News
അയര്‍ലണ്ടില്‍ പൊതു ആരാധനകള്‍ക്ക് വീണ്ടും വിലക്ക്: ദുഃഖവും വിമര്‍ശനവും അറിയിച്ച് ക്രൈസ്തവ സമൂഹം
പ്രവാചക ശബ്ദം 07-10-2020 - Wednesday
ഡബ്ലിന്‍: യൂറോപ്യന്‍ രാജ്യമായ അയര്‍ലണ്ടില്‍ ഇന്നു മുതല്‍ പൊതു ആരാധനകള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ രാജ്യത്തെ ക്രൈസ്തവ സമൂഹം നിരാശയില്‍. കൊറോണ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് രാഷ്ട്രം പ്രവേശിക്കുവാന്‍ പോവുകയാണെന്നും, ബുധനാഴ്ച മുതല്‍ ദേവാലയങ്ങളില്‍ പൊതു ആരാധനകള്‍ പാടില്ലെന്നും തിരുകര്‍മ്മങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കണമെന്നും നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍ പ്രഖ്യാപനം തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്.
അതേസമയം ആളുകള്‍ തടിച്ചുകൂടുന്ന കടകള്‍, ഭക്ഷണശാലകള്‍, ജിം, ഹെയര്‍പാര്‍ലര്‍ പോലെയുള്ള കച്ചവട സ്ഥാപനങ്ങള്‍ തുറക്കാമെങ്കില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു പങ്കെടുക്കുന്ന പൊതു ആരാധനകള്‍ വിലക്കുന്നതിന്റെ പിന്നിലെ യുക്തി എന്താണെന്നാണ് വിശ്വാസികളും വിമര്‍ശകരും ചോദിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ കൊറോണയുടെ ആരംഭത്തില്‍ അയര്‍ലണ്ടില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നപ്പോഴും പൊതു ആരാധനകള്‍ റദ്ദാക്കിയിരുന്നു. സഭാധികാരികള്‍ സര്‍ക്കാരുമായി സഹകരിച്ച് തയ്യാറാക്കിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം ജൂണ്‍ മുതലാണ് പൊതു വിശുദ്ധ കുര്‍ബാന പുനഃരാരംഭിച്ചത്. ഇതാണ് വീണ്ടും നിര്‍ത്തലാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ നടപടിയെ നിരാശജനകമെന്ന് സെനറ്റര്‍ റോണന്‍ മുള്ളന്‍ വിശേഷിപ്പിച്ചു. ദേവാലയങ്ങള്‍ തുറക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറാക്കിയ ശേഷം ഇപ്പോള്‍ പൊതു ആരാധനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് നിരാശാജനകം തന്നെയാണെന്നു ഐറിഷ് കാത്തലിക് ന്യൂസ് പേപ്പറിന്റെ എഡിറ്ററായ മൈക്കേല്‍ കെല്ലിയും അഭിപ്രായപ്പെട്ടു. നിലവില്‍ അനുവദനീയമായ കാര്യങ്ങളേക്കാള്‍ കൂടുതല്‍ രോഗഭീഷണി പൊതു ആരാധനയ്ക്കുണ്ടെന്നതിന് യാതൊരു തെളിവും ഇല്ലെന്നിരിക്കെ ശുശ്രൂഷകള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ ഉന്നത സഭാധികാരികള്‍ കൂടുതല്‍ ശബ്ദമുയര്‍ത്തണമെന്നു അയോണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രോലൈഫ് പ്രവര്‍ത്തകന്‍ ഡേവിഡ് ക്വിന്‍ ആവശ്യപ്പെട്ടു. സ്വകാര്യ പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയം തുറക്കുവാനും, 25 പേരില്‍ കൂടാതെ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിവാഹങ്ങളും, ശവസംസ്കാര ചടങ്ങുകളും നടത്താന്‍ അനുവാദമുണ്ട്. അതേസമയം പൊതുആരാധനകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച ഐറിഷ് മെത്രാന്‍ സമിതിയുടെ പ്രതികരണം ഇന്ന്‍ പുറത്തുവരുമെന്നാണ് സൂചന.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക