News - 2024

ദരിദ്രര്‍ക്കുള്ള ക്രിസ്ത്യന്‍ സംഘടനകളുടെ സഹായങ്ങൾ തടഞ്ഞുവെച്ച് ക്യൂബന്‍ സർക്കാർ

പ്രവാചക ശബ്ദം 02-09-2020 - Wednesday

ഹവാന: ക്യൂബയിലെ ദരിദ്ര കുടുംബങ്ങൾക്ക് അമേരിക്കയിൽ നിന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ അയച്ച ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ പിടിച്ചടക്കി ക്യൂബന്‍ സർക്കാർ. ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ വിതരണം ചെയ്യാനായി സ്വരൂപിച്ച വിഭവങ്ങളാണ് സർക്കാർ പിടിച്ചെടുത്തത്. ഫൗണ്ടേഷൻ ഫോർ പാൻ അമേരിക്കൻ ഡെമോക്രസി എന്ന സന്നദ്ധ സംഘടനയും, മനുഷ്യാവകാശ പ്രവർത്തകയായ റോസ മരിയ പായ, മയാമി മേയർ ഫ്രാൻസിസ് സുവാരസ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖര്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് അമേരിക്കൻ സെനറ്റിനും ജനപ്രതിനിധി സഭയ്ക്കും കത്തയച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ എതിർപ്പിനെ അവഗണിച്ച് ഭക്ഷണസാധനങ്ങളും, സാനിട്ടറി നാപ്കിനുകളും, സോപ്പും, മറ്റ് അവശ്യവസ്തുക്കളുമുൾപ്പെടെ സംഘടനയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത പതിനയ്യായിരത്തോളം ക്യൂബൻ കുടുംബങ്ങൾക്ക് നൽകാനായാണ് സ്വരൂപിച്ചത്. ക്യൂബയിൽ എത്തിയ ഉടനെ തന്നെ ഇവയെല്ലാം സർക്കാർ അനധികൃതമായി പിടിച്ചുവെക്കുകയായിരുന്നു. ക്യൂബൻ സമൂഹത്തിന്റെ വിവിധ തുറകളിൽ പൂർണമായും നിയന്ത്രണമുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടത്തി വരുന്നത്.

സർക്കാർ നൽകുന്ന തുച്ഛമായ വിഭവങ്ങൾ വാങ്ങാനായി ആളുകൾ ക്യൂവിൽ നിൽക്കുന്നത് കൊറോണ വൈറസ് വ്യാപിക്കുന്ന ഈ നാളുകളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും കത്തിൽ മുന്നറിയിപ്പുണ്ട്. അമേരിക്കയിൽ നിന്ന് അയക്കുന്ന സഹായങ്ങൾ ക്യൂബയിലെ കുടുംബങ്ങളിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മെയ് 25നു ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് കത്തയച്ച കാര്യവും കത്തിൽ പരാമർശിക്കുന്നുണ്ട്. കത്തോലിക്ക വിശ്വാസിയും, മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ഓസ്വാൾഡോ പായയുടെ മകളാണ് റോസ മരിയ പായ. അദ്ദേഹം വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന് ആരോപണമുണ്ടായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »