Faith And Reason

സഹസന്യാസിനി ഛര്‍ദിച്ച ദിവ്യകാരുണ്യം സ്വീകരിച്ചു: സെര്‍വിക്കല്‍ സ്‌പോണ്ടുലോസിസില്‍ നിന്ന് അത്ഭുതസൗഖ്യം പ്രാപിച്ച് സിസ്റ്റര്‍ മാരിസ്

പ്രവാചക ശബ്ദം 17-07-2020 - Friday

മലമ്പുഴ: സഹസന്യാസിനി ഛര്‍ദിച്ച ദിവ്യകാരുണ്യം ആദരവോടെ സ്വീകരിച്ച ഹോളി ഫാമിലി സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീക്ക് ഉണ്ടായ അത്ഭുത രോഗസൌഖ്യം ചര്‍ച്ചയാകുന്നു. മൂന്നു വര്‍ഷമായി സെര്‍വിക്കല്‍ സ്‌പോണ്ടുലോസിസ് രോഗം മൂലം ഏറെ കഷ്ട്ടപ്പെട്ടിരിന്ന മലമ്പുഴ ഹോളി ഫാമിലി സമൂഹത്തിലെ സിസ്റ്റര്‍ മാരിസ് ആന്റോയ്ക്കാണ് അതിശയകരമായ ദിവ്യകാരുണ്യ ഭക്തിയിലൂടെ അത്ഭുതസൌഖ്യം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി മാസം നടന്ന സംഭവം 'ഷെക്കെയ്ന' ടെലിവിഷന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിഷയം നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി സിസ്റ്റര്‍ മാരിസ് ആന്റോ സെര്‍വിക്കല്‍ സ്‌പോണ്ടുലോസിസ് അസുഖം ഉയര്‍ത്തിയ കടുത്ത വെല്ലുവിളികള്‍ കൊണ്ട് കഷ്ട്ടപ്പെടുകയായിരിന്നു. കടുത്ത വേദനയെ തുടര്‍ന്നു കഴുത്ത് നിവര്‍ത്തി നടക്കാന്‍ പോലും സിസ്റ്ററിന് കഴിയുമായിരിന്നില്ല. ജീവിതകാലം മുഴുവന്‍ മരുന്നുകള്‍ തുടരണമെന്നും സെര്‍വിക്കല്‍ കോളര്‍ ഉപയോഗിക്കണമെന്നും കഴുത്തിന് തുടര്‍ച്ചയായി എക്സര്‍സൈസ് ചെയ്യേണ്ടി വരുമെന്നും ഓര്‍ത്തോപീഡിക് സര്‍ജ്ജനും ന്യൂറോ സര്‍ജ്ജനും ഒരുപോലെ നിര്‍ദ്ദേശിച്ചിരിന്നു. ഇതിന്റെ ഭാഗമായുള്ള ചികിത്സകള്‍ തുടരുന്നതിനിടെയാണ് അത്ഭുതകരമായ സംഭവം നടന്നത്.

കാന്‍സര്‍ രോഗം മൂര്‍ച്ഛിച്ച സഹസന്യാസിനിയായ സിസ്റ്റര്‍ ബെനീഷ്യയ്ക്ക് രോഗിലേപനത്തോടൊപ്പം വിശുദ്ധ കുര്‍ബാന നല്‍കുവാന്‍ വൈദികന്‍ മഠത്തിലേക്ക് കടന്നു ചെല്ലുകയായിരിന്നു. വൈദികന്‍ വിശുദ്ധ കുര്‍ബാന നല്‍കുവാന്‍ ശ്രമിച്ചെങ്കിലും സിസ്റ്റര്‍ ബെനീഷ്യയ്ക്ക് സ്വീകരിക്കുവാന്‍ കഴിയുന്നില്ലായിരിന്നു. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയ്ക്കു പിന്നാലെ വെള്ളവും നല്‍കിയെങ്കിലും ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ ഛര്‍ദ്ദിച്ചു. ഛര്‍ദിയോടൊപ്പം തിരുവോസ്തിയും പുറത്തുവന്നതോടെ അവിടെ നിന്നവരെല്ലാം സ്തബ്ദരായി. എന്നാല്‍ യാതൊരു മടിയും കൂടാതെ സിസ്റ്റര്‍ മാരിസ് ദിവ്യകാരുണ്യം ഉള്‍ക്കൊള്ളുകയായിരിന്നു. ഛര്‍ദിച്ച അവസ്ഥയില്‍ ഈശോ ഉയര്‍ന്നു വരുന്നപ്പോലെ അനുഭവപ്പെട്ടെന്നും ഉള്‍പ്രേരണയില്‍ നിന്നുമാണ് ദിവ്യകാരുണ്യം സ്വീകരിച്ചതെന്നും സിസ്റ്റര്‍ പറയുന്നു.

പിറ്റേന്ന് സിസ്റ്റര്‍ ബെനീഷ്യ അന്തരിച്ചു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സിസ്റ്റര്‍ മാരിസ് അത്ഭുതം നേരിട്ടു അനുഭവിക്കുകയായിരിന്നു. മുന്‍പ് ചെയ്തുകൊണ്ടിരിന്ന എല്ലാ ജോലികളും ചെയ്യുവാന്‍ ആരംഭിച്ച സിസ്റ്റര്‍, സെര്‍വിക്കല്‍ കോളറിന്റെ ഉപയോഗം തന്നെ നിര്‍ത്തലാക്കി. പിന്നീടാണ് തനിക്ക് സംഭവിച്ച അത്ഭുതകരമായ മാറ്റത്തിന് പിന്നിലെ കാരണത്തെ കുറിച്ച് ചിന്തിച്ചതെന്നും ഛര്‍ദിയില്‍ നിന്നു ദിവ്യകാരുണ്യം സ്വീകരിച്ചതാണ് തന്റെ സൌഖ്യത്തിന് പിന്നിലെ കാരണമെന്നു തിരിച്ചറിഞ്ഞതായും സിസ്റ്റര്‍ അടിവരയിട്ടു സാക്ഷ്യപ്പെടുത്തുന്നു.

സിസറ്റര്‍ മാരിസ് ആന്റോയുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ തനിക്ക് പുതിയൊരു അനുഭവമായിരുന്നുവെന്നും ജീവിക്കുന്ന ദൈവത്തിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുവാന്‍ ഇത് വലിയ കാരണമായി തീര്‍ന്നുവെന്നും രോഗിലേപനം കൊടുത്ത പാലക്കാട് ജപമാല റാണി പള്ളി വികാരി ഫാ. അജോ കുറ്റിക്കാടന്‍ പറയുന്നു. ഇന്ന്‍, തന്റെ ജീവിതം പൂര്‍ണ്ണമായി മാറ്റിമറിച്ച ദിവ്യകാരുണ്യ നാഥന് മുന്‍പില്‍ മണിക്കുറുകളോളം പ്രാര്‍ത്ഥനയ്ക്കായി ചെലവഴിക്കുകയാണ് സിസ്റ്റര്‍ മാരിസ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »