India - 2024

ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ ഗവേഷണ പഠനഗ്രന്ഥം പ്രകാശനം ചെയ്തു

പ്രവാചക ശബ്ദം 04-07-2020 - Saturday

കാക്കനാട്: ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ പഠനപരമ്പരയിലെ 32-ാമത്തെ ഗവേഷണ പഠനഗ്രന്ഥമായ 'ദി ആക്സ് ഓഫ് ജൂഡാസ് തോമസ് ഇന്‍ കോണ്‍ടെക്സ്റ്റ്', മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ സഭാദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ലളിതമായ ചടങ്ങിലാണ് പുസ്തക പ്രകാശനകര്‍മ്മം നടന്നത്. ജസ്റ്റിസ് അബ്രാഹം മാത്യു ആദ്യപ്രതി സ്വീകരിച്ചു. മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രപഠനത്തിന് ഈ ഗ്രന്ഥം ഒരു മുതല്‍ക്കൂട്ടാകുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പ്രത്യാശ പ്രകടിപ്പിച്ചു.

ക്രിസ്തു ശിഷ്യനായ തോമാശ്ലീഹായുടെ ഭാരത സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ധാരാളം പരാമര്‍ശങ്ങളുള്ള, മൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പട്ട ഗ്രന്ഥമാണ് 'ആക്സ് ഓഫ് ജൂഡാസ് തോമസ്'. പ്രസ്തുത ഗ്രന്ഥത്തെ അധികരിച്ച് സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ 2019 ജനുവരി 22 മുതല്‍ 24 വരെ സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ ഡയറക്ടറായ റവ. ഡോ. ജോജി കല്ലിങ്ങല്‍, പാരീസില്‍ നിന്നുള്ള പ്രൊഫസര്‍ മാക്സിം കെ. യെവാദിയന്‍ എന്നിവരാണ് എഡിറ്റിങ് നിര്‍വ്വഹിച്ചിട്ടുള്ളത്. ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററില്‍ പ്രസ്തുത ഗ്രന്ഥത്തിന്‍റെ കോപ്പികള്‍ ലഭ്യമാണ്.


Related Articles »