News - 2025

വിശുദ്ധയാകുവാന്‍ തയ്യാറെടുക്കുന്ന കൊച്ചു മാലാഖയായി അന്റോണീറ്റ മിയോ

സ്വന്തം ലേഖകന്‍ 23-05-2016 - Monday

വത്തിക്കാന്‍: വെറും ആറു വർഷം മാത്രം ഈ ഭൂമിയിൽ ജീവിച്ച അന്റോണീറ്റ മിയോ എന്ന ബാലിക ദൈവഹിതമായാല്‍ അടുത്തു തന്നെ വിശുദ്ധയാകും. അങ്ങനെ സംഭവിച്ചാല്‍ അതു ചരിത്രത്തിന്റെ കൂടെ ഭാഗമാകും. കാരണം, രക്തസാക്ഷിയാകാതെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പ്രായംകുറഞ്ഞ വ്യക്തിയായി അന്റോണീറ്റ മിയോ മാറും. റോമില്‍ താമസിച്ചിരുന്ന ഈ ചെറുബാലികയെ വിശുദ്ധിയിലേക്കു നയിച്ച സംഭവം എന്താണെന്നല്ലേ?. സഹനത്തിലും ദൈവത്തെ മുറുകെ പിടിക്കുവാനുള്ള ചെറുപൈതലിന്റെ താല്‍പര്യവും അവളുടെ എഴുത്തുകളുമാണു വിശ്വാസ വീരരുടെ ഗണത്തിലേക്ക് അവളെ ഉയര്‍ത്തുന്നത്.

1930 ഡിസംബര്‍ മാസം 15-നാണ് അന്റോണീറ്റ ജനിച്ചത്. നിനോലിന എന്ന ഓമനപേരാണ് അന്റോണീറ്റക്ക് അവളുടെ വീട്ടുകാര്‍ നല്‍കിയത്. അഞ്ചാം വയസില്‍ കുഞ്ഞ് അന്റോണീറ്റയുടെ മുട്ടില്‍ ഒരു ചെറിയ മുറിവ് പറ്റി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അത് സുഖപ്പെട്ടില്ല. പിന്നീട് ആശുപത്രിയില്‍ കാണിച്ചു പരിശോധനകള്‍ നടത്തിയപ്പോളാണ് അന്റോണീറ്റയ്ക്ക് എല്ലുകളെ ബാധിക്കുന്ന മാരക ക്യാന്‍സറാണെന്നു കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അവളുടെ കാല്‍ മുറിച്ചു മാറ്റി. പിന്നീട് ക്രിതൃമ കാലുകള്‍ ഘടിപ്പിച്ചു. വേദനയെല്ലാം കുഞ്ഞ് അന്റോണീറ്റ പുഞ്ചിരിയോടെ സഹിച്ചു.

ഈ സമയത്തെല്ലാം അന്റോണീറ്റ മിയോ ചില എഴുത്തുകള്‍ എഴുതിയിരുന്നു. തന്റെ സൃഷ്ടിതാവായ ദൈവത്തിനും ദൈവകുമാരനെ പ്രസവിച്ച കന്യകമറിയാമിനുമുള്ളവയായിരുന്നു അവ. അവളുടെ പ്രായത്തിലുള്ള ഒരു ബാലികയുടെ ബുദ്ധിക്കും അപ്പുറമാണ് ഈ എഴുത്തിലെ മിക്ക വരികളും. "പ്രിയ ഉണ്ണിയിശോയെ...നീ പരിശുദ്ധനാണ്...നീ നല്ലവനാണ്...എന്നെ സഹായിക്കൂ...എന്റെ കാലുകള്‍ക്ക് നീ സൗഖ്യം പകര്‍ന്നു നല്‍കു...അങ്ങയുടെ ഹിതം എങ്ങനെയാണോ അതെന്നില്‍ നിറവേറട്ടെ". അന്റോണീറ്റയുടെ ഒരു കത്തിലെ ചില വരികളാണിത്. ചില കത്തുകളില്‍ അവള്‍ സ്വര്‍ഗ സൗഭാഗ്യത്തെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. താന്‍ മരിക്കുന്നതിനു കുറച്ചു ദിനങ്ങള്‍ക്കു മുമ്പ് എഴുതപ്പെട്ട കത്തില്‍ അന്റോണീറ്റോ തന്റെ ബന്ധുക്കളേയും സ്‌നേഹിതരേയും കുറിച്ചു ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. തന്റെ വേര്‍പാടിന്റെ സമയത്ത് അതിനെ ഉള്‍ക്കൊള്ളുവാനുള്ള ശക്തി അവര്‍ക്കു നല്‍കണമെന്നും അവള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് അവള്‍ തന്റെ അമ്മയോടു പറഞ്ഞ വാചകങ്ങള്‍ ഇങ്ങനെയാണ്. "കുറച്ചു സമയത്തിനുള്ളില്‍ ഞാന്‍ മരിക്കും. ഇനി കൂടുതല്‍ സഹനങ്ങള്‍ക്ക് എന്റെ നാഥന്‍ എന്നെ അനുവദിക്കുകയില്ല. കൂടുതല്‍ ദിനങ്ങള്‍ ഇവിടെ ജീവിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നില്ല". അന്റോണീറ്റ മരിച്ച ശേഷം അവളുടെ അമ്മ ഒരു സ്വപ്‌നത്തില്‍ സ്വര്‍ഗത്തില്‍ മാലാഖമാരുടെ കൂടെ ഇരിക്കുന്ന മകളെ സ്വപ്‌നം കണ്ടു. അന്റോണീറ്റയുടെ എഴുത്തുകള്‍ ഇപ്പോള്‍ വിദഗ്ധ സംഘം പരിശോധനകള്‍ക്കു വിധേയമാക്കുകയാണ്. അവള്‍ മാമോദിസ മുങ്ങിയ സാന്റാ ക്രോസി ബസലിക്കയിലാണ് മൃതശരീരം സംസ്‌കരിച്ചിരിക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഈ ദേവാലയത്തില്‍ അവള്‍ ഏറെ സമയം പ്രാര്‍ത്ഥനകള്‍ക്കായി ചെലവിട്ടിരുന്നു.


Related Articles »