇനിയുള്ള കാലത്ത് ലോകത്തിന് ബാദ്ധ്യതയാകുന്ന 'ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യ ഭീഷണിയായി' കണക്കാക്കപ്പെടുന്നത് വിഷാദരോഗം ആണ്. ജീവിതത്തിൽ മുന്നോട്ട് പ്രതീക്ഷയില്ല, എല്ലാം അസ്തമിച്ചു, തന്നെ മനസ്സിലാക്കാനോ സഹായിക്കാനോ ആരും ഇല്ല, ഇനി ജീവിച്ചിട്ടു കാര്യമില്ല, തുടങ്ങിയ ചിന്തകൾ ആണ്. ഒരു വ്യക്തിയെ വിഷാദത്തിലേക്ക് തള്ളിവിടുന്നത്. "നാല്പതു സെക്കൻഡിൽ ഒരു ആത്മഹത്യ" നടക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ വിവരിക്കുന്നത്! ദൈവമേ എന്തൊരു ഭയാനകം.!!

ഈ കൊറോണ കാലത്ത് ജീവൻ നിലനിർത്താനായി കുറേ മനുഷ്യർ പാടുപെടുമ്പോൾ, ചിലർ ക്യാൻസർ ബാധിച്ചിട്ടും പിന്നെയും വേദനാജനകമായ കീമോതെറാപ്പി ചെയ്തു ജീവിക്കാൻ കൊതിക്കുമ്പോൾ, മറ്റുചിലർ അംഗവൈകല്യം ബാധിച്ചിട്ടും തളരാതെ നടക്കാൻ പരിശ്രമിക്കുമ്പോൾ, ചുരുക്കം ചിലർ സകല സമൃദ്ധിയും, സമ്പത്തും, ഐശ്വര്യവും ഉണ്ടായിട്ടും നിരാശപ്പെട്ട് ആത്മഹത്യചെയ്യാൻ തീരുമാനിക്കുന്നു..!

സത്യത്തിൽ, ഒരു മനുഷ്യന്റെ നിരാശയ്ക്ക്, ഡിപ്രഷന്, വിഷാദരോഗത്തിന്,.. ഒക്കെ കാരണം അവനു മനസ്സ് തുറന്നു സംസാരിക്കാനായിട്ട് കൂടെ ഒരു "നല്ല സുഹൃത്ത്" ഇല്ലാതെ പോയി എന്നതാണ്! ഒരുപക്ഷേ അത് മാതാപിതാക്കളാവാം, കൂടെപ്പിറപ്പുകളാവാം, കൂട്ടുകാരാവാം, ആത്‌മീയഗുരുക്കളാവാം. നമ്മളെ മനസ്സിലാക്കുന്ന, ആശ്വസിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, വ്യക്തികൾ കൂടെയുള്ളത് ഒരു ബലമാണ്. ആരാണ് പ്രോത്സാഹനം ആഗ്രഹിക്കാത്തത്!! "നീ എന്റെ പ്രിയ പുത്രൻ ആകുന്നു, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" എന്ന ദൈവ പിതാവിന്റെ ബലപ്പെടുത്തുന്ന വാക്കുകളായിരുന്നു യേശുക്രിസ്തുവിനു പോലും തന്റെ "പരസ്യ ജീവിതം തുടങ്ങുവാൻ" ആയിട്ട് കരുത്തു നൽകിയത്!

ഈ ആധുനിക കാലത്ത്, കുട്ടികളും മുതിർന്നവരും, സമ്പന്നനും പാവപ്പെട്ടവനും, വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും, ഒരുപോലെ നേരിടുന്ന ഒരു പ്രതിസന്ധിയാണ് 'പ്രതീക്ഷകൾ നഷ്ടപ്പെട്ട്, നിരാശയ്ക്ക് അടിമപ്പെടുക' എന്നത്. തന്റെ ജീവിതം വിലയില്ലാത്തതാണ് എന്ന് ഒരു വ്യക്തി ചിന്തിച്ചു തുടങ്ങുന്നതാണ് അവന്റെ നാശത്തിനു കാരണം. എന്നാൽ വിശുദ്ധഗ്രന്ഥം ഓർമപ്പെടുത്തുന്നു "കർത്താവിന് ഒരിക്കലും തെറ്റു പറ്റുകയില്ല", "മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുൻപേ, നിന്നെ ഞാൻ അറിഞ്ഞു."(ജറെമിയ 1:5) "ദൈവത്തിന് എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട്, നാശത്തിനല്ല, ക്ഷേമത്തിനുള്ളതാണ്"(ജെറമിയ 29:11)

"ദൈവമറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല" എന്നാ അടിയുറച്ച വിശ്വാസമായിരുന്നു വിശുദ്ധ ഗ്രന്ഥത്തിൽ നാം കാണുന്ന പൂർവ്വപിതാവ് ജോസഫിന്റെ ജീവിതവിജയത്തിന്റെ കാരണം. ഒരുമിച്ച് കളിച്ചു ജീവിച്ച കൂടപ്പിറപ്പുകളാൽ പൊട്ട കിണറ്റിലേക്ക് വലിച്ചെറിയപ്പെടുന്ന ദുരവസ്ഥ, തുച്ഛമായ വെള്ളി നാണയത്തിന്റെ വിലയിൽ അടിമത്തത്തിലേക്ക് എത്തിപ്പെടുന്ന അവസ്ഥ, ചെയ്യാത്ത തെറ്റിന് ജയിൽശിക്ഷ..അങ്ങനെ സഹനങ്ങളുടെ, കണ്ണുനീരിന്റെ, തകർച്ചകളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു അവനു പറയാൻ. ഒരുപക്ഷേ ജോസഫിന്റെ സ്ഥാനത്തു, വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ പലയാവർത്തി ആത്മഹത്യ ചെയ്തേനെ..! "ഹൃദയംഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്."(സങ്കീ 34:18)എന്ന് അവൻ തിരിച്ചറിഞ്ഞു ദൈവത്തിൽ വിശ്വസിച്ചു, അത് അവന് നീതിയായി ഭവിച്ചു.

സത്യത്തിൽ, ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിലും അതിൽ തന്നെ പരിഹാരവുമുണ്ട്, അതു തിരിച്ചറിഞ്ഞ് മനോധൈര്യവും, ആത്മവിശ്വാസവും വീണ്ടെടുക്കണം, ഒപ്പം ഏതു പ്രതികൂല സാഹചര്യങ്ങളിലും ദൈവാശ്രയവും, ദൈവവിശ്വാസവും ചേർത്തു വയ്ക്കണം. തെറ്റു പറ്റിയതിൽ മനോനില തെറ്റി ആത്മഹത്യചെയ്ത യൂദാസിനെ വിസ്മരിക്കരുത്! പലയാവർത്തി തള്ളിപ്പറഞ്ഞിട്ടും, കാലുപിടിച്ച് ക്ഷമ ചോദിച്ചപ്പോൾ, പത്രോസിനെ ക്രിസ്തു തന്റെ സഭയുടെ തലവൻ ആക്കിയത് മറക്കരുത്!

അല്ലയോ സുഹൃത്തേ, "ഒരിക്കൽ നീ മരിക്കും പിന്നെ എന്തിനാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച്, "നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുന്നത്?" "വീട്ടുകാർക്ക് വേദനയായി മാറുന്നത്?" പ്രതിസന്ധികളിൽ പതറാതെ ജീവിക്കുന്നവരുടെ നാടാണിത്.!! മരിക്കാൻ എളുപ്പമാണ്, ജീവിക്കാനാണ് ബുദ്ധിമുട്ട്. അതുകൊണ്ട് ചങ്കൂറ്റത്തോടെ ജീവിച്ചു കാണിക്കുക, നിന്റെ ജീവൻ വിലപ്പെട്ടതാണ്!

ഫാ. ഫിലിപ്പ് നടുതോട്ടത്തില്‍ ഒസി‌ഡി ‍

#Repost


Related Articles »