News - 2024

വെനിസ്വേലയിലെ മരിയന്‍ പ്രദക്ഷിണത്തിൽ പങ്കെടുത്തത് 20 ലക്ഷത്തോളം വിശ്വാസികൾ

പ്രവാചകശബ്ദം 16-01-2024 - Tuesday

കാരക്കാസ്: വിശ്വാസ ദീപ്തിയില്‍ ജ്വലിച്ച് കത്തോലിക്ക സമൂഹം ഒരുമിച്ച് കൂടിയപ്പോള്‍ വെനിസ്വേല സാക്ഷിയായത് സമാനതകളില്ലാത്ത പ്രദക്ഷിണത്തിന്. പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം 7 കിലോമീറ്റർ ചുറ്റി സഞ്ചരിച്ചപ്പോള്‍ 20 ലക്ഷത്തോളം വിശ്വാസികളാണ് ഇതില്‍ അണിചേര്‍ന്നത്. ലാറ സംസ്ഥാനത്തെ ഗവർണർ അഡോൾഫോ പെരേര 'എക്സി'ലൂടെ ഇക്കാര്യം അറിയിക്കുകയായിരിന്നു. 44000 കായികതാരങ്ങൾ പങ്കെടുത്ത 9.6 കിലോമീറ്റർ താണ്ടിയ കായിക മത്സരത്തോടുകൂടിയാണ് ജനുവരി 14, ഞായറാഴ്ചത്തെ പരിപാടികൾ ആരംഭിച്ചത്.

സാന്താ റോസാ ദേവാലയത്തിൽ നിന്നാണ് പ്രദക്ഷിണം ആരംഭിച്ചത്. മാതാവിൻറെ ചിത്രം ബാർക്കുസിമെറ്റോയിലെ മെട്രോപോളിറ്റൻ കത്തീഡ്രൽ ദേവാലയത്തിൽ എത്തിച്ചേർന്ന സമയത്ത് കോരോ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മരിയാനോ പാര വിശുദ്ധ കുർബാന അർപ്പിച്ചു. 166 തവണയായി ഈ പ്രദക്ഷിണം നടന്നത് യാദൃശ്ചികമായ കാര്യമല്ലായെന്നും ഓരോ വര്‍ഷവും, പങ്കെടുക്കാൻ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു.

സ്വർഗീയ നാഥയുടെ പേരിൽ അറിയപ്പെടുന്ന പരിശുദ്ധ കന്യകാമറിയം, തൻറെ മകന്റെ ശിഷ്യർ എന്ന നിലയിൽ തന്നിൽ നിന്ന് പഠിക്കാനും, ക്രിസ്തുവിനു വേണ്ടി മാത്രം ജീവിക്കാനും ഇന്ന് ആവശ്യപ്പെടുകയാണെന്ന് മരിയാനോ പാര കൂട്ടിച്ചേർത്തു. 121-ാമത് ഓർഡിനറി പ്ലീനറി അസംബ്ലിയുടെ ആഹ്വാന പ്രകാരം ഈ വര്‍ഷം കൃപയുടെ വര്‍ഷമായാണ് വെനസ്വേലയില്‍ ആചരിക്കുന്നത്. നിലവിലെ ദേശീയ സംഭവങ്ങളും രാജ്യത്തിനും കത്തോലിക്കാ സഭയ്ക്കും നൽകുന്ന ഏറ്റവും വലിയ വെല്ലുവിളികളും സിനഡ് ചര്‍ച്ച ചെയ്തിട്ടുണ്ട്.


Related Articles »