Youth Zone - 2024
മരിയ ഷഹ്ബാസിനു നീതി തേടി അന്താരാഷ്ട്ര ക്യാംപെയിനുമായി മലയാളി സമൂഹം
പ്രവാചക ശബ്ദം 20-08-2020 - Thursday
ലാഹോര്‍: തട്ടിക്കൊണ്ടുപോയി മതംമാറ്റി പീഡിപ്പിച്ച് നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോകാന്‍ പാക്ക് കോടതി വിധി പുറപ്പെടുവിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസിനു നീതി ലഭിക്കുന്നതിനായി ക്യാംപെയിനുമായി മലയാളി സമൂഹം. പതിനാലുകാരിയായ പെണ്‍കുട്ടിയ്ക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് #JusticeForMariaShahabaz എന്ന ഹാഷ് ടാഗ് ക്യാംപെയിനും പോസ്റ്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ പേജിലും യുഎന്‍ മനുഷ്യാവകാശ കമ്മീഷന്റെ പേജിലും സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന പാക്കിസ്ഥാന്‍ ആക്ടിവിസ്റ്റ് മലാല യൂസഫ്‌സായുടെ നവമാധ്യമങ്ങളിലെ അക്കൌണ്ടുകളിലുമായി നിരവധി മലയാളികളാണ് മരിയയ്ക്ക് നീതി തേടി കമന്റുകള്‍ പങ്കുവെയ്ക്കുന്നത്.
മരിയയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയും സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമാണ്. 'ജസ്റ്റിസ് ഫോര്‍ മരിയ' എന്ന ഫേസ്ബുക്ക് ഗ്രൂപ്പും ഓരോ ദിവസം കഴിയുംതോറും സജീവമായി വരികയാണ്. മരിയ ഷഹ്ബാസിന് നീതി തേടി പാലാ രൂപത എസ്‌എംവൈഎമ്മിന്റെ നേതൃത്വത്തിലും ക്യാംപെയിന്‍ നടക്കുന്നുണ്ട്. അതേസമയം ലോകത്തെ എല്ലാ പ്രശ്നങ്ങളിലും അഭിപ്രായം പറയുന്നവര്‍ ഈ വിഷയത്തില്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യമാണ് ക്രൈസ്തവര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്. അസമത്വങ്ങള്‍ക്കെതിരെ എപ്പോഴും പ്രതികരിക്കുന്ന മലാല യൂസഫ്ഫായി സ്വന്തം രാജ്യത്തു നടന്ന ഗുരുതരമായ പ്രശ്നത്തില്‍ അപകടകരമായ മൗനം തുടരുകയാണെന്ന് നിരവധി പേര്‍ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് മൈറ (മരിയ) ഷഹ്ബാസ് എന്ന പതിനാലുകാരിയെ വീട്ടില്‍ നിന്നും തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ഇസ്ലാം മതസ്ഥന് ഒപ്പം പോയി ജീവിക്കുവാന്‍ വിചിത്രമായ വിധി പ്രസ്താവം ലാഹോര്‍ ഹൈക്കോടതി നടത്തിയത്. ഇസ്ലാം മതത്തെ കൂട്ടുപിടിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ ഏറെ ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 28നു മൊഹമ്മദ് നാകാഷ് എന്ന മുസ്ലീമും അയാളുടെ രണ്ട് അനുയായികളുമാണ് മദീന പട്ടണത്തിലെ വീട്ടില്‍ നിന്നും മരിയയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുന്നത്.
ആകാശത്തേക്ക് വെടിയുതിര്‍ത്ത് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷം മരിയയെ നിര്‍ബന്ധപൂര്‍വ്വം കാറിലേക്ക് വലിച്ച് കയറ്റുകയായിരുന്നുവെന്ന്‍ ദൃക്സാക്ഷികളും മൊഴി നല്‍കിയെങ്കിലും കോടതി വിലയ്ക്കെടുത്തിരിന്നില്ല. തെളിവുകളും രേഖകളും ദൃക്സാക്ഷി മൊഴികളും കാറ്റില്‍ പറത്തിക്കൊണ്ട് കോടതി നടത്തിയ വിധി പ്രസ്താവത്തിനെതിരെ ഓരോ ദിവസവും പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക