Social Media - 2024
മാത്യു നായ്ക്കംപറമ്പിൽ അച്ചനെകുറിച്ച് വിൻസെൻഷ്യൻ വൈദികന്റെ കുറിപ്പ് വൈറല്‍
പ്രവാചക ശബ്ദം 20-01-2021 - Wednesday
കേരള കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് മുന്നേറ്റത്തിന് തുടക്കം കുറിച്ച് അനേകരെ യേശുവിലേക്ക് അടുപ്പിച്ച ഫാ. മാത്യു നായ്ക്കംപറമ്പിൽ അച്ചനെകുറിച്ച് അദ്ദേഹം അംഗമായ വിന്‍സന്‍ഷ്യന്‍ സഭയിലെ വൈദികന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. വ്യക്തിപരമായി ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിന്‍സന്‍ഷ്യന്‍ സഭയാകുന്ന ആത്മീയ വസതിയില്‍ അങ്ങേക്കൊപ്പം കാലങ്ങളായി സമര്‍പ്പണം പങ്കുവെയ്ക്കുന്ന ഒരു അനുജന്‍ എഴുതുന്ന കുറിപ്പ് എന്ന ആമുഖത്തോടെയാണ് വൈറല്‍ കുറിപ്പ് ആരംഭിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
“പ്രിയപ്പെട്ട നായ്ക്കംപറമ്പിലച്ചന്,
വിന്‍സന്‍ഷ്യന്‍ സഭയാകുന്ന ആത്മീയ വസതിയില്‍ അങ്ങേക്കൊപ്പം കാലങ്ങളായി സമര്‍പ്പണം പങ്കുവെയ്ക്കുന്ന ഒരു അനുജന്‍ എഴുതുന്ന കുറിപ്പ്.
മാത്യുവച്ചാ, അങ്ങ് സി. അഭയയെ പരാമര്‍ശിച്ചു നടത്തിയ ആത്മീയ സൂചനകളെപ്രതി മാപ്പുചോദിച്ചുകൊണ്ട് അങ്ങ് നടത്തിയ ക്ഷമാപണ വീഡിയോ കണ്ടതിനുശേഷം വേദനയിലും എന്നാല്‍ ശാന്തതയിലും ഞാന്‍ ഉറങ്ങി. പ്രഭാതത്തില്‍ വീണ്ടും പുതുതായി വീഴുന്ന ആരോപണ സന്ദേശങ്ങളും അങ്ങ് പ്രഘോഷിച്ച ജീവനുള്ള ദൈവത്തിന്‍റെ മുഖം വീണ്ടും വൃണിതമാകുന്ന അവിഖ്യാദികളും വായിച്ചപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. അപ്രതീക്ഷിതമായി അങ്ങയില്‍ നിന്നു വന്ന പരാമര്‍ശങ്ങള്‍ക്ക് അങ്ങയോടൊപ്പം ഞാനും ഖേദിക്കുന്നു, മാപ്പുചോദിക്കുന്നു. പക്ഷേ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു. ഇനിയും അങ്ങയോടൊപ്പം മദ്ധ്യസ്ഥ പ്രാര്‍ത്ഥനയില്‍ മണിക്കൂറുകള്‍ ചിലവഴിക്കാനും, അങ്ങ് സൂചിപ്പിക്കുന്ന ആത്മീയ വഴികളില്‍ വചനം പറയാനും ഞാന്‍ മോഹിക്കുന്നു. ആയതിനാല്‍ എന്‍റെ കത്ത് ക്ഷമയോടെ വായിക്കണം… തളരാതെ ഞങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കണം.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, എനിക്ക് 14 വയസ്സ് പ്രായമുള്ള കാലം. തൊടുപുഴ സെ. സെബാസ്റ്റ്യന്‍സ് സ്കൂള്‍ ഗ്രൗണ്ടിലാണെന്നാണ് എന്‍റെ ഓര്‍മ്മ. അങ്ങു നയിച്ച കണ്‍വെന്‍ഷനില്‍ അമ്മക്കൊപ്പം പങ്കുചേര്‍ന്ന അനുഭവം. പ്രഭാതം മുതല്‍ പ്രദോഷം വരെ നിറമുള്ള ചൂടുവെള്ളവും മൂന്നു കഷണം പച്ചറൊട്ടിയും കഴിച്ച് മതിവരാതെ സ്തോത്രഗീതങ്ങള്‍ പാടി മണല്‍ വിരിപ്പില്‍ ദാവീദിനെപ്പോലെ തുള്ളിച്ചാടിയ ദിനം. സ്റ്റേജിനു മുന്നില്‍ നിന്ന എന്‍റെ നെറ്റിയില്‍ കുരിശുവരച്ച് കര്‍ത്താവിന്‍റെ പൗരോഹിത്യത്തിലേക്ക് ഓടിക്കയറണമെന്ന് ചരിച്ചുകൊണ്ട് ഓര്‍മ്മിപ്പിച്ചതും രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം അങ്ങ് നടന്ന വഴികളില്‍ ഞാനൊരു വിന്‍സന്‍ഷ്യനായതും പില്ക്കാലത്തു ജീവിതയാത്രയില്‍ അങ്ങുതന്ന ജ്വലിക്കുന്ന ആത്മീയ വെളിച്ചത്തില്‍ എന്നെപ്പോലെ ദൈവവിളി വായിച്ച നിരവധി വൈദീകര്‍, സന്യസ്തര്‍ ആയിരക്കണക്കിന് അത്മായപ്രേക്ഷിതര്‍ എന്നിവരെ സഭയില്‍ കണ്ടതിനും സാക്ഷിയാണ് ഞാന്‍. അച്ചനെ ഞങ്ങള്‍ ബഹുമാനിക്കുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബൈ എയര്‍പോര്‍ട്ടില്‍വെച്ച് അങ്ങയെ കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. കൊച്ചിയിലേക്കുളള വിമാനത്തിന്‍റെ ഗേറ്റില്‍ പരീക്ഷക്കൊരുങ്ങുന്ന കുട്ടിയെപ്പോലെ ഒരു വെള്ളപ്പേപ്പറില്‍ അങ്ങ് ധൃതിയില്‍ എഴുതുകയാണ്. അങ്ങയെ ഞാന്‍ ശല്യപ്പെടുത്താതെ കാത്തിരുന്നു. വിമാനത്തില്‍ കയറിയപ്പോള്‍ അങ്ങ് വീണ്ടും എഴുത്തുതുടരുകയാണ്. അങ്ങയുടെ അരികിലെത്തി കാര്യം തിരഞ്ഞപ്പോള്‍ സന്തോഷത്തോടെ അങ്ങ് എന്നോട് പറഞ്ഞു, ഇന്നു വൈകുന്നേരം എനിക്ക് മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്കായി ഏതാനും മണിക്കൂറുകള്‍ കിട്ടും അപ്പോള്‍ ദൈവവചനം ഉരുവിട്ട് മദ്ധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ കുറിപ്പുകള്‍ തയ്യാറാക്കുകയാണ്. എന്‍റെ മനസ്സ് അത്ഭുതം കൊണ്ടു നിറഞ്ഞു.
രണ്ടു വര്‍ഷം മുന്‍പ് കോട്ടയത്തിനടുത്തുള്ള ഒരു പ്രസിദ്ധ ധ്യാനകേന്ദ്രത്തില്‍ വച്ച് ഒരു അന്തര്‍ദേശീയ സന്യാസ സമൂഹത്തിനുവേണ്ടി സുവിശേഷവത്ക്കരണ സെമിനാര്‍ നടത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ അങ്ങ് രണ്ടു മണിക്കൂര്‍ സംസാരിക്കാന്‍ വരികയുണ്ടായി. വിദേശികളും സ്വദേശികളുമായ നിരവധി വൈദികര്‍ പങ്കെടുത്ത ആ സെമിനാറില്‍ ഒരു ദിവസം മുഴുവന്‍ അങ്ങ് സമയം ചിലവഴിച്ചു. അന്നു വൈകുന്നേരം അതില്‍ പങ്കെടുത്തിരുന്ന അവരുടെ റോമില്‍ നിന്നു വന്ന പരിണിത പ്രജ്ഞനും പണ്ഢിതനുമായ മുന്‍ സുപ്പീരിയര്‍ ജനറല്‍, മാത്യു അച്ചന്‍റെ പ്രചോദനങ്ങളോട് ഉള്‍ച്ചേര്‍ന്ന് ആ സെമിനാറിന്‍റെ അജന്‍ഡ പുന:ക്രമീകരിക്കുകയും Evangelization through intercession എന്ന അതിസമ്പന്നമായ സുവിശേഷവത്കരണ വഴി പരിചയപ്പെടാന്‍ അവരുടെ സഭയെ മുഴുവനായി ഒരുക്കുകയും ചെയ്തതിന് ഞാന്‍ സാക്ഷിയാണ്. അവരില്‍ ഏറെപ്പേരും ദൈവശാസ്ത്രജ്ഞരും അനുഭവസമ്പത്തുള്ള മിഷണറിമാരുമായിരുന്നു. ഇപ്പോഴും അവര്‍ അച്ചനെപ്പറ്റി എന്നോട് ചോദിക്കാറുണ്ട് കേട്ടോ. അവരുടേയും സ്നേഹാന്വേഷണങ്ങള്‍.
അമേരിക്കയില്‍ മിഷന്‍ അപ്പീലില്‍ പങ്കെടുക്കുന്ന നാളുകള്‍. ഒരു ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് അപ്പീല്‍ നടത്തി ദൈവാലയത്തിന്‍റെ Gathering place ല്‍ ജനങ്ങളുമായി സംവദിക്കുന്നതിനിടയില്‍ ഒരു മദ്ധ്യവയസ്കനായ അമേരിക്കക്കാരന്‍ അങ്ങയുടെ പേരു പറഞ്ഞ് എന്നെ പരിചയപ്പെട്ടു. ആ പട്ടണത്തില്‍ നടന്ന ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ കര്‍ത്താവ് നല്‍കിയ അദ്ഭുത കൃപയില്‍ ആദ്യത്തെ കുഞ്ഞു പിറന്നു. വൈദ്യശാസ്ത്രത്തെ തള്ളിയ ദൈവിക വെളിപ്പെടുത്തല്‍ അദ്ദേഹത്തോട് പറഞ്ഞത് അങ്ങാണ്. അന്ന് അദ്ദേഹത്തിനും കുട്ടികള്‍ക്കും ഭാര്യക്കുമൊപ്പം ഉച്ചഭക്ഷണം കഴിഞ്ഞാണ് ഞാന്‍ പോന്നത്. വ്യാജപ്രവാചകന്‍ എന്നൊക്കെ ആളുകള്‍ പറയുമ്പോള്‍ എനിക്ക് ഒത്തിരി ഓര്‍മ്മകള്‍ വരുന്നു. അവരുടെ വികാരിയച്ചന്‍ ഇന്ത്യയില്‍ വന്ന് അച്ചനെ പരിചയപ്പെടാന്‍ പരിശ്രമിച്ച കാര്യം ഓര്‍ക്കുന്നു. അമേരിക്കയില്‍ തന്‍റെ ഏകപുത്രന്‍റെ അപ്രതീക്ഷിത മരണത്തില്‍ ജീവിതം ഇരുട്ടു വീണുപോയ വര്‍ഗ്ഗീസ് അങ്കിളിനെ അച്ചനോര്‍ക്കുന്നുണ്ടല്ലോ… അച്ചന്‍ നയിച്ച ദിവ്യകാരുണ്യാരാധനയിലും വചനശുശ്രൂഷയിലും ഈശോയെ വീണ്ടും കണ്ടുണര്‍ന്ന വര്‍ഗ്ഗീസങ്കിള്‍ യുവാക്കള്‍ക്കും ദിവ്യകാരുണ്യാരാധനക്കുമായി സമര്‍പ്പിച്ച അരുവിത്തറയിലെ പുരയിടത്തിലെ വിന്‍സന്‍ഷ്യന്‍ ഭവനത്തിന്‍റെ നിര്‍മ്മാണം ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തിയാകുന്ന കാര്യം അച്ചനെ ഓര്‍മ്മിപ്പിക്കുന്നു.
തിരുവനന്തപുരത്ത് ഇപ്രകാരം പനക്കലച്ചന്‍ വഴിയായി നല്‍കപ്പെട്ട പോപ്പുലര്‍ മിഷന്‍ തുടര്‍ ശുശ്രൂഷ കേന്ദ്രത്തിന്‍റെ നിര്‍മ്മാണവും പൂര്‍ത്തിയാകാറായി. അങ്ങനെ നമ്മുടെ സഭയിലും ആഗോളസഭയിലുമുള്ള നൂറുകണക്കിന് സുവിശേഷവല്‍ക്കരണ ആതുര ശുശ്രൂഷ കേന്ദ്രങ്ങളുടെ ആണിക്കല്ലുകള്‍ക്കുകീഴെ അങ്ങയുടെ നിശബ്ദ സേവനത്തിന്‍റെ ആയിരും കഥകള്‍ എഴുതിവച്ചിട്ടുണ്ട്. റോമില്‍ ഞാന്‍ പഠിച്ച യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്ന ഒരുകൂട്ടം ആഫ്രിക്കകാരും ലത്തീന്‍ അമേരിക്കക്കാരും ഏതാനും യൂറോപ്യന്‍സും ചേര്‍ന്ന ഒരു സന്യാസിനീ സമൂഹം ഞാന്‍ അച്ചന്‍റെ സന്യാസ സഭയില്‍ അംഗമാണ് എന്ന ഏകകാരണത്താല്‍ അവര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാന്‍ ക്ഷണിച്ചു കൊണ്ടുപോയതോര്‍ക്കുന്നു.
ഭാരതസഭയില്‍ അവിചാരിതമായി വിവാദങ്ങള്‍ ഉണ്ടാവുകയും അവയെ മാധ്യമങ്ങള്‍ ദുരുപയോഗിച്ച് സഭയെ പീഢിപ്പിക്കുകയും ചെയ്തപ്പോള്‍ വീണ്ടും വീണ്ടും ഞങ്ങളെ വിളിച്ച് ദിവ്യകാരുണ്യത്തിനു മുന്‍പിലിരുന്ന് മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ ചിലവഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഇടക്കെങ്കിലുമൊക്കെ ഈര്‍ഷ്യ തോന്നിയിട്ടുണ്ട്. പക്ഷേ ഈ ദിവസങ്ങള്‍ അച്ചന്‍ ഒറ്റക്കാണെന്ന് വിചാരിക്കേണ്ട. ഞങ്ങളും പ്രാര്‍ത്ഥിക്കുകയാണ്…!
പ്രിയപ്പെട്ട മാത്യുവച്ചാ…കൊറോണക്കാലം കഴിയുമ്പോള്‍ എനിക്ക് വീണ്ടും അച്ചന്‍റെ ധ്യാനത്തിലും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും പങ്കെടുക്കണം. സുവിശേഷവല്‍ക്കരണം അസാധ്യമാകുന്ന ദേശങ്ങളിലെ സുവിശേഷവല്‍ക്കര ആത്മീയയജ്ഞങ്ങളില്‍ ഞങ്ങളെ പരിശീലിപ്പിക്കണം. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സുവിശേഷവല്‍ക്കര യജ്ഞങ്ങളിലൊന്നിന് നേതൃത്വം കൊടുത്ത അങ്ങേക്ക് തിരുസഭയിലെത്തിയ ജനസമാന്യത്തന്‍റെ എണ്ണമറിയില്ലായിരിക്കാം. പക്ഷേ അവര്‍ ഈശോയെ അറിഞ്ഞു…അങ്ങയേയും അറിഞ്ഞിട്ടുണ്ട്.
ഈ കത്തുവഴി അങ്ങയെ മഹത്വവല്‍ക്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല… പക്ഷേ ദൈവം ഞങ്ങള്‍ക്കു തന്നൊരു സമ്മാനമായി അച്ചനെ ഞങ്ങള്‍ കരുതുന്നു… സ്വീകരിക്കുന്നു… ദൈവം മഹത്വപ്പെടട്ടെ.
ഒരു വിന്‍സന്‍ഷ്യന്‍