Meditation. - May 2024

ദൈവരാജ്യത്തിന് വേണ്ടി നമ്മുക്കും അദ്ധ്വാനിക്കാം.

സ്വന്തം ലേഖകൻ 28-05-2024 - Tuesday

"എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വന്നു  കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ജെറുസലേമിലും യൂദയ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും" (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:8).

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാ൪പാപ്പയോടൊപ്പം ധ്യാനിക്കാം: മെയ് 28 

സെഹിയോൻ മാളികമുറിയില്‍ ആഗതനായ പരിശുദ്ധാത്മാവാണ് ലോകത്തെ സുവിശേഷവല്‍ക്കരണത്തിന്റെയും ഉറവിടവും അടിസ്ഥാനസത്തയും. പരിശുദ്ധാത്മാവ് വന്ന് കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കുമെന്നു വചനം എടുത്ത് പറയുന്നുണ്ട്. 'അപ്പോസ്‌തോല പ്രവര്‍ത്തനങ്ങള്‍, ലേഖനങ്ങള്‍' ഇവ രണ്ടും നമ്മള്‍ പുനര്‍വായന നടത്തിയാൽ ക്രിസ്തു ഏല്‍പിച്ച അപ്പസ്‌തോലിക ദൗത്യം എത്ര സമ്പൂര്‍ണ്ണമായാണ് ശിഷ്യർ തങ്ങളുടെ ജീവിതങ്ങളില്‍ അവതരിപ്പിച്ചത് എന്ന് കാണാന്‍ കഴിയും. പോള്‍ ആറാമന്‍ മാര്‍പാപ്പായുടെ ഭാഷയില്‍ പറഞ്ഞാല്‍: ''പ്രാസംഗികരെക്കാൾ അനുഭവസ്ഥരുടെ വാക്കുകള്‍ കേള്‍ക്കാനാണ് ആധുനിക മനുഷ്യന്‍ തയ്യാറാകുന്നത്''. 

വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം ഇപ്രകാരം പറയുന്നു: ''പുളിപ്പ് മാവില്‍ ചേര്‍ത്തു കഴിഞ്ഞാല്‍, മാവ് മുഴുവനായും പുളിക്കുന്നില്ലെങ്കില്‍, അതിനെ പുളിപ്പെന്ന് വിളിക്കാന്‍ കഴിയുമോ? നിങ്ങള്‍ക്ക് മറ്റുള്ളവരെ കൂടെ ചേര്‍ക്കാന്‍ പറ്റുന്നില്ല എന്ന് പറയരുത്. നിങ്ങള്‍ ഒരു സത്യക്രിസ്ത്യാനി ആണെങ്കില്‍, അങ്ങനെ സംഭവിക്കാതിരിക്കാന്‍ തരമില്ല''. ഒരു സുവിശേഷകന്‍ ഒരു ദൂതനാണ്. ഒരു മഹത്തായ കര്‍മ്മത്തിന്റെ ദൂത് ഏല്പിക്കപ്പെട്ടവനെ പോലെയാണ് അയാള്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും വലിയ ഒരു നിധി നേരിട്ട് കണ്ടെടുത്ത ഒരാളേപ്പോലെയാണ് അയാള്‍ പെരുമാറേണ്ടത്. പൌലോസ് ശ്ലീഹായുടെ വാക്കുകൾ പോലെ കര്‍ത്താവിന്റെ അവർണ്ണനീയമായ സ്‌നേഹം മനസ്സിലാക്കി കൊണ്ട് നമ്മുക്ക് ദൈവരാജ്യത്തിന് വേണ്ടി അധ്വാനിക്കാം. 

(വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാ൪പാപ്പ, റോം, 23.5.79) 

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »