News
ദേവാലയത്തില്‍ മുടക്കം കൂടാതെ ആരാധനയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആയുസ് കൂടുന്നതായി പഠനം
സ്വന്തം ലേഖകന്‍ 17-05-2016 - Tuesday
വാഷിംഗ്ടണ്‍: സ്ഥിരമായി ദേവാലയത്തില്‍ പ്രാര്‍ത്ഥനകളില്‍ സംബന്ധിക്കുന്നവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് ആയുസ് കൂടുതലാണെന്നു പുതിയ പഠനം. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമാണു പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ആത്മീയതയ്ക്ക് ആയുസ് കൂട്ടുവാന്‍ കഴിയുമെന്നതിന്റെ ശാസ്ത്രീയ തെളിവുകൂടിയാണു പുതിയ പഠനം. 20 വര്‍ഷങ്ങള്‍ എടുത്തു നടത്തിയ പഠനത്തിന്റെ ഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കത്തോലിക്ക, പ്രോട്ടസ്റ്റന്റ് വിശ്വാസികളായ മുക്കാല്‍ ലക്ഷത്തില്‍ അധികം നഴ്‌സുമാരിലാണു പഠനം നടത്തിയത്. 20 വര്‍ഷത്തിനിടെ ഇവരില്‍ 13,000-ല്‍ അധികം നഴ്‌സുമാര്‍ മരണപ്പെട്ടു. എന്നാല്‍ ആഴ്ചയില്‍ ഒന്നില്‍ അധികം തവണ ദേവാലയത്തില്‍ ആരാധനകള്‍ക്കു പോയവരുടെ മരണസഖ്യം തീരെ കുറവായിരുന്നു. ഇത്തരത്തില്‍ ദേവാലയങ്ങളില്‍ പോയവരില്‍ മറ്റുള്ളവരേക്കാളും 33 ശതമാനം മരണസാധ്യത കുറവാണെന്നും പഠനം കണ്ടെത്തി. ആഴ്ചയില്‍ ഒരിക്കലെങ്കിലും ദേവാലയത്തില്‍ പോയവര്‍ ആയുസ്സ് തികയും മുമ്പ് മരണപ്പെടുവാനുള്ള സാധ്യത 26 ശതമാനം കുറവാണ്. ഒരുവട്ടത്തില്‍ താഴെ ആരാധനയില്‍ പങ്കെടുത്തവര്‍ക്കു പോലും മരണ സാധ്യതയില്‍ 13 ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയത്.
വിശ്വാസികളോടു ഡോക്ടറുമാര്‍ ദേവാലയങ്ങളില്‍ പോയി ആരാധനയില്‍ സംബന്ധിക്കണമെന്ന് ഉപദേശിക്കുന്നതു നല്ലതാണെന്നു പഠനത്തിനു നേതൃത്വം നല്‍കിയ വാണ്ടര്‍ വീലി പറയുന്നു. മരണനിരക്കില്‍ കുറവു വരുത്തുവാന്‍ പ്രാര്‍ത്ഥന സഹായിക്കുമെന്നു മുമ്പ് നടത്തിയ പല പഠനങ്ങളും തെളിയിച്ചിരുന്നു. മനസിനു ദൈവകൃപയാല്‍ ലഭിക്കുന്ന സൗഖ്യം മൂലമാണിതെന്നും പഠനത്തിനു വിധേയരായവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
വാണ്ടര്‍ വീലി പഠനം നടത്തിയവരില്‍ മറ്റു ചില പ്രത്യേകതകള്‍ കൂടി കണ്ടെത്തി. സ്ഥിരമായി ആരാധനയിലും പ്രാര്‍ത്ഥനയിലും സംബന്ധിക്കുന്നവരില്‍ മദ്യപാനവും പുകവലിയും കുറവാണ്. ഇത്തരം ആസക്തികളില്‍ നിന്നും പ്രാര്‍ത്ഥനയും ആത്മീയ കാര്യങ്ങളിലെ താല്‍പര്യവും മനുഷ്യനെ അകറ്റുന്നു. സാമൂഹിക ഇടപെടലുകള്‍ ദേവാലയങ്ങളില്‍ കൂടുതലാണെന്നതിനാല്‍ മാനസികമായ പിന്തുണ ആരാധനയില്‍ സംബന്ധിക്കുന്നവര്‍ക്കു ലഭിക്കുന്നുവെന്നും വാണ്ടര്‍ വീലി പറയുന്നു. ആത്മീയ കാര്യങ്ങളില്‍ മാത്രമല്ല, ആയുസിന്റെ കാര്യത്തിലും ആരാധന സഹായകരമാണെന്നു പുതിയ പഠനം തെളിയിക്കുന്നു.
