News
ഇറ്റലിലെ മിലാന്‍ കത്തീഡ്രലില്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച് ഈജിപ്ഷ്യന്‍ അഭയാര്‍ത്ഥി
പ്രവാചക ശബ്ദം 14-08-2020 - Friday
മിലാന്‍: ഇറ്റലിയിലെ പ്രസിദ്ധമായ മിലാന്‍ കത്തീഡ്രലില്‍ സെക്യൂരിറ്റി ജീവനക്കാരനെ കത്തിമുനയില്‍ ബന്ധിയാക്കി ഈജിപ്ഷ്യന്‍ അഭയാര്‍ത്ഥി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് ഒരു മണിക്കാണ് സംഭവമുണ്ടായത്. ഉദ്യോഗഭരിതമായ എട്ടു മിനിറ്റുകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മുപ്പതുകാരനായ അക്രമിയെ പോലീസ് കീഴടക്കി. പോലീസ് പരിശോധന ഒഴിവാക്കുന്നതിനു വേണ്ടിയാണ് അക്രമി ദേവാലയത്തിനകത്തേക്ക് ഓടി കയറിയതെന്നാണ് പ്രാഥമിക നിഗമനം. ഇറ്റലിയിലെ ‘ജെനറല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് സ്പെഷ്യന്‍ ഓപ്പറേഷന്‍സ്’ വിഭാഗം അക്രമിയെ ചോദ്യം ചെയ്തു വരികയാണ്.
കത്തീഡ്രലിന്റെ പടികളില്‍ ഇരുന്ന പ്രതി റെസിഡന്‍സ് പെര്‍മിറ്റ് സംബന്ധിച്ച രേഖകള്‍ കാണിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസിനെ മറികടന്നു അക്രമി ദേവാലയത്തിലേക്ക് പ്രവേശിച്ചു. പ്രധാന അള്‍ത്താരക്ക് നേരെ ഓടിയ അക്രമി അള്‍ത്താരയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ബ്ലേഡ് കത്തി ചൂണ്ടി മുട്ടിന്‍മേല്‍ നിര്‍ത്തി ബന്ധിയാക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് കുതിച്ചെത്തിയ കമ്മീഷണര്‍ മാരോ ഫ്രാരെ, ഡെപ്യൂട്ടി കമ്മീഷണര്‍ ലുക്കാ ഗാസിലി ഉള്‍പ്പെടുന്ന ഉന്നത പോലീസ് സംഘം അക്രമിയെ ശാന്തനാക്കുവാന്‍ ശ്രമം നടത്തി. പിന്നീട് ഫ്ലയിംഗ് സ്ക്വാഡിലെ വനിതാ പോലീസ് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മറ്റ് ഉദ്യോഗസ്ഥര്‍ അക്രമിയെ കീഴടക്കിയത്.
തനിക്ക് ദേവാലയത്തില്‍ ഒരു മുറിയുണ്ടെന്നും, തന്റെ പേര് ‘ക്രിസ്റ്റ്യന്‍’ എന്നാണെന്നും അക്രമി പറഞ്ഞതായി ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ വാര്‍ത്താമാധ്യമമായ 'അവനീര്‍' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ അക്രമി മുസ്ലീം അഭയാര്‍ത്ഥിയായതിനാലാണ് പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് മറച്ചുവെച്ചിരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഏതാണ്ട് അന്‍പതിനായിരത്തോളം മുസ്ലീം അഭയാര്‍ത്ഥികളാണ് മിലാനില്‍ നിയമപരമല്ലാതെ താമസിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക