Social Media - 2024
ഇഞ്ചിത്തോട്ടത്തിലെ ബേബി ചേട്ടന്റെ പ്രാർത്ഥനയും മര്‍ത്തായും
ഫാ. ജെൻസൺ ലാസലെറ്റ് 29-07-2020 - Wednesday
കർണ്ണാടകയിൽ ഇഞ്ചി കൃഷി ചെയ്യുന്ന ഒരു സുഹൃത്തുണ്ടെനിക്ക്. ബേബി എന്നാണയാളുടെ പേര്. കുറേയധികം പ്രതിസന്ധികളിലൂടെ കടന്നുപോയ വ്യക്തി. ആ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം എന്നെ അതിശയപ്പെടുത്തിയത് അയാളുടെ വിശ്വാസമാണ്. മണിക്കൂറുകളോളം ദിവ്യകാരുണ്യ നാഥനു മുമ്പിലിരുന്ന് അയാൾ പ്രാർത്ഥിക്കുമായിരുന്നു. അദ്ദേഹം കൃഷി ചെയ്യുന്ന തോട്ടത്തിൽ ഒരിക്കൽ പോകാനിടയായി. സത്യം പറയാലോ, ഇഞ്ചി കൃഷിക്കാരുടെ കഷ്ടപ്പാട് അന്നാണ് നേരിട്ടറിയാൻ കഴിഞ്ഞത്. ഒരു ചെറിയ ഷെഡിൽ താമസവും ഭക്ഷണവും.മാത്രമല്ല, ഇഞ്ചി നടുന്ന അന്നു മുതൽ വിളവെടുത്ത് വിൽക്കുന്ന ദിവസം വരെയുള്ള ആധിയാണ്. കേടുവന്നാലും, വിളവ് സമയത്ത് കള്ളന്മാർ പറിച്ചു കൊണ്ടു പോയാലും വിചാരിച്ച വില ലഭിച്ചില്ലെങ്കിലുമെല്ലാം കഷ്ടപ്പാടു തന്നെ. ഇഞ്ചി കർഷകൻ്റെ കാര്യം മാത്രമല്ല, എല്ലാ കർഷകരുടെയും സ്ഥിതി ഇതുതന്നെയാണ്.
ഇനി ഞാൻ എഴുതാൻ പോകുന്ന കാര്യം ചിലർക്കെങ്കിലും മണ്ടത്തരമായി തോന്നിയേക്കാം. ഞാൻ നേരത്തെ സൂചിപ്പിച്ച ബേബി ചേട്ടൻ പറഞ്ഞതാണ്: ഇഞ്ചി കൃഷിക്കു പോകുമ്പോൾ പള്ളിയിൽ പോകാനോ, കുർബാന സ്വീകരിക്കാനോ പറ്റാത്ത അവസ്ഥയാണല്ലൊ?
അതുകൊണ്ടയാൾ കൃഷിയിടത്തിനു ചുറ്റും നടന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കും. കൂടാതെ തൻ്റെ മൊബൈൽ ഫോണിൽ ദിവ്യകാരുണ്യ ആരാധന വച്ച്, തോട്ടത്തിനു ചുറ്റും ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തുകയും ചെയ്യും. " അച്ചാ, മണ്ണ് എത്ര നല്ലതായാലും നമ്മളെത്ര അധ്വാനിച്ചാലും ദൈവം കനിഞ്ഞില്ലേൽ ഫലമില്ലല്ലോ?"എന്നു പറഞ്ഞ് അദേഹം തുടർന്നു: "എൻ്റെ കഴിഞ്ഞകാല ജീവിതത്തിൽ ഞാൻ അഹങ്കരിച്ച നാളുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, എല്ലാം ദൈവദാനമാണെന്ന പൂർണ്ണബോധ്യമെനിക്കുണ്ട്. ദൈവത്തെ മുറുകെ പിടിക്കുന്നു. അവിടുന്ന് കൈവിടില്ലെന്ന ഉറച്ച വിശ്വാസമുണ്ട്."
ബേബിച്ചേട്ടൻ്റെ വിശ്വാസം കണ്ടപ്പോൾ എൻ്റെ മനസിൽ കടന്നു വന്നത് മർത്തായുടെയും മറിയത്തിൻ്റെയും വിശ്വാസ പ്രഘോഷണമാണ്.
"കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എൻ്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു." (ലൂക്ക 11: 21,32). നമുക്കു ചുറ്റും ഭീതിവിതയ്ക്കുന്ന രോഗങ്ങൾ വർധിക്കുമ്പോഴും പ്രതിസന്ധികളും തകർച്ചകളും ഏറുമ്പോഴും ദൈവത്തിൽ ആശ്രയിച്ചാൽ എത്ര നല്ലത്. മനുഷ്യൻ നമ്മെ കൈവിട്ടാലും ദൈവം കൈവിടില്ലെന്ന വിശ്വാസത്തോടെ മർത്തായും മറിയവും പ്രാർത്ഥിച്ചതു പോലെ നമുക്കും പ്രാർത്ഥിക്കാം: കർത്താവേ... നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ......
വി. മർത്തായുടെ തിരുനാളാശംസകൾ