Life In Christ - 2024
ക്ഷമയും കാരുണ്യവും ജീവിത രീതികളായിരുന്നെങ്കില്‍ ലോകത്തിന്റെ യാതനകളും മുറിവുകളും ഒഴിവാക്കാമായിരിന്നു: ഫ്രാന്‍സിസ് പാപ്പ
പ്രവാചക ശബ്ദം 15-09-2020 - Tuesday
വത്തിക്കാന്‍ സിറ്റി: ക്ഷമയും കാരുണ്യവും ജീവിതത്തിന്‍റെ രീതികളായിരുന്നെങ്കില്‍ ഈ ലോകത്തിലെ എത്രയെത്ര യാതനകളും മുറിവുകളും യുദ്ധങ്ങളും ഒഴിവാക്കാമായിരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. സെപ്തംബര്‍ 13 ഞായറാഴ്ച വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. എത്രയെത്ര കുടുംബങ്ങളിലാണ് സഹോദരങ്ങള്‍ ക്ഷമിക്കുവാനാവാതെയും, ക്ഷമിക്കുവാന്‍ അറിയാതെയും വെറുപ്പോടെ കഴിയുന്നതെന്നു പറഞ്ഞ പാപ്പ ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍, മാതാപിതാക്കള്‍ തമ്മില്‍, മക്കള്‍ തമ്മില്‍, സമൂഹങ്ങള്‍ തമ്മില്‍, എന്തിന് സഭയിലും സമൂഹത്തിലും, രാഷ്ട്രീയത്തിലും എല്ലാ മനുഷ്യബന്ധങ്ങളിലും കാരുണ്യമുള്ള സ്നേഹത്തിന് ഇടം നല്കേണ്ടിയിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു.
ക്ഷമിക്കുക അത്ര എളുപ്പമല്ല. കാരണം ചിലപ്പോള്‍ ഉള്ളു മന്ത്രിക്കും-ഇയാള്‍ എന്തെല്ലാം തനിക്ക് എതിരായി ചെയ്തിരിക്കുന്നു. അതുപോലെ താനും അപരന് എതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പ്രതികാരമാണ് പൊതുവെ മനുഷ്യമനസ്സുകളില്‍ അധികമായി ഊര്‍ന്നിറങ്ങുന്നത്. എന്നാല്‍ ക്ഷമയാണു നല്ലതെന്ന് മനസ്സ് മന്ത്രിക്കുന്നുമുണ്ട്. എന്നിട്ടും പ്രതികാരം ഒരു വേനല്‍ പ്രാണിയെപോലെ തലയ്ക്കു മീതെ ചുറ്റും കറങ്ങി നടക്കുന്നു, ക്ഷമ നൈമിഷികമായ പ്രവൃത്തിയല്ല. പിന്നെയും പിന്നെയും തിരികെ വരുന്ന പ്രതികാരത്തെ ചെറുക്കേണ്ട നിരന്തരമായ പ്രതിരോധമാണത്. അതിനാല്‍ വെറുപ്പില്ലാതെ ജീവിക്കാന്‍ സ്വയം പരിശ്രമിക്കണം. ക്ഷമ സ്വായത്തമാക്കണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.
“ഞങ്ങളോടു തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ...” നാം നൂറുവട്ടം ആവര്‍ത്തിക്കുന്ന ക്രിസ്തു പഠിപ്പിച്ച ഈ പ്രാര്‍ത്ഥന നിര്‍ണ്ണായകമായൊരു സത്യം വെളിപ്പെടുത്തുന്നുണ്ട്. അതായത് നാം സഹോദരങ്ങളോടു ക്ഷമിക്കാതെ ദൈവം നമ്മോടു ക്ഷമിക്കുകയില്ല. അതിനാല്‍ അന്ത്യവിധിയില്‍ ദൈവം നമ്മോടു കാണിക്കേണ്ട കരുണയെക്കുറിച്ച് അവബോധമുണ്ടെങ്കില്‍ നാം ഇന്ന് സഹോദരങ്ങളോട് ക്ഷമിക്കുകയും, വെറുപ്പ് പൂര്‍ണ്ണമായി ഉപേക്ഷിക്കുകയും വേണം. നാം ക്ഷമിക്കുകയും സ്നേഹിക്കുകയും ചെയ്തില്ലെങ്കില്‍ നമ്മോടും ആരും ക്ഷമ കാണിക്കുയോ, നമ്മെ സ്നേഹിക്കുയോ ചെയ്യുകയില്ലെന്നും പാപ്പ പറഞ്ഞു.
ക്ഷമാശീലനായ ദൈവത്തോടു നാം എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കുവാനും ഹൃദയങ്ങള്‍ എപ്പോഴും കരുണയും നന്മയുമുള്ളതുമായി സൂക്ഷിക്കുവാനും കന്യകാനാഥയുടെ മാധ്യസ്ഥം തേടാം, എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക