News - 2024
ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ സിറിയ: സഹായ അഭ്യര്‍ത്ഥനയുമായി ഡമാസ്കസ് ആശ്രമം
പ്രവാചക ശബ്ദം 08-07-2020 - Wednesday
ഡമാസ്കസ്: കഴിഞ്ഞ പത്തു വർഷങ്ങളായി തുടരുന്ന യുദ്ധവും കൊറോണാ വൈറസ് വിതയ്ക്കുന്ന ഭീകരതയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സിറിയയെ കൊണ്ടെത്തിക്കുകയാണെന്ന് ഡമാസ്കസിലെ ബാബ് തൗമാ ആശ്രമത്തിന്റെ രക്ഷാധികാരി ഫാ. ബാജത് കരാകാഹ്. ദുഷ്‌കരമായ സാഹചര്യത്തിൽ സഭയെന്ന നിലയിൽ തങ്ങൾ ജനങ്ങളോടു അടുക്കാൻ ശ്രമിക്കുന്നുവെന്നും, എന്നാൽ പിന്തുണയില്ലാതെ തങ്ങളുടെ ദൗത്യം തുടരാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ ആറാം തിയതി ഓണ്‍ലൈന്‍ പോർട്ടലിലൂടെയാണ് അദ്ദേഹം രാജ്യത്തെ നിസഹയാവസ്ഥ വെളിപ്പെടുത്തിയത്.
സിറിയൻ ലിറയുടെ മൂല്യം നഷ്ടപ്പെടുകയും വില മൂന്നിരട്ടിയിലധികമായി വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, പ്രാദേശിക ജനതയ്ക്കു സാധാരണ നിലയിലേക്കുള്ള തിരിച്ചു വരവും, ഭക്ഷണവും, അവശ്യവസ്തുക്കളും വാങ്ങുന്നതിലും ഏറെ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രണ്ട് കിലോ മാംസം വാങ്ങാൻ ഒരു കുടുംബത്തിലെ പിതാവ് ഒരു മാസം മുഴുവൻ ജോലിചെയ്യേണ്ടി വരുന്നു.
ഒരു കുട്ടിക്ക് സ്കൂൾ ഫീസ് അടയ്ക്കാൻ ഒരു വർഷം മുഴുവൻ അദ്ധ്വാനിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഭവനങ്ങളില്‍ നടത്തിയ സന്ദർശനത്തിൽ ഭക്ഷണം കഴിക്കാൻ യാതൊന്നുമില്ലാത്ത സാധാരണക്കാരെ കണ്ടെത്തിയെന്നും ബുദ്ധിമുട്ടിലായിരിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ അനേകരുടെ പിന്തുണ വേണമാണെന്നും ഫാ. ബാജത് കരാകാഹ് അഭ്യർത്ഥിച്ചു.