Youth Zone
മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തതിന് ദുര്‍വ്യാഖ്യാനം: വാഷിംഗ്‌ടണ്‍ പോസ്റ്റിനെതിരായ കേസില്‍ കത്തോലിക്ക വിദ്യാര്‍ത്ഥിക്ക് വിജയം
പ്രവാചക ശബ്ദം 25-07-2020 - Saturday
വാഷിംഗ്‌ടണ്‍ ഡി.സി: കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുത്ത പ്രോലൈഫ് പ്രവര്‍ത്തകനായ കത്തോലിക്ക വിദ്യാര്‍ത്ഥിയെ വംശീയവാദിയായി ചിത്രീകരിച്ച ‘വാഷിംഗ്‌ടണ്‍ പോസ്റ്റ്’ന് കനത്ത തിരിച്ചടി. നിക്കോളാസ് സാന്‍ഡ്മാന്‍ എന്ന പതിനെട്ടുകാരന്റെ കുടുംബം ‘വാഷിംഗ്‌ടണ്‍ പോസ്റ്റ്’നെതിരെ നല്‍കിയ കേസില്‍ സാന്‍ഡ്മാന് അനുകൂലമായാണ് ഇന്നലെ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സാന്‍ഡ്മാന് പതിനെട്ടു വയസ് തികഞ്ഞ ദിവസം തന്നെയാണ് അനുകൂലമായ കോടതിവിധി പുറത്തുവന്നതെന്നത് ശ്രദ്ധേയമാണ്. അമേരിക്കയിലെ പ്രമുഖ മാധ്യമമായ വാഷിംഗ്‌ടണ്‍ പോസ്റ്റിന്റെ നിഷ്പക്ഷതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് കോടതിവിധി.
മാര്‍ച്ച് ഫോര്‍ ലൈഫ് റാലിക്കിടയില്‍ ഡ്രം കൊട്ടിക്കൊണ്ടിരുന്ന നാഥാന്‍ ഫിലിപ്പ് എന്ന തദ്ദേശീയനൊപ്പം സാന്‍ഡ്മാന്‍ നില്‍ക്കുന്ന വീഡിയോ കാണിച്ചുകൊണ്ട് കത്തോലിക്ക വിദ്യാര്‍ത്ഥിയെ ഒരു വംശീയവാദിയാക്കുവാനുള്ള ‘വാഷിംഗ്‌ടണ്‍ പോസ്റ്റിന്റെ ശ്രമത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്. വീഡിയോ പുറത്തുവന്ന ഉടന്‍തന്നെ സാന്‍ഡ്മാന്റെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. ഈ വീഡിയോ തങ്ങള്‍ക്ക് മാനഹാനിക്കിടയാക്കി എന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് 250 മില്യണ്‍ ഡോളറിന് സാന്‍ഡ്മാന്‍ കുടുംബം കോടതിയെ സമീപിച്ചതെന്നു അറ്റോര്‍ണി ലിന്‍ വുഡ് പറഞ്ഞു.
വീഡിയോ പുറത്തുവന്നതിന് ശേഷമുണ്ടായ അപമാനം കാരണം തങ്ങള്‍ക്ക് താല്‍ക്കാലികമായി വീട് വിട്ടുനില്‍ക്കേണ്ടതായി വന്നുവെന്നും സാന്‍ഡ്മാന്‍ കുടുംബം പറയുന്നു. അതേസമയം നിയമപോരാട്ടവുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ സംബന്ധിച്ച് പരസ്പര ധാരണയായതായി വാഷിംഗ്‌ടണ്‍ പോസ്റ്റ് വക്താവ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എ.ബി.സി, സി.ബി.എസ്, ദി ഗാര്‍ഡിയന്‍, ദി ഹഫിംഗ്ടന്‍ പോസ്റ്റ്, എന്‍.പി.ആര്‍, ദി ഹില്‍, ഗാന്നെറ്റ് അഡീഷണല്‍, എന്‍.ബി.സി എന്നീ 13 മാധ്യമങ്ങള്‍ക്കെതിരെയും സാന്‍ഡ്മാന്‍ കുടുംബം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സാന്‍ഡ്മാനെ അഭിനന്ദിച്ചു കൊണ്ടിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക