News
ഹാഗിയ സോഫിയ മോസ്ക്കാക്കിയ നടപടി തെറ്റ്: തൌഹിദിയ്ക്കു പിന്നാലെ ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയും
പ്രവാചക ശബ്ദം 21-07-2020 - Tuesday
കെയ്റോ: ഈജിപ്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ക്രിസ്ത്യന്‍ ദേവാലയവും മുസ്ലീം പള്ളിയാക്കിയിട്ടില്ലെന്നും ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ നടപടി തെറ്റെന്നും പ്രസ്താവിച്ച് ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി ഷെയിഖ് ഷാവ്ക്കി ഇബ്രാഹിം അബ്ദേല്‍ കരിം അല്ലവും രംഗത്ത്. കഴിഞ്ഞ ദിവസം മുസ്ലീം ഗ്രന്ഥകാരനും സൌത്ത് ഓസ്ട്രേലിയന്‍ ഇസ്ലാമിക് അസോസിയേഷന്റെ പ്രസിഡന്റുമായ ഇമാം മൊഹമ്മദ് തൌഹിദി തുര്‍ക്കിയുടെ നടപടിയെ അപലപിച്ചു രംഗത്തെത്തിയിരിന്നു. ഇതിന് പിന്നാലെയാണ് ഹംദി റിസ്ക് എന്ന പത്രപ്രവര്‍ത്തകന്‍ സംഘടിപ്പിച്ച ടെലിവിഷന്‍ പരിപാടിയില്‍ ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയും ഹാഗിയ സോഫിയ വിഷയത്തില്‍ നിലപാട് തുറന്നുപറഞ്ഞിരിക്കുന്നത്.
മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിന് പൊതുഖജനാവില്‍ നിന്നും കൂടുതല്‍ പണം അനുവദിക്കണമെന്നും, രാഷ്ട്രത്തിന്റെ ദേശീയ ഐക്യത്തിനും പരസ്പര സൗഹാര്‍ദ്ദത്തിനും ഇതാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വരക്ഷക്ക് വേണ്ടിയുള്ള സൈനീക ആക്രമണങ്ങളെ പ്രവാചകന്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും, മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചടക്കുവാനും, സന്യാസിമാരെ കൊലചെയ്യുവാനും പ്രവാചകന്‍ ആവശ്യപ്പെടുന്നില്ലെന്ന്‍ പ്രവാചകന്‍ മുഹമ്മദിന്റെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.
ഈജിപ്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ക്രിസ്ത്യന്‍ ദേവാലയവും മുസ്ലീം പള്ളിയാക്കിയിട്ടില്ലെന്ന് പറഞ്ഞ ഗ്രാന്‍ഡ് ഗ്രാന്‍ഡ് മുഫ്തി തുര്‍ക്കിയിലെ പുരാതന ക്രിസ്ത്യന്‍ കത്തീഡ്രലായ ‘ഹാഗിയ സോഫിയ’യെ മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്ത തുര്‍ക്കി ഭരണകൂടത്തിന്റെ നടപടി നിയമപരമല്ലെന്നും പ്രസ്താവിച്ചു. ഈജിപ്തിലെ നീതിന്യായ മന്ത്രാലയത്തിന്റെ കീഴിലാണ് ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയുടെ കാര്യാലയം. ഇസ്ലാമിക നിയമപരമായ കാര്യങ്ങള്‍ സംബന്ധിച്ച ഈജിപ്തിലെ ഉന്നത ഉപദേശക കമ്മിറ്റിയായ ‘ഹൗസ് ഓഫ് ഫത്വ’ (ദാര്‍ അല്‍ ഇഫ്താ അല്‍ മിസ്ര്യാ) യുടെ ചെയര്‍മാനും കൂടിയാണ് ഗ്രാന്‍ഡ് മുഫ്തി. ഓട്ടോമന്‍ തുര്‍ക്കികളുടെ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമണം ഒരു അധിനിവേശമായാതിനാല്‍ ‘ഹാഗിയ സോഫിയ’യുടെ പരിവര്‍ത്തനം ദൗര്‍ഭാഗ്യകരമായ സംഭവമായിട്ടാണ് ഈജിപ്തിലെ ‘ഹൗസ് ഓഫ് ഫത്വ’യുടെ നിരീക്ഷണം.
ദീര്‍ഘനാളായി തങ്ങളുടെ അതിര്‍ത്തി രാജ്യമായ ലിബിയയുമായുള്ള വിഷയത്തില്‍ തുര്‍ക്കി ഇടപെടുന്നത് ഈജിപ്തിനെ ചൊടിപ്പിച്ചിരിന്നു. ഈ സാഹചര്യത്തില്‍, ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ നടപടി ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള അകല്‍ച്ച വീണ്ടും വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. ലോകത്തെ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍മാരില്‍ ഒരാളായ ഗ്രാന്‍ഡ് മുഫ്തിയുടെ വാക്കുകള്‍, ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ തുര്‍ക്കിയുടെ നടപടിക്കെതിരെ ഇസ്ലാമിക ലോകത്ത് നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ത്തും എന്നതിന്റെ വ്യക്തമായ സൂചനയായാണ് നിരീക്ഷകര്‍ കരുതുന്നത്. നേരത്തെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണ പ്ലാറ്റ്ഫോമായ മീഡിയം.കോമില്‍ എഴുതിയ ലേഖനത്തില്‍ ഹാഗിയ സോഫിയ കത്തീഡ്രല്‍ ദേവാലയം മുസ്ലീം പള്ളിയാക്കി മാറ്റിയ നടപടി ഇസ്ളാമിക നിയമങ്ങള്‍ക്ക് എതിരാണെന്നും ക്രൈസ്തവരാണ് ഹാഗിയ സോഫിയയുടെ നിയമപരമായ ഉടമസ്ഥരെന്നും ഇമാം മൊഹമ്മദ് തൌഹിദിയും കുറിച്ചിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക