Life In Christ - 2024
ദ്വീപ് നിവാസികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച വൈദികന് പോളിഷ് എംബസിയുടെ മരണാനന്തര ആദരവ്
പ്രവാചക ശബ്ദം 02-12-2020 - Wednesday
മനില: ഫിലിപ്പീന്‍സിലെ വിസയാസ് മേഖലയിലെ സാമര്‍ ദ്വീപ് നിവാസികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച കാന്റിയൂസ് കൊബാക് എന്ന ഫ്രാന്‍സിസ്കന്‍ സഭാംഗമായ വൈദികനോടുള്ള ആദരവുമായി പോളിഷ് എംബസി. “ഫാ. കാന്റിയൂസ് കൊബാക്കിന്റെ അസാധാരണമായ ജീവിതവും പ്രവര്‍ത്തനവും: പോളിഷ് പുരോഹിതനും ഫിലിപ്പീന്‍സിലെ ചരിത്രകാരനും” എന്ന് പേരിട്ടിരിക്കുന്ന പുസ്തകമാണ് വൈദികനോടുള്ള ആദരവുമായി എംബസി പുറത്തിറക്കിയിരിക്കുന്നത്. 34 പേജുകളാണ് ഇതിലുള്ളത്. മനിലയിലെ പോളിഷ് എംബസിയില്‍വെച്ച് പോളണ്ടിന്റെ ഫിലിപ്പീന്‍സിലെ ചാര്‍ജ് ഡി അഫയേഴ്സും, നയതന്ത്രജ്ഞനുമായ ജാരോസ്ലോ സെസേപാന്‍കീവിക്സ് പുസ്തകം പ്രകാശനം ചെയ്തു.
സാമാര്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിലെ ക്യൂറേറ്ററും, വിസായ മേഖലയിലെ കാന്റിയൂസ് കൊബാക്ക് റിസേര്‍ച്ച് സെന്ററിന്റെ ഡയറക്ടറുമായ കാള്‍ ബോര്‍ഡിയോസാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഫിലിപ്പീന്‍സിന്റെ ചരിത്രം എഴുതുന്നതിനിടയില്‍ ഫാ. കൊബാക്ക് ഫിലിപ്പീന്‍സ് ജനതയെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചതാണ് പുസ്തകത്തിന്റെ മുഖ്യ പ്രമേയം. പോളണ്ടും ഫിലിപ്പീന്‍സും തമ്മില്‍ യാതൊരു ബന്ധവുമില്ലാതിരുന്ന കാലത്ത് ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ഒരു പാലം പോലെയായിരുന്നു ഫാ. കൊബാക്കെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സെസേപാന്‍കീവിക്സ് പറഞ്ഞു. കൊറോണ നിയന്ത്രണങ്ങള്‍ കാരണം പ്രകാശന ചടങ്ങില്‍ പങ്കെടുക്കുവാന്‍ കഴിയാതിരുന്ന കാള്‍ ബോര്‍ഡിയോസയച്ച സന്ദേശം ഫ്രാന്‍സിസ്കന്‍ ആര്‍ക്കിവിസ്റ്റ് ഫാ. ജോണാള്‍ഡ് ബനാടാവോ ചടങ്ങില്‍ വായിച്ചു.
1930 ല്‍ പോളണ്ടിലെ ടോറുണില്‍ ജനിച്ച ഫാ. കൊബാക്ക് പിന്നീട് അമേരിക്കയിലെത്തി ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേരുകയായിരുന്നു. 1957-ല്‍ പൗരോഹിത്യപ്പട്ടം സ്വീകരിച്ച അദ്ദേഹം ഫിലിപ്പീന്‍സിലെത്തി വിസായ മേഖലയിലെ ഫ്രാന്‍സിസ്കന്‍ സ്കൂളിലെ അദ്ധ്യാപകനും ചാപ്ലൈനുമായി സേവനം ചെയ്യുകയും ചെയ്തു. പ്രാദേശിക സംസ്കാരത്തില്‍ ആകൃഷ്ടനായ അദ്ദേഹം ഫിലിപ്പീന്‍സിന്റെ ചരിത്രം പഠിക്കുകയും സാമാര്‍ പ്രവിശ്യയിലെ കാലബയോഗ് നഗരത്തില്‍ ക്രൈസ്റ്റ് കിംഗ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥാപിക്കുകയും ചെയ്തു. പില്‍ക്കാലത്ത് അദ്ദേഹത്തോടുള്ള ആദരസൂചകമായി ഈ മ്യൂസിയത്തിന്റെ പേര് കാന്റിയൂസ് കൊബാക്ക് മ്യൂസിയം എന്നാക്കി മാറ്റിയിരിന്നു. 1998-ല്‍ അമേരിക്കയില്‍ തിരിച്ചെത്തിയ ഫാ. കൊബാക്ക് 2004-ല്‍ കാന്‍സര്‍ ബാധയെ തുടര്‍ന്നാണ് മരണമടഞ്ഞത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക