Life In Christ
നീണ്ട പോരാട്ടത്തിനൊടുവില്‍ ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി പൂവർ സന്യാസിനി സമൂഹത്തിന് സുപ്രീം കോടതിയില്‍ വിജയം
പ്രവാചക ശബ്ദം 09-07-2020 - Thursday
വാഷിംഗ്ടണ്‍ ഡി.സി: വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 'ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി പൂവർ' സന്യാസിനി സമൂഹത്തിന് സുപ്രീം കോടതിയിൽ നിന്നും നീതി ലഭിച്ചു. ആരോഗ്യ പദ്ധതിയുടെ ഭാഗമായി തൊഴിൽ ദാതാവ് ഗർഭനിരോധന ഉപാധികൾ ജോലിക്കാർക്ക് സൗജന്യമായി അനുവദിച്ചു നൽകണമെന്ന നിയമത്തിൽനിന്ന് സന്യാസി സമൂഹത്തെ ഒഴിവാക്കിക്കൊണ്ട് അമേരിക്കൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പെൻസിൽവാനിയ, കാലിഫോർണിയ സംസ്ഥാനങ്ങൾ നൽകിയ കേസിലാണ് സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാര്‍ ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി പൂവർ സന്യാസിനി സമൂഹത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. കോടതിയിലെ രണ്ട് അംഗങ്ങൾ ഭൂരിപക്ഷ വിധിയെ എതിർത്തു.
2011-ല്‍ ഒബാമ പ്രസിഡന്റ് ആയിരുന്ന സമയത്താണ് അഫോർഡബിൾ കെയർ ആക്ട് എന്ന പേരിൽ മതസ്വാതന്ത്ര്യത്തിന് തുരങ്കം വച്ച് ആരോഗ്യപദ്ധതി നടപ്പിലായത്. പദ്ധതിയെ എതിർത്തിരുന്ന സന്യാസിനി സമൂഹങ്ങൾക്കും, മറ്റു ചില മത പ്രസ്ഥാനങ്ങൾക്കും 'ഇളവ്' നൽകാമെന്ന് ഒബാമ ഭരണകൂടം പറഞ്ഞിരുന്നെങ്കിലും, പുതിയനിയമം തങ്ങളെയും ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സന്യാസിനികൾ കോടതിയെ സമീപിക്കുകയായിരുന്നു. നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു ശേഷമാണ് പൂർണ്ണമായും സന്യാസിനി സമൂഹങ്ങളെയും, മറ്റ് ചില പ്രസ്ഥാനങ്ങളെയും നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത്.
എന്നാൽ ഗർഭനിരോധന ഉപാധികൾ നൽകുന്ന ബാധ്യത സംസ്ഥാനങ്ങളുടെ മേലാകുമെന്ന് ചൂണ്ടിക്കാട്ടി പെൻസിൽവാനിയ, കാലിഫോർണിയ സംസ്ഥാനങ്ങൾ വീണ്ടും പ്രശ്നം ഉയർത്തി കൊണ്ടുവന്നു. ജനുവരി മാസം സുപ്രീംകോടതിയിൽ കേസ് എത്തുന്നത്. കൊറോണ വൈറസ് മൂലം ഏപ്രിൽ മാസം ഫോണിലൂടെ വാദം കേട്ടതിനു ശേഷമാണ് സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 'മതസ്വാതന്ത്ര്യത്തിന്റെ വിജയം' എന്നാണ് കത്തോലിക്ക നേതൃത്വവും, സന്യാസികളെ പിന്തുണച്ച മറ്റു പ്രസ്ഥാനങ്ങളും വിധിയെ വിശേഷിപ്പിച്ചത്.
വിശ്വാസത്തെ ഹനിക്കാതെ പ്രായമായവരെ ശുശ്രൂഷിക്കാൻ വേണ്ടിയുളള തങ്ങളുടെ സ്വാതന്ത്ര്യത്തെ സുപ്രീംകോടതി വീണ്ടും പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്ന് സന്യാസിനി സമൂഹത്തിലെ മദർ ലോറൈൻ മേരി മഗൂരി പറഞ്ഞു.
വൃദ്ധരായവരെ പരിചരിക്കുന്നതാണ് തങ്ങളുടെ ജീവിത നിയോഗമെന്നും, അതിലാണ് തങ്ങൾ ആനന്ദം കണ്ടെത്തുന്നതെന്നും മദർ ലോറൈൻ കൂട്ടിച്ചേർത്തു. സന്യാസിനികൾക്കു വേണ്ടി നിയമ പോരാട്ടം നടത്താൻ മുമ്പിൽ ഉണ്ടായിരുന്ന ബെക്കറ്റ് ഫണ്ടും വിധിയെ സ്വാഗതം ചെയ്തു. ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് പൂവര്‍ അടക്കമുള്ള കോണ്‍ഗ്രിഗേഷനുകള്‍ക്ക് എതിരെ രാജ്യത്ത് നടപ്പാക്കിയ ചില നിയമങ്ങള്‍ താന്‍ അധികാരത്തില്‍ എത്തിയാല്‍ എടുത്തു മാറ്റുമെന്നുമെന്ന് തെരെഞ്ഞെടുപ്പിന് മുന്‍പ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വാഗ്ദാനം ചെയ്തിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക