Social Media - 2024
നായ്ക്കംപറമ്പിലച്ചനെ കുറിച്ചുള്ള വട്ടായിലച്ചന്‍റെ അനുഭവകുറിപ്പ് വൈറലാകുന്നു
പ്രവാചക ശബ്ദം 21-01-2021 - Thursday
പാലക്കാട്: പ്രശസ്ത വചനപ്രഘോഷകനായ ഫാ. മാത്യു നായ്ക്കംപറമ്പിലച്ചനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് നവമാധ്യമങ്ങളില്‍ വൈറലാകുന്നു. 1994 മുതൽ 1998 വരെയുള്ള കാലഘട്ടത്തില്‍ അട്ടപ്പാടിയില്‍ ഇടവക വൈദികനായി സേവനം ചെയ്ത നാള്‍ മുതല്‍ താന്‍ അനുഭവിച്ചറിഞ്ഞ നായ്ക്കംപറമ്പിലച്ചന്റെ ശുശ്രൂഷകളില്‍ കണ്ട ദൈവീക ഇടപെടലുകളും സെഹിയോന്‍ മിനിസ്ട്രീസിന്‍റെ ആരംഭം മുതല്‍ അച്ചന്‍ നല്‍കിയ നിസ്തുലമായ സഹായത്തെയും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. അച്ചനെ ആരൊക്കെ ദുഷിച്ചാലും അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസും മിനിസ്ട്രീസിനോട് ബന്ധപ്പെട്ട വൈദികരും, സിസ്റ്റേഴ്‌സും, വലിയൊരു സംഘം ശുശ്രൂഷകരും, വിശ്വാസികളും, കുടുംബങ്ങളും അച്ചനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അച്ചനോടൊപ്പം എന്നുമുണ്ടായിരിക്കുമെന്നും വട്ടായിലച്ചന്റെ കുറിപ്പില്‍ പറയുന്നു. നൂറുകണക്കിന് ആളുകളാണ് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ബഹുമാനപ്പെട്ട നായ്ക്കംപറമ്പിലച്ചനും അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസും.
1994 മുതൽ 1998 വരെയുള്ള കാലഘട്ടത്തിലാണ് ഞാൻ അട്ടപ്പാടിയിലെ ഒരു ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിച്ചത്. ഈ കാലഘട്ടത്തിൽ ഇടവകയിലെ അനേകം മദ്യപാനികളെയും, തകർന്ന കുടുംബങ്ങളെയും, വിശ്വാസം നഷ്ടപ്പെട്ടവരെയും എങ്ങനെ നല്ലൊരു അവസ്ഥയിലേക്ക് കൊണ്ടുവരാം എന്നത് എന്റെ ഒരു പ്രധാനപ്പെട്ട ചിന്താവിഷയമായിരുന്നു. മാനുഷികമായ അധ്വാനങ്ങൾ ഫലം ചൂടാതെ വന്നപ്പോൾ ആഴ്ചതോറും ആളുകളെ പോട്ടയിലേക്കും മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലേയ്ക്കും അയയ്ക്കാൻ തുടങ്ങി. ധ്യാനം കഴിഞ്ഞ് തിരിച്ചുവന്ന അവരിൽ അത്ഭുതകരമായ മാറ്റങ്ങളാണ് ഞാൻ കണ്ടത്. അനേകം മദ്യപാനികൾ മദ്യപാനം നിർത്തി, കുടുംബസമാധാനം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ വീണ്ടും ജീവിതം ആരംഭിച്ചു, കുർബാനയും കുമ്പസാരവും ഉപേക്ഷിച്ച് നടന്നിരുന്ന ഒട്ടനവധി പേർ ഇടവകയിൽ സജീവമായി വരാൻ തുടങ്ങി. അങ്ങനെയാണ് ഒരു ഇടവക വികാരിയായിരുന്ന ഞാൻ നായ്ക്കംപറമ്പിലച്ചന്റെയും ടീമംഗങ്ങളുടെയും ശുശ്രൂഷകളുടെ ഫലങ്ങൾ ആദ്യമായി നേരിട്ട് അനുഭവിച്ചറിയുന്നത്.
പിന്നീട് 1998 - 1999 കാലഘട്ടത്തിൽ അട്ടപ്പാടിയിൽ സെഹിയോൻ ധ്യാനകേന്ദ്രം ആരംഭിച്ചപ്പോൾ സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ആദ്യത്തെ വാർഷിക കൺവെൻഷൻ നടത്തി ധ്യാനകേന്ദ്രത്തിന് ആരംഭം കുറിക്കാൻ സഹായിച്ചത് ബഹുമാനപ്പെട്ട നായ്ക്കംപറമ്പിലച്ചനും ടീമംഗങ്ങളുമാണ്. ആ ദിവസങ്ങളിൽ യേശുവിന്റെ നാമത്തിൽ നടന്ന അത്ഭുത രോഗശാന്തികൾ, അടയാളങ്ങൾ, ശക്തമായ മനസാന്തരങ്ങൾ ഇവ എന്റെ ജീവിതത്തിൽ മറക്കാനാവാത്ത സംഭവങ്ങളാണ്. ആരൊക്കെ നിഷേധിച്ചാലും എനിക്കവ നിഷേധിക്കാൻ കഴിയുകയില്ല. അട്ടപ്പാടി അന്ന് പലരാലും ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന ഒരു പ്രദേശം. സെഹിയോൻ മിനിസ്ട്രീസിന്റെ ശൈശവ അവസ്ഥയിൽ ആരും കൂടെയില്ലാതിരുന്ന സമയത്ത്, കഷ്ടപ്പാടിന്റെ നാളുകളിൽ അച്ചനും ടീമംഗങ്ങളും കാണിച്ച കരുണയും സ്നേഹവും മറക്കാൻ പറ്റാത്തതാണ്.
ബഹുമാനപ്പെട്ട നായ്ക്കംപറമ്പിലച്ചാ..... അച്ചനെ ആരൊക്കെ ദുഷിച്ചാലും അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസും മിനിസ്ട്രീസിനോട് ബന്ധപ്പെട്ട വൈദികരും, സിസ്റ്റേഴ്‌സും, വലിയൊരു സംഘം ശുശ്രൂഷകരും, വിശ്വാസികളും, കുടുംബങ്ങളും അച്ചനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അച്ചനോടൊപ്പം എന്നുമുണ്ടായിരിക്കും. തുടർന്നും ഞങ്ങൾക്ക് മുൻപിൽ നിന്ന് അച്ചൻ നേതൃത്വം നൽകണം. ശുശ്രൂഷകൾ നയിക്കണം. ഞങ്ങൾ വലിയൊരു സമൂഹം അതിനായി ആഗ്രഹിക്കുന്നു.... കാത്തിരിക്കുന്നു.....
ദിവസവും അനേകം മണിക്കൂറുകൾ ദിവ്യകാരുണ്യ ആരാധനയുടെ മുൻപിൽ ചിലവഴിക്കുകയും ലോകം മുഴുവനുംവേണ്ടി മധ്യസ്ഥ പ്രാർത്ഥനകൾക്കായി മണിക്കൂറുകൾ ചിലവഴിക്കുകയും ചെയ്യുന്ന അച്ചൻ ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണം.
മറക്കാനാവാത്ത ഓർമകളോടെ,
പ്രാർത്ഥനാപൂർവ്വം - സേവ്യർ ഖാൻ വട്ടായിലച്ചൻ
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക