News - 2024
ക്രിസ്തു വിശ്വാസം സ്വീകരിച്ച ആദിവാസികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നല്‍കരുത്: ക്രിസ്തുമസിന് റാലി നടത്താന്‍ ആര്‍എസ്‌എസ് സംഘടന
പ്രവാചകശബ്ദം 01-12-2023 - Friday
അഗര്‍ത്തല: ക്രിസ്തു വിശ്വാസവും, ഇസ്ലാം മതവും സ്വീകരിച്ച ആദിവാസികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകരുതെന്ന് ആവശ്യപ്പെട്ട് ക്രിസ്തുമസ് ദിനത്തിൽ റാലി നടത്താൻ ആഹ്വാനം ചെയ്ത ഹൈന്ദവ സംഘടനയായ ജനജാതി ധർമ്മ സംസ്കൃതി സുരക്ഷാ മഞ്ചിന്റെ നിലപാടിനെതിരെ ക്രൈസ്തവ നേതാക്കളും, ബിജെപി ഇതര പാർട്ടി നേതാക്കളും രംഗത്ത്. ഡിസംബർ 25നു ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ റാലി നടത്താനുള്ള ആഹ്വാനമാണ് സംഘടന നൽകിയിരിക്കുന്നത്. ക്രൈസ്തവ, ഇസ്ലാം മതങ്ങൾ വിദേശ മതങ്ങൾ ആണെന്നും അതിനാൽ ഈ മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ആദിവാസികളെ പട്ടികജാതിക്കാരുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നുമാണ് ആർഎസ്എസുമായി ബന്ധമുള്ള സംഘടന പറയുന്നത്.
അതുവഴി ഇവർക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ, തൊഴിൽ ആനുകൂല്യങ്ങൾ ഇല്ലാതാക്കാൻ സാധിക്കും. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പരിപാവനമായ ക്രിസ്തുമസ് ദിവസം തന്നെ ഇങ്ങനെ ഒരു റാലിക്ക് ആഹ്വാനം ചെയ്തത് കൃത്യമായ ആസൂത്രണത്തോടെ തന്നെയാണെന്നു തോന്നുന്നതായി അഗർത്തല രൂപതയുടെ കമ്മ്യൂണിക്കേഷൻ വിഭാഗം സെക്രട്ടറി ഫാ. ഇവാൻ ഡി സിൽവ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും യോഗം പ്രഖ്യാപിച്ചിട്ടുണ്ടെന്നും, റാലിയെ എതിർക്കാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം യുസിഎ ന്യൂസിനോട് നവംബർ 29നു പ്രതികരിച്ചു.
ആദിവാസികളെ അവരുടെ ഭരണഘടന അവകാശങ്ങളെ പറ്റി ബോധവാന്മാരാക്കാൻ ക്യാമ്പയിനും ആഹ്വാനം നൽകിയിട്ടുണ്ടെന്ന് ഫാ,. ഡി സിൽവ പറഞ്ഞു. ഹൈന്ദവ സംഘടന പ്രഖ്യാപിച്ച റാലി അടുത്ത വർഷത്തെ ദേശീയ തെരഞ്ഞെടുപ്പിനെ മുന്‍പില്‍ കണ്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയ പരിപാടിയായിട്ടാണ് തോന്നുന്നതെന്ന് ആദിവാസികൾക്ക് വേണ്ടിയുള്ള ഭാരത മെത്രാൻ സമിതിയുടെ ഓഫീസിൻറെ സെക്രട്ടറി ചുമതല വഹിക്കുന്ന ഫാ. നിക്കോളാസ് ബർല പറഞ്ഞു. ഹൈന്ദവ അനുകൂല പാർട്ടികൾക്ക് തിരഞ്ഞെടുപ്പിൽ ഗുണം ഉണ്ടാകാൻ വേണ്ടി ആദിവാസികളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആകെ ജനസംഖ്യയുടെ 4.35% മാത്രമാണ് ത്രിപുരയിലെ ക്രൈസ്തവര്‍.