India - 2024
കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി
പ്രവാചക ശബ്ദം 14-09-2020 - Monday
കുടമാളൂര്‍ (കോട്ടയം): കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയെ ചങ്ങനാശേരി അതിരൂപതയിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി. ഇന്നലെ രാവിലെ 11ന് പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേസീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടനകേന്ദ്രമായി ഉയര്‍ത്തി പ്രഖ്യാപനം നടത്തിയത്. ഇതു സംബന്ധിച്ചുള്ള കല്‍പന ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു കര്‍ദ്ദിനാള്‍ കൈമാറി.
ഇംഗ്ലീഷിലുള്ള കല്‍പന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ റവ.ഡോ. വിന്‍സെന്റ് ചെറുവത്തൂരും മലയാളത്തിലുള്ള പരിഭാഷ ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ.തോമസ് പാടിയത്തും വായിച്ചു. വികാരി റവ.ഡോ. മാണി പുതിയിടത്തെ ആര്‍ച്ച് പ്രീസ്റ്റായി നിയമിച്ചുകൊണ്ടുള്ള കല്പന ചാന്‍സലര്‍ റവ.ഡോ. വിന്‍സെന്റ് ചെറുവത്തുര്‍ വായിക്കുകയും ആര്‍ച്ച് പ്രീസ്റ്റിനു കൈമാറുകയും ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആശംസകളര്‍പ്പിച്ചു. എട്ടുനോന്പു തിരുനാളിനോടനുബന്ധിച്ച് മാതാവിനെ സ്തുതിച്ച് എട്ടു ഗാനങ്ങള്‍ രചിച്ച് ഈണം പകര്‍ന്ന് സംഗീത വിരുന്നൊരുക്കിയ അസിസ്റ്റന്റ് വികാരി ഫാ. മിന്റോ മൂന്നുപറയിലിനു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉപഹാരം സമര്‍പ്പിച്ചു.
റവ.ഡോ.മാണി പുതിയിടം, അസിസ്റ്റന്റ് വികാരിമാരായ ഫാ. മിന്റോ മൂന്നുപറയില്‍, ഫാ.തോമസ് അഞ്ചുപങ്കില്‍, ഫാ. തോമസ് ചേക്കോന്തയില്‍, കൈക്കാരന്‍മാരായ പി.എസ് ദേവസ്യ പാലത്തൂര്‍, എ.സി. കുര്യന്‍ ആറേക്കാട്ടില്‍, ജയിംസ് ജോസഫ് മറ്റത്തില്‍, കെ.ജെ. സോമി കണ്ണമ്മത്ര, പിആര്‍ഒ സണ്ണി ജോര്‍ജ് ചാത്തുകുളം, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വി.ജെ. ജോസഫ് വേളാശേരില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.