News - 2025

കോവിഡ് 19: 35 മില്യൺ ഡോളറിന്റെ സന്നദ്ധ പ്രവര്‍ത്തനവുമായി ചിക്കാഗോ അതിരൂപത

പ്രവാചക ശബ്ദം 20-12-2020 - Sunday

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോ അതിരൂപതയും, അതിരൂപതയുടെ സന്നദ്ധ സംഘടനയായ കാത്തലിക്ക് ചാരിറ്റീസും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി 35 മില്യൺ ഡോളർ ചെലവഴിക്കും. കാത്തലിക് ചാരിറ്റീസ് വിവിധ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി മാർച്ച് മാസത്തിനു ശേഷം 15 മില്യൺ ഡോളറാണ് സ്വരുക്കൂട്ടിയത്. ഇതുകൂടാതെ അതിരൂപതയും, കാത്തലിക്ക് ചാരിറ്റീസും ചേർന്ന് 20 മില്യൺ ഡോളറും സമാഹരിച്ചിട്ടുണ്ട്. ജാതി, മത വ്യത്യാസമില്ലാതെ എല്ലാവരിലും സഹായം എത്തിക്കുമെന്ന് അതിരൂപത വ്യക്തമാക്കി. ഭക്ഷണത്തിനും, കൊറോണാ വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ സംസ്കാര ശുശ്രൂഷയ്ക്കും, ഗാർഹിക പീഡനം നേരിടുന്നവർക്കുമടക്കം സഹായം ലഭ്യമാകും.

സ്കൂൾ കുട്ടികൾക്ക് സ്കോളർഷിപ്പിന് വേണ്ടിയും നല്ലൊരു തുക നീക്കിവയ്ക്കുമെന്ന് അതിരൂപത അറിയിച്ചു. ആഗോള തലത്തിൽ ഉണ്ടായ വൈറസ് വ്യാപനം ആളുകൾക്ക് വലിയ നഷ്ടങ്ങളും, പ്രതിസന്ധിയുമാണ് സമ്മാനിച്ചതെന്ന് ചിക്കാഗോ അതിരൂപതയുടെ മെത്രാപ്പോലീത്ത കർദ്ദിനാൾ ബ്ലെയ്സ് കുപ്പിച്ച് പറഞ്ഞു.

വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി സഹായിച്ചവർക്ക് ആർച്ച് ബിഷപ്പ് നന്ദി രേഖപ്പെടുത്തി. വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്ന ആവശ്യം പരിഗണിച്ചാണ് ഇത്തരത്തില്‍ ഒരു പദ്ധതി തുടങ്ങാൻ തീരുമാനിച്ചതെന്ന് കാത്തലിക്ക് ചാരിറ്റീസ് സിഇഒ ആയ സാലി ബ്ലൗട്ട് പറഞ്ഞു.

ഭക്ഷണത്തിനുവേണ്ടി സഹായം ചോദിക്കുന്ന ആളുകളുടെ എണ്ണം ഇരട്ടിയായെന്നും, ഇനി അത് വർദ്ധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. മൃതസംസ്കാര ശുശ്രൂഷകൾക്ക് വേണ്ടിയുള്ള സഹായം അകത്തോലിക്കർ അടക്കമുള്ളവർക്ക് വേണ്ടി നൽകുന്നുണ്ടെന്നും സാലി ബ്ലൗട്ട് കൂട്ടിച്ചേർത്തു. ഇതുവരെ 7,35,000 ഡോളറാണ് 210 കുടുംബങ്ങൾക്ക് വേണ്ടി നൽകിയത്. അതിരൂപതയിലെ വിവിധ ഇടവകകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളും ഈ നാളുകളിൽ ആളുകൾക്ക് സഹായം എത്തിക്കുന്നതിന് മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു.


Related Articles »