India - 2024
ദൈവസ്‌നേഹം പങ്കുവയ്ക്കുമ്പോള്‍ സാഹോദര്യവും ഐക്യവും വളരും: മാര്‍ മാത്യു മൂലക്കാട്ട്
06-07-2020 - Monday
കോട്ടയം: ദൈവസ്‌നേഹം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തില്‍ സാഹോദര്യവും ഐക്യവും വളരുമെന്നും വ്യക്തിപരവും സഭാപരവുമായ കൂട്ടായ്മയുടെ വളര്‍ച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമാകുന്നതെന്നും കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയില്‍ അന്ത്യോഖ്യന്‍ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വര്‍ഷാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ മാത്യു മൂലക്കാട്ട്.
ശതാബ്ദി വര്‍ഷ ലോഗോയുടെ പ്രകാശനകര്‍മവും ആര്‍ച്ച് ബിഷപ്പ് നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ മലങ്കര റീത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. കൂട്ടായ്മയിലുള്ള വളര്‍ച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമായതെന്നും വചനസന്ദേശത്തില്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പറഞ്ഞു.
കോട്ടയം അതിരൂപതയുടെ മലങ്കര റീജണ്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍, അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വൈദിക പ്രതിനിധികള്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കബറിടത്തില്‍ ധൂപപ്രാര്‍ഥന നടത്തി. അതിരൂപതയിലെ അല്‍മായ സംഘടനകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും പ്രതിനിധികളും പാസ്റ്ററല്‍ കൗണ്സി ല്‍ പ്രതിനിധികളും മലങ്കര ഇടവകകളിലെ പ്രതിനിധികളും ശുശ്രൂഷകളില്‍ പങ്കെടുത്തു.