Christian Prayer - May 2025
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തി രണ്ടാം തീയതി
വണക്കമാസം 22-05-2024 - Wednesday
"യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു" (യോഹന്നാന്‍ 19:25).
സഹരക്ഷകയായ പരിശുദ്ധ അമ്മ
ദൈവം മനുഷ്യനെ സൃഷ്ടിച്ചു. പരമോന്നതമായ സ്ഥാനത്തിന് അര്‍ഹനാക്കുകയും ചെയ്തു. പക്ഷെ പാപത്താല്‍ ഈ മഹനീയപദം നമുക്ക് നഷ്ടപ്പെട്ടു. പരിതാപകരമായ ഈ സ്ഥിതിയില്‍ നിന്നും മനുഷ്യകുലത്തെ രക്ഷിക്കുന്നതിന് അനന്തനന്മയായ ദൈവം കാരുണ്യപൂര്‍വ്വം തിരുമനസ്സായി. ആദിമാതാപിതാക്കന്മാരുടെ പതനം നിമിത്തം മനുഷ്യസ്വഭാവത്തില്‍ തന്നെ ഒരു തകിടംമറിച്ചില്‍ സംഭവിച്ചു.
ദൈവപരിപാലന, മനുഷ്യനെ മനുഷ്യന്‍ വഴിയായി പുനരുദ്ധരിക്കുന്നതിനാണ് ക്രമീകരിച്ചത്. പാപപങ്കിലമായ മാനവരാശിക്ക് അതിന്‍റെ തന്നെ പരിത്രാണകൃത്യം നിര്‍വഹിക്കുക അസാദ്ധ്യമാണ്. അതിനാല്‍ ദൈവസുതനായ യേശു മനുഷ്യനായി അവതരിച്ചു. മിശിഹാ അവിടുത്തെ പീഢാനുഭവവും മരണവും വഴി പൈശാചികതയില്‍ അടിമപ്പെട്ട ലോകത്തെ രക്ഷിക്കുന്നു.
കാല്‍വരിയിലെ മഹായജ്ഞം വഴി സമ്പാദിച്ച പ്രസാദവരത്താല്‍ മനുഷ്യകുലത്തെ സ്വപിതാവുമായി അവിടുന്ന്‍ ഐക്യപ്പെടുത്തി. മിശിഹായോടുകൂടി പരിത്രാണകര്‍മ്മത്തിന്‍റെ ഓരോ രംഗത്തിലും ഏറ്റവും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിച്ച വ്യക്തിയെ നാം കാണുന്നുണ്ട്. അത് ദൈവജനനിയായ പ.കന്യകാമറിയമല്ലാതെ മറ്റാരുമല്ല.
പരിത്രാണകര്‍മ്മത്തിന്‍റെ കേന്ദ്രവും അതിനു മകുടം ചാര്‍ത്തുന്നതുമായ സംഭവമാണ് കാല്‍വരിയിലെ മഹോന്നതമായ ബലി. പ.കന്യക മിശിഹായ്ക്കു വിധേയയായി, മിശിഹായോടുകൂടി അവിടുത്തെ ഹോമബലിയില്‍ ഏറ്റവും വലിയ സഹനത്തിലൂടെ സഹകരിച്ച് ലോകപാപത്തിനു പരിഹാരമര്‍പ്പിക്കുകയും മാനവകുലത്തിന് മുഴുവന്‍വേണ്ടി ആ ത്യാഗം സന്തോഷപൂര്‍വ്വം സഹിക്കുകയും ചെയ്തു.
മനുഷ്യകുലത്തിന്‍റെ നാശത്തിന് ആദവും ഹവ്വയും ഉത്തരവാദികളായതു പോലെ അതിന്‍റെ പരിത്രാണകര്‍മ്മത്തില്‍ രണ്ടാമത്തെ ആദമായ മിശിഹായും പുതിയ ഹവ്വായായ പ.കന്യകയും കാരണഭൂതരായി.
സഭാപിതാക്കന്മാരെല്ലാവരും തന്നെ പ.കന്യകയെ ഹവ്വായോടു ഉപമിച്ചിരിക്കുന്നത് കേവലം ആലങ്കാരികമായിട്ടല്ല. ഈശോയും മേരിയും തമ്മിലുള്ള ഐക്യം അഗാധമായതിനാലാണ്. മിശിഹായുടെ പീഢാനുഭവത്തിന്‍റെ അവസരത്തില്‍ മരിയാംബിക കുരിശിന്‍ചുവട്ടില്‍ സന്നിഹിതയായിരുന്നു (യോഹ.19:22-23). അവള്‍ മാനവവംശത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് ആ മഹാബലിയോട് യോജിച്ച് സ്വയം സമര്‍പ്പിച്ചു.
മിശിഹായോടുള്ള കന്യാംബികയുടെ സ്നേഹവും ഐക്യവും മഹത്തരമായിരുന്നതിനാല്‍ മിശിഹാ ശാരീരികമായി സഹിച്ചതെല്ലാം പ.കന്യക അവളുടെ ഹൃദയത്തില്‍ സഹിക്കുകയുണ്ടായി. മിശിഹായോടുകൂടി സഹിച്ച മറിയത്തിന്‍റെ സ്നേഹം എത്ര അപാരമാണ്. പരിഹാരമര്‍പ്പിച്ച കൃത്യം എത്ര മഹത്തരമാണ്. അവളുടെ ദൈവമാതൃത്വം വഴി അവള്‍ സകല സൃഷ്ടികള്‍ക്കും അതീതയായിത്തീര്‍ന്നു. എല്ലാ പാപമാലിന്യങ്ങളില്‍ നിന്നും നിശ്ശേഷം വിമുക്തയായി.
ഹൃദയവ്യഥയുടെ തീച്ചൂളയില്‍ നമുക്കുവേണ്ടി പ.കന്യക സ്വയം ഹോമിച്ചു. ഒരു വ്യക്തി പരിപൂര്‍ണ്ണത പ്രാപിക്കുന്നത് മിശിഹായുടെ പരിത്രാണ കൃത്യത്തില്‍ എത്രമാതം സഹകരിക്കുന്നുവോ അതിന്‍റെ തോതനുസരിച്ചാണ്. നരകുലപരിത്രാതാവായ മിശിഹാ കഴിഞ്ഞാല്‍ നമ്മുടെ രക്ഷണീയ കര്‍മ്മത്തില്‍ ഏറ്റവും കൂടുതല്‍ സഹകരിച്ചത് ദൈവമാതാവാണെന്നു നിസ്തര്‍ക്കം പറയുവാന്‍ സാധിക്കും. അതിനാല്‍ പ.കന്യകയേ 'സഹരക്ഷക' എന്നു അഭിസംബോധന ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. തന്നിമിത്തം എല്ലാ മനുഷ്യരും ഈ മാതാവിനെ ബഹുമാനിക്കുകയും അവിടുത്തെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്.
സംഭവം
കേരളത്തിലെ ഒരു ക്രൈസ്തവ ദേവാലയത്തിന്‍റെ മുന്‍വശത്തുള്ള ചാപ്പലില്‍ അമലോത്ഭവ മാതാവിന്‍റെ ഒരു മനോഹരമായ സ്വരൂപമുണ്ട്. ഒരു ദിവസം രണ്ടു മൂന്നു അക്രൈസ്തവര്‍ മദ്യപാനം കഴിഞ്ഞിട്ട് അതിലെ വരുമ്പോള്‍ അവരിലൊരാള്‍ വളരെ ഹീനമായ വിധത്തില്‍ പ.കന്യകയുടെ രൂപത്തെ നോക്കി ഇപ്രകാരം പറഞ്ഞു: "ഇവള്‍ നൃത്തം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. തുടങ്ങടീ നിന്‍റെ നൃത്തം" ഇതു പറഞ്ഞ് അഞ്ചാറടി മുമ്പോട്ടു വച്ചപ്പോള്‍ ഉടനെതന്നെ അയാള്‍ സര്‍പ്പദംശനമേറ്റു. അയാളെ വിഷവൈദ്യന്‍റെ അടുത്തു കൊണ്ടുചെന്നപ്പോള്‍ അയാളുടെ മറുപടി ഇങ്ങനെയായിരിന്നു, "വിഷം ചികിത്സിച്ചു ഭേദപ്പെടുത്തുവാന്‍ സാദ്ധ്യമല്ല, ദൈവകോപമാണ്". അതിനു പരിഹാരമര്‍പ്പിക്കണമെന്ന് വൈദ്യന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ആ മനുഷ്യനും അയാളുടെ കുടുംബാംഗങ്ങളും ദേവാലയത്തില്‍ വന്നു. പ്രത്യേകം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു മരണത്തില്‍ നിന്നു രക്ഷ പ്രാപിക്കുകയും ചെയ്തു. ഇപ്പോള്‍ അവിടുത്തെ അക്രൈസ്തവര്‍ക്കു പോലും മാതാവിനോടു വലിയ ഭക്തിയാണ്.
പ്രാര്‍ത്ഥന
ദൈവമാതാവേ! അവിടുത്തെ ദിവ്യസുതനോടു കൂടി ഞങ്ങളുടെ രക്ഷാകര്‍മ്മത്തില്‍ അവിടുന്നു നിസ്തുലമായ പങ്കുവഹിച്ചുവല്ലോ. ഇനിയും ഞങ്ങളുടെ ഒരോരുത്തരുടേയും രക്ഷണീയ കര്‍മ്മത്തില്‍ അവിടുന്നു സഹകരിക്കുന്നുണ്ട്. ദിവ്യനാഥേ, ഞങ്ങള്‍ എല്ലാവരും സ്വര്‍ഗ്ഗീയ സൗഭാഗ്യത്തില്‍ വന്നുചേരുന്നതുവരെ ഞങ്ങളുടെ നിത്യരക്ഷയ്ക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്കു നല്‍കേണമേ. അങ്ങേ ദിവ്യസുതന്‍റെ രക്ഷാകര്‍മ്മത്തില്‍ സഹകരിച്ച് അജ്ഞാനികളെ മാനസാന്തരപ്പെടുത്തുവാനും അകത്തോലിക്കരുടെ പുനരൈക്യത്തിനും ഇടയാകട്ടെ. നാഥേ, അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ഞങ്ങളുടെ അഭയവും ശക്തിയും നീ തന്നെ. ഞങ്ങളെ സഹായിക്കണമേ.
വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം
എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ.
ആമ്മേനീശോ.
* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(മൂന്നു പ്രാവശ്യം ചൊല്ലുക).
ദൈവമാതാവിന്റെ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദീശാ തമ്പുരാനേ,
എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,
പരിശുദ്ധ മറിയമേ
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
ദൈവകുമാരന്‍റെ പുണ്യജനനി,
കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദവരത്തിന്‍റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
അത്യന്ത വിരക്തിയുള്ള മാതാവേ,
കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,
കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്‍റെ മാതാവേ,
സ്രഷ്ടാവിന്‍റെ മാതാവേ,
രക്ഷിതാവിന്‍റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,
ആത്മജ്ഞാന പൂരിത പാത്രമേ,
ബഹുമാനത്തിന്‍റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,
ദാവീദിന്‍റെ കോട്ടയെ,
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്‍റെ പെട്ടകമേ,
ആകാശ മോക്ഷത്തിന്‍റെ വാതിലേ,
ഉഷകാലത്തിന്‍റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്‍മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
ബാവാന്മാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹന്‍മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദനീയന്‍മാരുടെ രാജ്ഞി,
കന്യാസ്ത്രീകളുടെ രാജ്ഞി,
സകല പുണ്യവാന്മാരുടെയും രാജ്ഞി,
അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,
സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്‍റെ രാജ്ഞി,
കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,
(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)
ഭൂലോക പാപങ്ങളെ നീക്കുന്ന....
(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)
ഭൂലോക പാപങ്ങളെ നീക്കുന്ന.....
(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
സുകൃതജപം
കുരിശിലെ യാഗവേദിയില്‍ സന്നിഹിതയായ ദൈവമാതാവേ, ഞങ്ങളുടെ ജീവിതബലി പൂര്‍ത്തിയാക്കുവാന്‍ സഹായിക്കണമേ.
ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക