Faith And Reason
‘അബ്രാസമെ’: ദൈവമാതാവുമായുള്ള തന്റെ ബന്ധത്തെ ഇതിവൃത്തമാക്കി ഗാനവുമായി സുപ്രസിദ്ധ ചിലിയന്‍ ഗായിക
പ്രവാചക ശബ്ദം 16-12-2020 - Wednesday
സാന്‍റിയാഗോ: പരിശുദ്ധ കന്യകാമാതാവുമായുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളേയും ബന്ധത്തേയും ഇതിവൃത്തമാക്കി ‘ഫ്രാന്‍ കൊറിയ’ എന്നറിയപ്പെടുന്ന ചിലിയിലെ സുപ്രസിദ്ധ ഗായികയും ഗാന രചയിതാവുമായ ഫ്രാന്‍സിസ്കാ ഫ്രാന്‍ കോറി തന്റെ പുതിയ ഗാനം പുറത്തുവിട്ടു. പരിശുദ്ധ കന്യകാമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8നാണ് ‘അബ്രാസമെ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഗാനം പുറത്തുവിട്ടത്. ചിലിയിലെ അരീക്ക രൂപതയിലെ സഗ്രാഡാ ഫാമിലിയ ഇടവക ദേവാലയത്തില്‍വെച്ച് ചിത്രീകരിച്ച വീഡിയോയും ദൈവമാതാവിനായി സമര്‍പ്പിക്കപ്പെട്ട ഈ ഗാനത്തെ കൂടുതല്‍ മനോഹരമാക്കുകയാണ്.
കാര്‍ലോസ് ലിനെറോസിന്റെ ഉടമസ്ഥതയിലുള്ള പ്രത്യേക വീഡിയോ, ഫോട്ടോഗ്രാഫി സ്റ്റുഡിയോയില്‍ കറുപ്പും വെളുപ്പും കലര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. കറുപ്പ് ജിവിതത്തിലെ വേദനയാകുന്ന ഇരുട്ടിനേയും, വെളുപ്പ് വേദനകളില്‍ നിന്നെല്ലാം മോചിതനാകുന്ന നിമിഷം ജീവിതത്തെ വ്യക്തമായി കാണുവാന്‍ അനുവദിക്കുന്ന വെളിച്ചത്തേയുമാണ് സൂചിപ്പിക്കുന്നതെന്ന്‍ ഫ്രാന്‍സിസ്കാ ഫ്രാന്‍ കോറി പറഞ്ഞു. ‘അബ്രാസമെ’യുടെ നിര്‍മ്മാണം, പ്രോഗ്രാമിംഗ്, മിക്സിംഗ് എന്നിവ ലൂയിഗ്ഗി സാന്റിയാഗോയും പ്യൂയര്‍ട്ടോ റിക്കോയില്‍ നിന്നുള്ള സംഗീതജ്ഞരുമാണ് നിര്‍വ്വഹിച്ചത്.
സ്പാനിഷ് ഗ്രാമ്മി അവാര്‍ഡ് നേടിയിട്ടുള്ള ‘അല്‍ഫാരെറോസ്’ എന്ന കത്തോലിക്ക മ്യൂസിക് സംഘത്തിലെ മുന്‍ അംഗമായിരുന്ന ഫ്രാന്‍ കൊറിയയുടെ ‘ല്ലെവാമെ’, ‘ഗ്ലോറിയ’ എന്നീ ഗാനങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരിന്നു. യേശുവുമായുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളും, ബന്ധവും അടിസ്ഥാനമാക്കിയാണ് ഫ്രാന്‍ കൊറിയ തന്‍റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതു എന്നത് ശ്രദ്ധേയമാണ്. തന്റെ ജീവിതകഥ ഒരുപാട് സങ്കീര്‍ണ്ണമാണെന്നും, വേദനകള്‍ നിറഞ്ഞ ഒരു കുടുംബ ചരിത്രമാണ് തനിക്കുള്ളതെന്നും, എന്നിരുന്നാലും കര്‍ത്താവ് തനിക്ക് വളരുവാനും, സൗഖ്യപ്പെടുവനുമുള്ള അവസരം നല്‍കിയെന്നും ഇതിനെല്ലാം താന്‍ ദൈവത്തിന്റെ അനന്തമായ സ്നേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ഫ്രാന്‍ കോറി മുന്‍പ് പറഞ്ഞിട്ടുണ്ട്.