India - 2024

ക്രൈസ്തവ മിഷ്ണറിമാരെ മാവോയിസ്റ്റുകളായി ക്രൂശിച്ച് ജയിലിലടയ്ക്കുന്ന ക്രൂരത ചോദ്യം ചെയ്യപ്പെടണം: സി‌ബി‌സി‌ഐ

പ്രവാചക ശബ്ദം 12-10-2020 - Monday

കൊച്ചി: പീഡിതരും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ആദിവാസി, ദളിത്, പിന്നാക്ക സമൂഹത്തിനുവേണ്ടി ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ ജീവിതം സമര്‍പ്പിച്ച് നിസ്വാര്‍ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷ്ണറിമാരെ മാവോയിസ്റ്റുകളായി ക്രൂശിച്ച് ജയിലിലടയ്ക്കുന്ന ക്രൂരത ചോദ്യംചെയ്യപ്പെടണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ക്രൈസ്തവ സ്‌നേഹത്തിന്റെയും ശുശ്രൂഷകളുടെയും ചരിത്രം പഠിക്കാത്തവരുടെ നീതി നിഷേധങ്ങളും അധികാര ദുര്‍വിനിയോവും ജനാധിപത്യ ഭാരതത്തിന് കളങ്കമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിവാസി, ദളിത്, പിന്നാക്ക സമൂഹത്തിനുവേണ്ടി ജീവിച്ച് പ്രായാധിക്യ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ ഇന്ത്യയിലെ പൊതുസമൂഹം പ്രതികരിക്കണം. ഭീമ കൊറോഗാവ് പ്രക്ഷോഭവുമായും എല്‍ഗാര്‍ പരിഷത്ത് സമ്മേളനവുമായും അദ്ദേഹത്തെ ബന്ധപ്പെടുത്തി കുറ്റവാളിയായി ആരോപിച്ച് പലതവണ ചോദ്യം ചെയ്യലുകള്‍ നടത്തിയിട്ടും ആസൂത്രിത അജന്ഡകകള്‍ ലക്ഷ്യംകാണാതെ ഇപ്പോള്‍ ജയിലിലടച്ചിരിക്കുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ഫാ. സ്റ്റാന്‍ സ്വാമിക്കായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. 'സ്റ്റാന്‍ഡ് വിത്ത് സ്റ്റാന്‍' മുദ്രാവാക്യമുയര്‍ത്തി വിവിധ സാമുദായിക സാമൂഹ്യ പ്രസ്ഥാനങ്ങളും നേതാക്കളും പങ്കുചേരും. ഫാ. സ്റ്റാന്‍ സ്വാമിയെ ജയില്‍ വിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം സമര്‍പ്പിക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »