Arts

തിരുക്കല്ലറ ദേവാലയത്തിന്റെ ചുമര്‍ ചിത്രങ്ങൾക്ക് പുനർജീവൻ: അഭിമാനത്തോടെ സാരിഫോപൗലോസ്

പ്രവാചകശബ്ദം 12-04-2023 - Wednesday

ജെറുസലേം: ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തിന്റെ ചുമരിലെ കാലപ്പഴക്കം മൂലം കേടുപാടുകൾ സംഭവിച്ചു തുടങ്ങിയ ചിത്രങ്ങൾക്ക് വീണ്ടും ജീവൻ നൽകാൻ സാധിച്ചതിലുളള ചാരിതാർത്ഥ്യത്തിലാണ് സാരിഫിസ് സാരിഫോപൗലോസ് എന്ന ഗ്രീസിലെ തെസലോനിക്ക സ്വദേശിയായ ചിത്രകാരൻ. കോവിഡ് വ്യാപനം ആരംഭിച്ച സമയത്താണ് ചിത്രങ്ങൾ മിനുക്കാനുള്ള നിയോഗം അദ്ദേഹത്തിന് ലഭിക്കുന്നത്. ഏകദേശം ഇരുപതോളം ചിത്രങ്ങൾ മിനുക്കിയെടുക്കാൻ സാരിഫിസിന് സാധിച്ചു. ഇതിൽ തിരുകല്ലറയുടെ മുകളിലെ ചുവരിൽ സ്ഥിതി ചെയ്യുന്ന ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലുള്ള ചിത്രവും, ഫ്രാൻസിസ്കൻ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള ചിത്രവും, അർമേനിയൻ സഭയുടെ ഉടമസ്ഥതയിലുള്ള ചിത്രവും ഉൾപ്പെടുന്നുണ്ട്.

ഗ്രീസ്, ജോർദാൻ, വിശുദ്ധനാട് എന്നിവിടങ്ങളിലെ നൂറ്റിപതിനഞ്ചോളം ദേവാലയങ്ങളിൽ സാരിഫിസ് ചിത്രകലയിലെ തന്റെ കഴിവ് വിനിയോഗിച്ചിട്ടുണ്ട്. ആ നിമിഷങ്ങൾ ഒരു കവിയാണെങ്കിൽ പോലും വാക്കുകളിൽ വിവരിക്കാൻ സാധിക്കില്ലായെന്നാണ് മൂന്നുവർഷങ്ങൾക്ക് ശേഷം തന്റെ അനുഭവത്തെ പറ്റി ചോദിക്കുമ്പോൾ സാരിഫിസ് സാരിഫോപൗലോസിന് പറയാനുള്ളത്. ഒരു ദിവസം അഞ്ചു മണിക്കൂർ തിരുക്കല്ലറ ദേവാലയത്തിൽ ജോലി ചെയ്യുമായിരുന്നുവെന്നും, എന്നാൽ സമയം പോകുന്നത് അറിഞ്ഞിട്ടെയില്ലെന്നും ഒ എസ് വി ന്യൂസിന് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അവിടെ പ്രാർത്ഥനയ്ക്ക് എത്തുന്ന വൈദികർക്ക് ഉണ്ടാകുന്ന അനുഭവത്തെ പറ്റി ചിന്തിക്കുമായിരുന്നു. കോവിഡ് മൂലം തീർത്ഥാടകർക്ക് വിലക്ക് ഉണ്ടായിരുന്നതിനാൽ, വൈദികരുടെ സാന്നിധ്യത്തിൽ നിശബ്ദതയിൽ ജോലി ചെയ്യാൻ സാധിച്ചു. സാധാരണയായി ചിത്രങ്ങളിൽ 200 വർഷങ്ങൾ കൂടുമ്പോൾ മിനുക്ക് പണി നടത്താറുണ്ടെന്നും ഇത്തവണ ഭാഗ്യം തനിക്കായിരിന്നുവെന്നും താൻ ഭാഗ്യവാനും, അനുഗ്രഹിക്കപ്പെട്ടവനുമാണെന്നും അദ്ദേഹം പറയുന്നു.

ഇനി അടുത്ത 200 വർഷങ്ങൾ പിന്നിടുമ്പോൾ അത് മറ്റാരെങ്കിലും ആയിരിക്കും. ചിത്രങ്ങളെ ഹൃദയംകൊണ്ട് ഉൾക്കൊള്ളാൻ താൻ ചിത്രങ്ങൾക്ക് പുനർജീവൻ നൽകിയ ദേവാലയങ്ങളിലേക്ക് തീർത്ഥാടകർ എത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. 1852ൽ രൂപം നൽകിയ കരാർ പ്രകാരം തിരുക്കല്ലറ ദേവാലയത്തിന്റെ പ്രധാന ഉടമസ്ഥാവകാശം കത്തോലിക്ക സഭയ്ക്കും, ഗ്രീക്ക് ഓർത്തഡോക്സ് സഭയ്ക്കും, അർമേനിയൻ സഭയ്ക്കുമാണ്.


Related Articles »