News - 2024
‘ഒന്നുകിൽ കോവിഡ് ഞങ്ങളെ കൊല്ലും, അല്ലെങ്കിൽ പട്ടിണി’: ദയനീയാവസ്ഥ വിവരിച്ച് വെനിസ്വേലന്‍ ബിഷപ്പ്
പ്രവാചക ശബ്ദം 24-07-2020 - Friday
കാരാക്കസ്: 'ഒന്നുകിൽ കോവിഡ് അല്ലെങ്കിൽ പട്ടിണി തങ്ങളെ കൊല്ലുമെന്ന' ദയനീയ വാക്കുകള്‍ പങ്കുവെച്ച് വെനിസ്വേലയിലെ സാൻ കാർലോസ് രൂപതാധ്യക്ഷന്‍ ബിഷപ്പ് പൊളിടോ റോഡ്രിഗ്വെസ് മെന്‍ഡെസ്. രാജ്യത്തെ തകിടം മറിച്ച കൊറോണ മഹാമാരിയും നിക്കോളാസ് മഡുറോ എന്ന സോഷ്യലിസ്റ്റ് നേതാവിന്റെ ഏകാധിപത്യഭരണവും സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഭീകരമായ അവസ്ഥ വിവരിച്ച് അന്താരാഷ്ട്ര സഹായം തേടി ബിഷപ്പ് രംഗത്തെത്തിയിരിക്കുന്നത്. ബൈബിളില്‍ വിവരിക്കുന്ന ഈജിപ്തിലെ ബാധകൾ വെനിസ്വേലയിലെ അവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒന്നുമല്ലായെന്ന് അദ്ദേഹം സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് നീഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരു കുടുംബം പ്രതിമാസം മൂന്നോ നാലോ ഡോളർ മാത്രം സമ്പാദിക്കുന്നു. ഒരു പെട്ടി മുട്ടയ്ക്ക് രണ്ട് ഡോളറും ഒരു കിലോ ചീസിന് മൂന്ന് ഡോളറും വിലവരും. ഞങ്ങൾ രണ്ട് മാസത്തിലേറെയായി ലോക്ക്ഡൌണിലാണ്, എല്ലാം വളരെ ചെലവേറിയതാണ്. ഇതുപോലെ മുന്നോട്ട് പോകുന്നത് അസാധ്യമാണ്. ദരിദ്രരിൽ ദരിദ്രരായവരെയാണ് ഇപ്പോഴത്തെ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. അവർക്ക് കഴിക്കാൻ ഒന്നുമില്ല, മാന്യമായ ജീവിതം നയിക്കാൻ അവർക്ക് അവസരമില്ല. വെനസ്വേലയിലെ പ്രതിസന്ധി വരും മാസങ്ങളിൽ കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്രോതസ്സുകളുടെ അഭാവമുള്ള രാജ്യത്തെ സഭയെ ഇത് സാരമായി ബാധിക്കും. ബിഷപ്പ് പൊളിടോ റോഡ്രിഗ്വെസ് വെളിപ്പെടുത്തി.
ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി 2013-ല്‍ വെനിസ്വേലന്‍ പ്രസിഡന്റ് പദവിയിലേക്ക് മഡൂറോ തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ വെനിസ്വേല അക്രമത്തിന്റേയും അശാന്തിയുടേയും താഴ്‌വരയായി മാറിയിരിക്കുകയാണ്. വിലകയറ്റവും, നാണയപ്പെരുപ്പവും മൂലം ലക്ഷകണക്കിന് ആളുകളാണ് കൊറോണയ്ക്കു മുന്‍പ് വെനിസ്വേലയില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 60 ശതമാനത്തോളം വരുന്ന ആളുകൾ ജീവൻ നിലനിർത്താനായി സന്നദ്ധ സംഘടനകളെ ആശ്രയിച്ചാണ് കഴിയുന്നത്. രാജ്യത്തെ സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുന്നതിൽ കത്തോലിക്കാസഭയാണ് ഇക്കാലമത്രേയും മുന്‍പന്തിയില്‍ നിന്നത്. എന്നാല്‍ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ സഭയെയും ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് ബിഷപ്പ് പൊളിടോയുടെ വാക്കുകള്‍ വിരല്‍ചൂണ്ടുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക