News
മിശിഹായുടെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാനുള്ള പ്രാർത്ഥനാസമാഹാരം 'രക്ഷയുടെ വഴി'യുടെ പൂര്‍ണ്ണരൂപം വിശ്വാസികളിലേക്ക്
പ്രവാചക ശബ്ദം 08-12-2020 - Tuesday
മിശിഹായുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിക്കാൻ 'കുരിശിന്റെ വഴി' എന്നതുപോലെ അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാന്‍ തിരുസഭയുടെ അംഗീകാരത്തോട് കൂടി ഒരുക്കിയ പ്രാർത്ഥനാസമാഹാരം 'രക്ഷയുടെ വഴി'യുടെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചു. കുരിശിന്റെ വഴിയിൽ പതിനാല് സ്ഥലങ്ങൾ ധ്യാനിക്കുന്നതുപോലെ ആദിമാതാപിതാക്കന്മാർക്ക് രക്ഷകനെ വാഗ്ദാനം ചെയ്തതുമുതൽ പതിനാല് രക്ഷാകര സംഭവങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിച്ചുവരികയായിരിന്നു. നൂറുകണക്കിനാളുകളാണ് ഈ പ്രാര്‍ത്ഥനാസമാഹാരം കണ്ടുക്കൊണ്ട് വിവിധ നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. പതിനാല് സംഭവങ്ങൾക്ക് ശേഷം സമാപന പ്രാർത്ഥനയടക്കമുള്ള ഭാഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇപ്പോൾ പൂർണ്ണരൂപം പുറത്തിറക്കിയിരിക്കുന്നത്.
രക്ഷകനായ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും പറ്റി ധ്യാനിക്കാൻ കുരിശിന്റെ വഴി പ്രാർത്ഥനകൾ പോലെതന്നെ, അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കുവാന്‍ സഹായകമാകുന്ന വിധത്തിൽ പ്രാർത്ഥനകളും ഗാനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ദീർഘനാളത്തെ പ്രാർത്ഥനകൾക്കും പഠനങ്ങൾക്കും ശേഷമാണ് പ്രവാചകശബ്ദം 'രക്ഷയുടെ വഴി' ഒരുക്കിയത്.
സഭയിലെ ദൈവശാസ്ത്ര പണ്ഡിതന്മാർ ഇതിലെ പ്രാർത്ഥനകളും ഗാനങ്ങളും വിശദമായി പരിശോധിച്ച ശേഷം, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പ്രാർത്ഥനക്ക് ഇമ്പ്രിമത്തുർ (IMPRIMATUR) നൽകി ഇതിനെ അംഗീകരിച്ചിരിന്നു. ഇതോടെ 'രക്ഷയുടെ വഴി' പ്രാർത്ഥന കത്തോലിക്കാ സഭ അംഗീകരിച്ച പ്രാർത്ഥനയായി മാറിയിരിക്കുകയാണ്. പ്രാര്‍ത്ഥനാസമാഹാരത്തിന്റെ പൂര്‍ണ്ണരൂപം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശ്വാസികള്‍ക്ക് ഓരോ രക്ഷാകര സംഭവങ്ങളും ആഴത്തില്‍ വിചിന്തനം ചെയ്യുവാനും പ്രാര്‍ത്ഥിക്കുവാനും സഹായകമായ വിധത്തില്‍ പ്രാര്‍ത്ഥനയുടെ ലിഖിത രൂപം വീഡിയോയില്‍ ഉള്‍ചേര്‍ത്താണ് നല്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ഇതിലെ പ്രാർത്ഥനകളും ധ്യാനചിന്തകളും രചിച്ചിരിക്കുന്നത് ഡീക്കൻ അനിൽ ലൂക്കോസാണ്. അനുഗ്രഹീത കലാകാരനായ ഗിരീഷ് പീറ്റർ എഴുതി ഈണമിട്ട വരികൾ സ്വർഗ്ഗീയ ഗായകനായ കെസ്റ്റർ മനോഹരമായി ആലപിച്ചിരിക്കുന്നു. സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയിലെ വൈദികനുമായ റവ. ഡോ. അരുൺ കലമറ്റമാണ് ഇതിലെ പ്രാർത്ഥനകളും ഗാനങ്ങളും പരിശോധിച്ചു നിഹിൽ ഒബ്സ്റ്റാറ്റ് (NIHIL OBSTAT) നൽകിയിരിക്കുന്നത്. മഹാമാരിയ്ക്കു നടുവിലെ ഈ വർഷത്തെ ക്രിസ്തുമസ് കാലത്ത് തിരുപ്പിറവിയുടെ ആഴമായ രഹസ്യങ്ങൾ ധ്യാനിക്കുവാനും യേശുവിൽ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ മുഖം വീണ്ടും ദർശിക്കുവാനും 'രക്ഷയുടെ വഴി' പ്രാർത്ഥനാസമാഹാരം ഏറെ സഹായകരമാകുമെന്ന് തീർച്ച. ഇത് അനേകം ആളുകളിലേക്ക് പങ്കുവെച്ചുകൊണ്ട് മഹത്തായ സുവിശേഷവേലയിൽ നമ്മുക്കും പങ്കുചേരാം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക