News - 2024

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സിദ്ധാന്തങ്ങള്‍ക്കു അനുസൃതമായി ചൈന ബൈബിള്‍ മാറ്റിയെഴുതുന്നു: ആരോപണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

പ്രവാചക ശബ്ദം 01-10-2020 - Thursday

വാഷിംഗ്ടണ്‍ ഡി‌.സി: ആഗോള ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിദ്ധാന്തങ്ങള്‍ക്കു അനുസൃതമായി മാറ്റിയെഴുതുകയാണെന്ന ആരോപണവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. കഴിഞ്ഞ ദിവസം നടന്ന ‘വാല്യു വോട്ടര്‍ ഉച്ചകോടി 2020’ യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ കമ്മ്യൂണിസ്റ്റുവത്കരിക്കുവാന്‍ ശ്രമിക്കുകയാണെന്നും, ചൈനയിലെ ക്രൈസ്തവര്‍ ഇക്കാലത്ത് തങ്ങളുടെ വിശ്വാസം മുന്നോട്ട് കൊണ്ടുപോകുവാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ തങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും പോപിയോ പറഞ്ഞു. ലോകമെമ്പാടും ആധിപത്യം നേടുവാനാണ് ചൈന ശ്രമിക്കുന്നതെന്നും പോംപിയോ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ക്രൈസ്തവ വിശ്വാസത്തെ കമ്മ്യൂണിസവത്കരിക്കുവാന്‍ പഞ്ചവത്സരപദ്ധതിക്ക് തന്നെ ചൈനീസ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നു ‘പേസെക്യൂഷന്‍ വാച്ച്ഡോഗ് ചൈന എയിഡ്’ എന്ന സംഘടനയുടെ സ്ഥാപകനും ഭവനദേവാലയത്തിനു നേതൃത്വം നല്‍കിയ കുറ്റത്തിന് 2018-ല്‍ ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്ത റവ. ബോബ് ഫു യുഎസ് കോണ്‍ഗ്രസില്‍ വെളിപ്പെടുത്തിയിരിന്നു. ചൈനയിലെ ബുദ്ധിസ്റ്റ്, സോഷ്യലിസ്റ്റ് ആശയങ്ങള്‍ പുതിയ നിയമത്തില്‍ കുത്തിത്തിരുകി അവ ദൈവനിവേശിതമെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള ശ്രമമാണെന്നായിരിന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

പുതിയ ബൈബിള്‍ പാശ്ചാത്യവത്കരിക്കപ്പെടാതിരിക്കുവാനും, കണ്‍ഫ്യൂഷനിസം, സോഷ്യലിസം പോലെയുള്ള ചൈനീസ് ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനും വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ക്രൈസ്തവ വിശ്വാസത്തിന് കടുത്ത നിയന്ത്രണമുള്ള രാജ്യമാണ് ചൈന. ക്രൈസ്തവ ദേവാലയങ്ങളിലെ കുരിശുകള്‍ മാറ്റുവാനും, യേശുവിന്റെ രൂപങ്ങള്‍ക്ക് പകരം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും രാജ്യത്തെ ഭരണകൂടം നേരത്തെ ഉത്തരവിട്ടിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »