India - 2024
യാക്കോബായ സഭയ്ക്കു ആരാധനയ്ക്കുവേണ്ടി ദേവാലയങ്ങള്‍ തുറന്നു നല്‍കാമെന്നു കര്‍ദ്ദിനാള്‍ ക്ലിമീസ് ബാവ
പ്രവാചക ശബ്ദം 26-08-2020 - Wednesday
തിരുവനന്തപുരം: സ്വന്തമായി ആരാധനാലയം ഉണ്ടാകുന്നതു വരെ യാക്കോബായ സഭയ്ക്കു മലങ്കര കത്തോലിക്കാ സഭയുടെ ദേവാലയങ്ങള്‍ ആരാധനയ്ക്കുവേണ്ടി തുറന്നു നല്‍കാമെന്നു മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. യാക്കോബായ സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് അയച്ച കത്തിലാണ് കര്‍ദിനാള്‍ ഇക്കാര്യം അറിയിച്ചത്. യാക്കോബായ സഭയ്ക്ക് അവരുടെ ആരാധനാലയങ്ങള്‍ നഷ്ടപ്പെടുന്നതിലെ വേദനയും കര്‍ദ്ദിനാള്‍ പങ്കുവച്ചു.
സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ യാക്കോബായ വിശ്വാസികളുടെ ആരാധന മുടങ്ങരുത്. ദേവാലയങ്ങളോ ചാപ്പലുകളോ ഏതു ഭദ്രാസനത്തിലാണോ ആ ഭദ്രാസനാധിപനെ സമീപിച്ചാല്‍ മതിയാകും. മലങ്കര കത്തോലിക്കാ സഭയിലെ എല്ലാ ഭദ്രാസനാധിപന്മാരെയും താന്‍ ഇതു സംബന്ധിച്ച വിവരം അറിയിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ കത്തില്‍ അറിയിച്ചു. "മലങ്കര യാക്കോബായ സുറിയാനി സഭ ഈയടുത്ത നാളുകളില്‍ അനുഭവിക്കുന്ന വേദന മനസിലാക്കുന്നു. കര്‍തൃസന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്നു. ഇപ്പോള്‍ സമൂഹം അനുഭവിക്കുന്ന പ്രതികൂല സാഹചര്യങ്ങളുടെ ഇടയിലും നിങ്ങളുടെ ആരാധനാലയങ്ങള്‍ സഭയ്ക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതു വേദനയോടെ കാണുന്നു".
മധ്യസ്ഥശ്രമങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ഔദ്യോഗികമായും അനൗദ്യോഗികമായും കേരളത്തിലെ സഭാധ്യക്ഷന്മാര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചതും അത്തരം ശ്രമങ്ങള്‍ സ്വീകരിക്കാതെ ഇരിക്കുന്നതും അഭിവന്ദ്യ തിരുമേനിക്കും അങ്ങയുടെ സഭയ്ക്കും അറിയാവുന്നതാണല്ലോ. ഈയടുത്ത ദിവസങ്ങളില്‍ അഭിവന്ദ്യ തിരുമേനിയുടെ മാതൃദേവാലയമായ മുളന്തുരുത്തി ഉള്‍പ്പെടെയുള്ള ഏതാനും ദേവാലയങ്ങള്‍ കൂടി സഭയ്ക്കു നഷ്ടപ്പെട്ടതില്‍ അങ്ങേക്കും അങ്ങയുടെ സഭയ്ക്കുമുള്ള വേദനയിലും നഷ്ടത്തിലും മലങ്കര സുറിയാനി കത്തോലിക്കാ സഭ മറ്റു സഭകളോടൊപ്പം പങ്കു ചേരുന്നു.
ക്രിസ്തീയ സാക്ഷ്യവും സാഹോദര്യവും പൊതുസമൂഹത്തിന്റെ മുന്പിലും ക്രിസ്തീയ യുവതലമുറയുടെ മുന്‍പിലും പരാജയപ്പെടുന്നതില്‍ ഏറ്റം ഖേദിക്കുന്നു. യാക്കോബായ സുറിയാനി സഭയോടും മലങ്കര സുറിയാനി കത്തോലിക്ക സഭയ്ക്കുള്ള സ്നേഹവും ബന്ധവും പ്രാര്‍ത്ഥനയും അറിയിക്കുന്നു. വേദനകള്‍ ശമിക്കുവാനും സ്ഥായിയായി പരിഹാരം ഉണ്ടാകുന്നതിനും വേണ്ടി കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും പരിശുദ്ധ ദൈവമാതാവും സകല വിശുദ്ധരും ഈ വിഷയത്തില്‍ മാധ്യസ്ഥം വഹിക്കട്ടെയെന്നും കര്‍ദ്ദിനാള്‍ കത്തില്‍ കുറിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക