Youth Zone - 2024
യുവജനങ്ങള്‍ നഷ്ട ധൈര്യരാകരുത്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
18-08-2020 - Tuesday
കൊച്ചി / കോട്ടയം: കോവിഡ് വ്യാപനത്തിന്റെ കാലത്ത് യുവജനങ്ങള്‍ നഷ്ട ധൈര്യരാകരുതെന്നും നമ്മില്‍ തന്നെയുള്ള ആത്മവിശ്വസം വീണ്ടെടുപ്പിന്റെ കാലമായി മാറ്റണമെന്നും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ യൂത്ത് കമ്മീഷനും എസ്എംവൈഎമ്മും സംഘടിപ്പിച്ച ത്രിദിന ഗ്ലോബല്‍ യുവജന ധ്യാനം പെനുവേലില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു കര്‍ദ്ദിനാള്‍. ദുരിതകാലത്ത് ധൂര്‍ത്തപുത്രന്‍ ആത്മശോധന നടത്തിയതുപോലെ യുവജനങ്ങള്‍ ആത്മപരിശോധന നടത്താനുള്ള കാലമായി ഇതിനെ മാറ്റണം. സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷ യുവജനങ്ങളിലാണ്. ദൈവകൃപയില്‍ ആശ്രയിച്ച് സമൂഹത്തിന്റെ പ്രതീക്ഷകള്‍ സഫലമാക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഷംഷദാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍, ബ്രദര്‍ സന്തോഷ് കരുമാത്ര എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കി.
വിവിധ ഓണ്‍ലൈന്‍ ഉപാധികളിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി മൂവായിരത്തോളം യുവജനങ്ങള്‍ ധ്യാനത്തില്‍ പങ്കുചേര്‍ന്നു. സീറോമലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരില്‍, കമ്മീഷനംഗങ്ങളായ ബിഷപ്പ് മാര്‍ എഫ്രേം നരികുളം, ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ ഡേവീസ്, ഡെപ്യുട്ടി പ്രസിഡന്റ് ബിവിന്‍ വര്‍ഗീസ്, ഡയറക്ടര്‍ ഫാ.ജോസഫ് ആലഞ്ചേരില്‍, വിപിന്‍ പോള്‍, സംസ്ഥാന പ്രസിഡന്റ് ജിബിന്‍ കൊടിയംകുന്നേല്‍, വിനോദ് റിച്ചാര്‍ഡ്‌സണ്‍, സംസ്ഥാന സെക്രട്ടറി മെല്‍ബിന്‍ പുളിയംതൊട്ടില്‍, സിസ്റ്റര്‍ ജിസ് ലെറ്റ്, ഫാ.ഫ്രാന്‍സിസ് ഇടത്തിനാല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി എന്നിവര്‍ ധ്യാനത്തിനു നേതൃത്വം നല്‍കി.