News - 2024

ജെറുസലേമിലെ തിരുക്കല്ലറ ദേവാലയം വീണ്ടും അടച്ചു

പ്രവാചക ശബ്ദം 13-07-2020 - Monday

ജെറുസലേം: കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് യേശുവിനെ അടക്കം ചെയ്ത കല്ലറ സ്ഥിതി ചെയ്യുന്ന ഹോളി സെപ്പൽച്ചർ ദേവാലയം വെള്ളിയാഴ്ച വീണ്ടും അടച്ചുപൂട്ടി. ഇതേ ദിവസം 331 പാലസ്തീനികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിന്നു. രോഗം പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് വെള്ളിയാഴ്ച രാവിലെ പള്ളി അടച്ചതെന്ന് പലസ്തീൻ വാർത്താ ഏജൻസിയായ ഡബ്ല്യു‌എ‌എഫ്‌എ വ്യക്തമാക്കി. ദേവാലയം വീണ്ടും തുറക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല. രോഗബാധയെ തുടര്‍ന്നു രണ്ട് മാസത്തേക്ക് അടച്ചിട്ടിരിന്ന ദേവാലയം ഏതാനും ആഴ്ചകൾക്ക് മുന്‍പാണ് ഉപാധികളോടെ തുറന്നിരിന്നത്.

യേശുവിനെ അടക്കം ചെയ്തിരിന്ന കല്ലറ നിലനിന്നിരിന്ന പുരാതന റോമന്‍ നിര്‍മ്മിതിയുടെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് തിരുകല്ലറ ദേവാലയം പണികഴിപ്പിച്ചത്. ഏഴാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ ആക്രമണത്തിലും, 1003-ലെ ഫാറ്റിമിഡ്സ് ആക്രമണത്തിലും ഭാഗികമായി നശിപ്പിക്കപ്പെട്ട ദേവാലയം പതിനൊന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ പുനര്‍നിര്‍മ്മിക്കുകയായിരിന്നു. ദശലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് വര്‍ഷംതോറും ഈ പുണ്യ ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്. റോമന്‍ കത്തോലിക്ക, ഗ്രീക്ക് ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍, തുടങ്ങിയ ക്രിസ്ത്യന്‍ സഭകളാണ് ദേവാലയത്തിന്റെ നടത്തിപ്പ് നിര്‍വ്വഹിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »