Arts

വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിതം ഇതിവൃത്തമാക്കിയ 'ലാ ഡിവിന മിസേരിക്കോര്‍ഡിയ' വീണ്ടും റിലീസിന്

പ്രവാചക ശബ്ദം 14-12-2020 - Monday

മാഡ്രിഡ്: ഓരോ മനുഷ്യജീവിയോടുമുള്ള ദൈവത്തിന്റെ കരുണാര്‍ദ്രമായ സ്നേഹത്തെ ജീവിത സാക്ഷ്യങ്ങളിലൂടെയും, പ്രവര്‍ത്തിയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും പ്രചരിപ്പിക്കുവാന്‍ ആഹ്വാനം ചെയ്ത വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്കയുടെ ജീവിതത്തേക്കുറിച്ചും, സന്ദേശങ്ങളെക്കുറിച്ചും പറയുന്ന “ലാ ഡിവിന മിസേരിക്കോര്‍ഡിയ” എന്ന സിനിമ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ സ്പെയിനിലും, ലാറ്റിന്‍ അമേരിക്കയിലും റിലീസ് ചെയ്യുവാനാണ് പദ്ധതി. ഓണ്‍ലൈന്‍ ഫോര്‍മാറ്റിലായിരിക്കും ഇത്തവണത്തെ പ്രദര്‍ശനം. ജനുവരി 6 വരെ നീളുന്ന പ്രദര്‍ശനത്തില്‍ നിന്നും ലഭിക്കുന്ന തുകയുടെ അന്‍പതു ശതമാനവും സ്പെയിനിലെ ആശ്രമങ്ങളുടേയും കോണ്‍വെന്റുകളേയും സഹായിച്ചുകൊണ്ടിരിക്കുന്ന ‘ഡെക്ളോസുര ഫൗണ്ടേഷന്’നല്‍കുമെന്നു വിതരണക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 25നാണ് സ്പെയിനിലെ തിയേറ്ററുകളില്‍ സിനിമ ആദ്യം റിലീസ് ചെയ്തത്. വിശ്വാസ രഹസ്യങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങളുമായി സമീപകാലത്ത് പുറത്തുവന്ന രേഖകളിലേയും, ശാസ്ത്രീയ വിശകലനങ്ങളിലേയും അറിയപ്പെടാത്ത രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമയാണിതെന്നു വിതരണക്കാരായ ‘യൂറോപ്യന്‍ ഡ്രീംസ് ഫാക്ടറി’ പ്രസ്താവിച്ചു. വിശുദ്ധ ഫൗസ്റ്റീനക്ക് യേശു ക്രിസ്തുവിന്റെ ദര്‍ശനമുണ്ടായെന്ന സത്യത്തെ ദൃഡപ്പെടുത്തുന്ന ദിവ്യകാരുണ്യത്തിന്റെയും, ടൂറിനിലെ കച്ചയുടേയും സാമ്യതകളെക്കുറിച്ചും, യേശു പ്രത്യക്ഷപ്പെട്ട് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് വരച്ച പെയിന്റിംഗിനെക്കുറിച്ചും, ദിവ്യകാരുണ്യ സമൂഹം രൂപം കൊണ്ടതും, ലോകം മുഴുവന്‍ പ്രചരിച്ചതിനെക്കുറിച്ചുമൊക്കെ സിനിമയില്‍ പ്രമേയമാകുന്നുണ്ട്.

'കാരുണ്യ മാതാവിന്റെ സോദരിമാര്‍' എന്ന സന്യാസിനീ സഭാംഗമായ വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്ക 1905-ല്‍ പോളണ്ടിലാണ് ജനിച്ചത്. ദിവ്യകാരുണ്യ നാഥനായ ക്രിസ്തുവിന്റെ ദര്‍ശനം കൊണ്ട് പ്രസിദ്ധയായ വിശുദ്ധ 1938-ലാണ് മരണപ്പെടുന്നത്. 2000 ഏപ്രില്‍ 30ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ഫൗസ്റ്റീന കൊവാള്‍സ്കയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ അഞ്ചിന് വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ റോമൻ ആരാധനക്രമ കലണ്ടറിൽ ചേർക്കുന്ന ഡിക്രിയില്‍ ഫ്രാൻസിസ് പാപ്പ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഒപ്പുവെച്ചിരിന്നു.


Related Articles »