News - 2024
സാമുവൽ പാറ്റിയുടെ കൊലപാതകം: ഐഎസ് കഴുത്തറുത്ത ഫാ. ഹാമെലിന്റെ സ്മാരകത്തിൽ അനുശോചനം രേഖപ്പെടുത്തി മതനേതാക്കൾ
പ്രവാചക ശബ്ദം 20-10-2020 - Tuesday
പാരീസ്: ഫ്രാൻസിൽ ഇസ്ലാമിക തീവ്രവാദി കൊലപ്പെടുത്തിയ സാമുവൽ പാറ്റിയോടുള്ള ആദരസൂചകമായി 2016ൽ തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ കത്തോലിക്ക വൈദികൻ ഫാ. ജാക്വസ് ഹാമെലിന്റെ സ്മാരകത്തിൽ ഫ്രാൻസിലെ മതനേതാക്കൾ ഒത്തു ചേർന്നു. ഹാമെൽ രക്തസാക്ഷിയായ സെന്റ് എറ്റിനി ഡു റൂവ്റേ ദേവാലയത്തിനു സമീപത്തെ സ്മാരകത്തിലാണ് റൂവൻ അതിരൂപതയുടെ ആർച്ച് ബിഷപ്പായ ഡോമിനിക്ക് ലെബ്രൂണും, യഹൂദ, മുസ്ലിം നേതാക്കളും അനുശോചനം അർപ്പിക്കാനായി എത്തിയത്. ഒരു മിനിറ്റ് നേരം നിശബ്ദരായി അവർ പ്രാർത്ഥന സമർപ്പിച്ചു.
റൂവനിലെ മതാന്തര കമ്മിറ്റി അധ്യാപകന്റെ കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെ അവഹേളിച്ചുയെന്ന ആരോപണം ഉന്നയിച്ചാണ് ചെചൻ വംശജനായ അബ്ദുള്ളക്ക അൻസൊറോവ് എന്ന യുവാവ് നടുറോഡിൽ ചരിത്ര അധ്യാപകനായിരുന്ന സാമുവേലിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അള്ളാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചാണ് 18 വയസുകാരനായ അൻസൊറോവ് അതിക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ദൈവം ആരെയും കൊല ചെയ്യാൻ ആവശ്യപ്പെടുകയില്ലെന്ന്, കമ്മിറ്റി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. അക്രമത്തിന്റെ പാത വെടിഞ്ഞ് സംവാദത്തിന്റെ പാത സ്വീകരിക്കുന്നതിന് വേണ്ടിയുള്ള പരിശീലനം തങ്ങളുടെ യുവജനങ്ങൾക്ക് നൽകാൻ തങ്ങൾക്ക് കടമയുണ്ടെന്നും മതാന്തര കമ്മിറ്റിയിലെ ഓരോ അംഗവും വ്യക്തമാക്കി. ഒക്ടോബർ 17നു പുറത്തുവിട്ട മറ്റൊരു കുറുപ്പിൽ ആർച്ച് ബിഷപ്പ് ഡോമിനിക്ക് ലെബ്രൂൺ സാമുവൽ പാറ്റിയുടെ കുടുംബത്തെ തന്റെ അനുശോചനം അറിയിച്ചു. ലെബ്രൂണിന്റെ രൂപതയിലെ അംഗമായിരുന്നു ഫാ. ഹാമെൽ. മറ്റ് ഏതാനും ഫ്രഞ്ച് മെത്രാന്മാരും പാറ്റിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
2016 ജൂലൈ മാസം ഇരുപത്തിയാറാം തീയതിയാണ് വിശുദ്ധ കുർബാന അർപ്പിക്കുന്ന സമയത്ത് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അതേവർഷം തന്നെ രൂപത ഹാമെലിന്റെ നാമകരണ നടപടികൾക്കും തുടക്കമിട്ടിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക