Faith And Reason - 2024

ക്രൈസ്തവ വിരുദ്ധ പീഡനം: 40 ദിവസത്തെ പ്രാർത്ഥനയുമായി നൈജീരിയൻ മെത്രാൻ സമിതി

പ്രവാചക ശബ്ദം 13-08-2020 - Thursday

അബൂജ: നൈജീരിയയിലെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനത്തിന് അറുതിയാകുന്നതിനു വേണ്ടി ദൈവീക ഇടപെടൽ യാചിച്ച് നൈജീരിയന്‍ മെത്രാൻ സമിതി. ആഗസ്റ്റ് ഇരുപത്തിരണ്ടാം തീയതി മുതൽ സെപ്തംബർ മാസം മുപ്പതാം തീയതി വരെ 40 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയ്ക്കാണ് മെത്രാന്‍ സമിതി ആഹ്വാനം നല്‍കിയിരിക്കുന്നത്. ത്രികാല പ്രാർത്ഥനയ്ക്കു ശേഷം ഒരു സ്വർഗ്ഗസ്ഥനായ പിതാവേ, മൂന്ന് നന്മനിറഞ്ഞ മറിയം, ഒരു ത്രിത്വസ്തുതി പ്രാർത്ഥന വീതം ചൊല്ലണമെന്നാണ് മെത്രാന്മാർ പുറത്തിറക്കിയിരിക്കുന്ന കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാർത്ഥന സമാപിക്കുന്നതിന്റെ പിറ്റേദിവസമാണ് നൈജീരിയയുടെ സ്വാതന്ത്ര്യദിനം.

രാജ്യത്തിന്റെ സംരക്ഷണത്തിനായി ദൈവീക ഇടപെടല്‍ യാചിച്ച് പ്രാർത്ഥിക്കാൻ രൂപതയിലെ എല്ലാ വിശ്വാസികളോടും ആവശ്യപ്പെടണമെന്ന് മെത്രാൻമാർക്ക് നൈജീരിയൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഒബിയോര അകുബെസെ ഒപ്പിട്ട കത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രൈസ്തവരെ ലക്ഷ്യംവെച്ച് നടന്ന വിവിധ ആക്രമണങ്ങളിൽ ഇക്കഴിഞ്ഞ മാസങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവ വിശ്വാസികളെ തട്ടിക്കൊണ്ടുപോയി കൊല ചെയ്യുന്ന സംഭവങ്ങളും കുറവല്ലായെന്നും പ്രസ്താവനയിൽ പറയുന്നു.

"കടുണ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഗുഡ് ഷെപ്പേർഡ് സെമിനാരിയിൽ നിന്ന് ജനുവരി പതിനെട്ടാം തീയതി തട്ടിക്കൊണ്ടുപോയ മൈക്കിൾ നാഡിയുടെ കൊലപാതകം എടുത്തു പറയേണ്ട ഉദാഹരണമാണ്. ദക്ഷിണ കടുണയിൽ നിരപരാധികൾ തീവ്രവാദികളുടെ കൈകളാൽ കൊലചെയ്യപ്പെടുന്നതിന് അറുതി വരുത്താൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഇടപെടണം". ക്രൈസ്തവ വിരുദ്ധ പീഡനത്തിന്റെ കാരണക്കാരാകുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മെത്രാൻ സംഘം പറഞ്ഞു.

ഇപ്പോൾ നടക്കുന്ന കൊലപാതകങ്ങൾ രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി ആരും ഉപയോഗിക്കാൻ പാടില്ല. ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്നും വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് സർക്കാർ ഊന്നൽ നൽകണമെന്നും മെത്രാന്മാരുടെ കത്തിലുണ്ട്. നീതിക്കും, സമാധാനത്തിനും വേണ്ടി പ്രവർത്തിക്കാൻ ദൈവം ശക്തി നൽകട്ടെയെന്ന വാക്കുകളുമായാണ് കത്തിലെ സന്ദേശം അവസാനിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »