Life In Christ

'ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു': ക്രൂശിത രൂപം ധരിച്ച് കുവൈറ്റി മാധ്യമ പ്രവർത്തകന്റെ പ്രഖ്യാപനം

പ്രവാചക ശബ്ദം 29-01-2021 - Friday

കുവൈറ്റ് സിറ്റി: “ഞാന്‍ ഇസ്ലാം വിട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു” എന്ന പ്രഖ്യാപനവുമായുള്ള പ്രശസ്ത കുവൈറ്റി പത്രപ്രവര്‍ത്തകന്‍ മുഹമ്മദ്‌ അല്‍-മൊആമെന്റെ വീഡിയോ സന്ദേശമടങ്ങിയ ട്വീറ്റ് ചര്‍ച്ചയാകുന്നു. “ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. കര്‍ത്താവ് ആരാണെന്നു എനിക്കിപ്പോള്‍ അറിയാം. ഞാന്‍ ജീവിതത്തെ മനസ്സിലാക്കിക്കഴിഞ്ഞു. ഞാന്‍ ഇപ്പോഴാണ് ജീവിക്കുന്നത്” എന്ന് കഴുത്തില്‍ ക്രൂശിതരൂപമുള്ള മാല ധരിച്ചുകൊണ്ട് അല്‍-മൊആമെന്‍ പറയുന്ന വീഡിയോയാണ് ഇപ്പോള്‍ ഗള്‍ഫ് മേഖലകളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. താന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതു പ്രശസ്തിക്ക് വേണ്ടിയല്ല എന്നു പറഞ്ഞറിയുമ്പോള്‍ നിങ്ങള്‍ അസ്വസ്ഥരാകുമെന്നും, ഇതൊരു ഭീഷണിയായി കാണരുതെന്നും അദ്ദേഹം തന്റെ വീഡിയോയില്‍ എടുത്ത് പറയുന്നുണ്ട്.

“മറിയത്തിന്റെ മകനായ യേശുക്രിസ്തുവിന്റെ മക്കളാണ് ഞങ്ങള്‍. പിതാവിന്‍റെയും, പുത്രന്റേയും, പരിശുദ്ധാത്മാവിന്റേയും നാമത്തില്‍” എന്ന് പറഞ്ഞുകൊണ്ടാണ് മൊആമെന്റെ വീഡിയോ അവസാനിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ഇനിയൊരു ചര്‍ച്ച ഉണ്ടാകില്ലെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. റേഡിയോ കുവൈറ്റിന്റെ സ്ഥാപകരില്‍ ഒരാളായ കുവൈറ്റി ബ്രോഡ്കാസ്റ്റര്‍ ഹമദ് അല്‍- മൊആമെന്റെ പേരമകനാണ് മുഹമ്മദ്‌ അല്‍- മൊആമെന്‍. ഇദ്ദേഹത്തിന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള പരിവര്‍ത്തനം ഗള്‍ഫ് മേഖലയെ ആകെ ഞെട്ടിപ്പിച്ചിരിക്കുയാണെന്ന് മതപീഡനങ്ങളെ നിരീക്ഷിക്കുന്ന 'ജിഹാദ് വാച്ച്' റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ തീരുമാനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്ന് മൊആമെന്‍ പറയുമ്പോഴും പുരോഗമനവാദികളായ ചിലര്‍ വഹാബി പ്രത്യയശാസ്ത്രത്തെയാണ്‌ ഇതിന്റെ ഉത്തരവാദിയായി ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ മതപരിവര്‍ത്തനം അദ്ദേഹത്തിന്റെ ബോധ്യം കൊണ്ടല്ല മറിച്ച് സുന്നി പ്രബോധനത്തിലെ വൈരുദ്ധ്യം മൂലമാണെന്നാണ് ഇവര്‍ ആക്ഷേപിക്കുന്നത്. വഹാബി പ്രത്യയശാസ്ത്രം മിക്ക സുന്നികളുടെയും മതമായി മാറിയിരിക്കുന്നുവെന്നും, ഇതിന്റെ കാര്‍ക്കശ്യവും സാമൂഹ്യ ജീവിതം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിലുള്ള പരാജയവുമാണ് ചിലര്‍ മറ്റ് മതങ്ങളിലേക്ക് മാറുവാനുള്ള പ്രധാനകാരണമെന്നു ഷാഫി അലാജീല്‍ എന്നയാള്‍ ട്വീറ്റ് ചെയ്തു.

യേശുവിനെ എകരക്ഷകനായി സ്വീകരിച്ച അദ്ദേഹത്തെ മാനസിക രോഗിയാക്കി ചിത്രീകരിക്കുവാനും ചില തീവ്ര ഇസ്ളാമിക നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വിശ്വാസ പരിവര്‍ത്തനത്തെ സുന്നി-ഷിയാ പോരാട്ടമാക്കി ചിത്രീകരിക്കുന്നവരും നിരവധിയാണ്. അദ്ദേഹത്തിന്റെ കുടുംബം സുന്നി കുടുംബമല്ല മറിച്ച് ഷിയാ കുടുംബമാണെന്നാണ് ചിലരുടെ ആരോപണം. സിറിയ ഉള്‍പ്പെടെയുള്ള മധ്യപൂര്‍വ്വേഷ്യയിലെ ചില ഭാഗങ്ങളെ നിയന്ത്രിച്ച ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി സംഘടന നടത്തിയ ക്രൂരതകള്‍ മുസ്ലീങ്ങള്‍ക്ക് അവരുടെ വിശ്വാസത്തിനനുസൃതമായി ജീവിക്കുവാന്‍ പ്രയാസമുണ്ടാക്കിയെന്നും ഇത് സത്യദൈവത്തിലേക്കുള്ള വിശ്വാസത്തിലേക്ക് നയിച്ചു എന്നതിന്റെയും ഉദാഹരണമായാണ് മുഹമ്മദ്‌ അല്‍-മൊആമെന്റെ മതപരിവര്‍ത്തനത്തെ ഏവരും നോക്കികാണുന്നത്.

2016-ല്‍ ഐഎസ് തീവ്രവാദികള്‍ ഫ്രാന്‍സില്‍ ദേവാലയത്തിനുള്ളില്‍ കയറി വൈദികനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരിന്ന മുന്‍നിര മാധ്യമപ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »