Youth Zone
എംബിബിഎസും ഹൗസ് സര്‍ജന്‍സിയും പൂര്‍ത്തിയാക്കിയ ശേഷം സന്യാസത്തെ പുല്‍കി ഡോ. ഡീന
പ്രവാചക ശബ്ദം 19-06-2020 - Friday
സന്യാസ ജീവിതത്തിനും സന്യാസിനികള്‍ക്കും എതിരെയുള്ള കുപ്രചരണങ്ങളും അപവാദങ്ങളും വ്യാപകമായി പ്രചരിക്കുമ്പോഴും അവയെല്ലാം അതിജീവിക്കുന്ന വിശ്വാസ തീക്ഷ്ണതയോടെയാണ് സന്യാസത്തിലേക്ക് യുവ സമൂഹം ഇന്നാളുകളില്‍ കടന്നുവരുന്നത്. അതിന് ഏറ്റവും വലിയ തെളിവാണ് സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് സന്യാസിനി സമൂഹത്തിലെ സന്യാസാര്‍ത്ഥിനി ഡീന അന്ന ജേക്കബ്. കേവലം പ്ലസ് ടുവിന് ശേഷമല്ല, എംബിബിഎസും ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞതിന് ശേഷമാണ് ഡീന ജേക്കബ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ക്രിസ്തീയ വിശ്വാസങ്ങള്‍ക്ക് ഏറെ മൂല്യങ്ങള്‍ നല്‍കുന്ന കൂടുബത്തില്‍ നിന്നാണ് എസ്ഡി സന്യാസിനി സഭയിലേക്കുള്ള ഡീനയുടെ കടന്നു വരവ്.
പാലക്കാട് രൂപതയിലെ ചന്ദ്രനഗര്‍ ഇടവകയിലെ നല്‍പുരപറമ്പില്‍ ജേക്കബ് ജോമോള്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമത്തവളാണ് ഡീന. കര്‍ണാടകയിലെ റായ്ച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ കോളേജില്‍ നിന്നായിരിന്നു എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. എന്നാല്‍ സന്യാസ ജീവിതത്തിനായുള്ള ആഗ്രഹം അവളുടെ മനസില്‍ നേരത്തെ തന്നെ നാമ്പിട്ടിരിന്നു. സിസ്റ്ററാകണമെന്ന ആഗ്രഹം മാതാപിതാക്കളെ അറിയിച്ചപ്പോള്‍ ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് അവര്‍ ആദ്യം ശ്രമിച്ചത്. പക്ഷേ താന്‍ തീരുമാനത്തില്‍ ഉറച്ച് നിന്നപ്പോള്‍ തനിക്ക് അവര്‍ പൂര്‍ണ പിന്തുണ നല്‍കുവാന്‍ തയാറാകുകയായിരിന്നുവെന്നു ഡീന പറയുന്നു.
സന്യാസ വൈദീക ജീവിതം വെല്ലുവിളിയിലൂടെയും പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്ന് പോകുമ്പോള്‍ ഡീനയുടെ ദൈവവിളി അനുഭവം യുവജനങ്ങള്‍ക്ക് നല്‍കുന്ന പ്രചോദനം ചെറുതല്ലായെന്ന് നിസംശയം പറയാം. അഗതികളുടെ സന്യാസിനി സഭയില്‍ രണ്ടാം വര്‍ഷ നൊവിഷ്യേറ്റ് പഠനത്തിലാണ് ഡീന ഇപ്പോള്‍. അടുത്ത വര്‍ഷം പ്രഥമ വ്രതവാഗ്ദാനം നടത്തും. പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയും ദൈവം നല്‍കിയ ഉന്നത പദവികള്‍ വിട്ടെറിഞ്ഞ ആഫ്രിക്കയിലെ ആല്‍ബര്‍ട്ട് ഷൈറ്റ്‌സറുടെ ജീവിതവും സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് തനിക്ക് പ്രചോദനമേകിയിരുന്നെന്നും ഡീന പറയുന്നു. പൊതുസമൂഹത്തിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടികാട്ടി സന്യാസത്തെയും സന്യാസ ജീവിതത്തിലേക്ക് കടന്ന് വരുവാനിരിക്കുന്നവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് 'ഡോ. ഡീന'യുടെ ദൈവവിളി അനുഭവം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക