Social Media - 2024
ഈ തിരുന്നാളാഘോഷം ശ്രദ്ധേയം: ഇടവകാംഗങ്ങള്‍ കവര്‍ തുറന്നപ്പോള്‍ 501 രൂപയും വികാരിയച്ചന്‍റെ പേരുപോലും വയ്ക്കാത്തൊരു കത്തും
ഡോ. ഡെയ്സൻ പാണേങ്ങാടൻ/ പ്രവാചകശബ്ദം 16-11-2020 - Monday
പള്ളിയിലെ തിരുന്നാൾ നടത്തിപ്പിന്, കവർ അങ്ങോട്ടു കൊടുക്കുന്ന പതിവേ ഞങ്ങൾ തൃശ്ശൂരുകാർക്കുള്ളൂ. കാരണം തിരുനാൾ സംഘാടനത്തിനാവശ്യമായ സംഖ്യ, ഇടവക ജനങ്ങളിൽ നിന്നു തന്നെ സമാഹരിക്കുന്ന ശൈലിയാണ്, കാലങ്ങളായി ഇവിടെ പിന്തുടർന്നു പോരുന്നത്. ഈ ദിവസങ്ങളിലാചരിച്ച കോലഴി സെൻ്റ് ബെനഡിക്ട് പളളിയിലെ പെരുന്നാളാഘോഷം പക്ഷേ, വേറിട്ടതായി.പെരുന്നാൾ നടത്തിപ്പു സംഖ്യ അങ്ങോട്ടു കൊടുക്കുന്നതിനു പകരം ഇടവക കുടുംബങ്ങൾക്ക് ഇങ്ങോട്ടു നൽകി ഇന്നിൻ്റെ പ്രതിസന്ധിയ്ക്ക് ഒരു കൈത്താങ്ങേകുകയായിരുന്നു, കോലഴിയിലെ വികാരിയച്ചനും തിരുന്നാളാഘോഷ കമ്മിറ്റിയും.
പെരുന്നാളിനോടനുബന്ധിച്ച് കുടുംബ കൂട്ടായ്മ ഭാരവാഹികൾ പതിവുപോലെ വീടുകളിലെയ്ക്കെത്തിച്ച പെരുന്നാൾ സപ്ലിമെൻ്റിനോടൊപ്പം ഒരു കവറും കൂടി വെച്ചിരുന്നു. നേരത്തെ നൽകാറുള്ള കവറിൽ നിന്നും ഒരൊറ്റ വ്യത്യാസം മാത്രം. നേരത്തെ തിരുനാൾ നടത്തിപ്പിനാവശ്യമായ സംഖ്യയിടാനുള്ള ഒട്ടിക്കാത്ത കവറായിരുന്നെങ്കിൽ ഇപ്പോൾ നൽകിയ കവറുകൾ ഒട്ടിച്ചതാണ്. ഇടവകാംഗങ്ങൾ ആകാംക്ഷയോടെ തുറന്നു നോക്കിയപ്പോൾ ഉള്ളിൽ 501രൂപയും വികാരിയച്ചൻ്റെ പേരുപോലും വയ്ക്കാത്തൊരു കത്തും.
വികാരിയച്ചനായ ബാസ്റ്റ്യൻ പുന്നോലിപ്പറമ്പിലച്ചൻ 2020 ഫെബ്രുവരിയിലാണ് കോലഴി സെൻ്റ് ബെനഡിക്ട് പള്ളിയിൽ പുതുതായി ചുമതലയേറ്റത്. മാർച്ചിൽ നമ്മുടെ നാട്ടിലും വ്യാപിച്ച കോവിഡ് പ്രതിസന്ധിയിൽ, ചെറിയ ഇടവകയായിരുന്നീട്ടും കുടുംബാംഗങ്ങളെ കാണാനോ പരിചയപ്പെടാനോ അച്ചന് സാധിച്ചിരുന്നില്ല. എങ്കിലും അവരെയോർത്ത് പ്രാർഥിക്കുന്നുണ്ടെന്ന്, അച്ചനവർക്കെഴുതിയ കത്തിൽ പരാമർശിച്ചിട്ടുണ്ട്.തങ്ങൾ ഒറ്റപ്പെട്ടിട്ടില്ലെന്നും താങ്ങായും കരുത്തായും പ്രാർത്ഥനയിലും ഒരു വലിയ സമൂഹം തങ്ങളോട് കൂടെയുണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയായി, ഇടവക കുടുംബങ്ങൾക്കുളള വികാരിയച്ചൻ്റെ കത്ത്.
സർവ്വസാധാരണക്കാരായ ആളുകളുൾപ്പെടുന്ന ഇടവകയിൽ, കുറെയധികം പേരെയെങ്കിലും കോവിഡ് പ്രതിസന്ധി, സാമ്പത്തിക ക്ലേശത്തിലാക്കിയിട്ടുണ്ട്. അവർക്ക് എറെ ആത്മവിശ്വാസം പ്രദാനം ചെയ്യുന്ന ഒരു സന്ദേശവും ഈ കത്തിലുണ്ട്.ഒപ്പം ഒരു തിരുനാൾ സന്തോഷവും. 501/-രൂപ കൊണ്ട്, ഒരു കുടുംബത്തിൻ്റെ മുഴുവൻ ആവശ്യങ്ങളും നിർവ്വഹിക്കാൻ പര്യാപ്തമായിട്ടല്ല; എങ്കിലും ഇതൊരു നേർസാക്ഷ്യമാണ്. ഇടവകയുടെ വളർച്ചയ്ക്ക് എന്നും കൂടെ നിന്നിട്ടുള്ള ഇടവക സമൂഹത്തിന്, ഒരു ബുദ്ധിമുട്ട് വന്നപ്പോൾ കൈത്താങ്ങേകാൻ അതേ ഇടവക കൂടെയുണ്ടായി എന്നതിൻ്റെ നേർസാക്ഷ്യം. കൂരാകൂരിരുട്ടിൽ മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം ഇനിയും അവശേഷിക്കുന്നുണ്ടെന്നതിൻ്റെ ഓർമ്മപ്പെടുത്തൽ.
മലയാളിയ്ക്ക് ഇത് പുതുമയുള്ള കാര്യമൊന്നുമല്ല; കാരണം ഈ കോവിഡ് കാലത്ത്, സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിവിധ ഇടവകകളുടേയും പ്രസ്ഥാനങ്ങളുടെയും സർവോപരി സർക്കാരിൻ്റേയും നേതൃത്വത്തിൽ ആ നുറുങ്ങുവെട്ടം നാം കണ്ടതാണ്. ഇനിയും നന്മകളുണ്ടാകട്ടെ.