News - 2026

കോംഗോയില്‍ കത്തോലിക്ക വൈദികനെ ക്രൂരമായി ആക്രമിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു

പ്രവാചകശബ്ദം 30-01-2026 - Friday

കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കത്തോലിക്ക വൈദികനെ ക്രൂരമായി ആക്രമിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു. എംബുജിമായി രൂപതയിലെ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ഇടവക വികാരി ഫാ. ജീൻ-റിച്ചാർഡ് ഇലുങ്കയെയാണ് സായുധധാരികള്‍ ആക്രമിച്ചു അവശനാക്കി വഴിയില്‍ ഉപേക്ഷിച്ചത്. ജനുവരി 24ന് തന്റെ ഇടവക പള്ളിയുടെ നിർമ്മാണത്തിനായി സംഭാവന ശേഖരിക്കാൻ വൈദികന്‍ പോയപ്പോഴാണ് ബെന എംബുയി - കലംബായ് ഹൈവേയിൽ ആക്രമണം നടന്നത്.

മോട്ടോർ സൈക്കിൾ, പേഴ്സണൽ ബാഗ്, മൊബൈൽ ഫോൺ, പണം എന്നിവ കൊള്ളയടിച്ച അക്രമികള്‍ വൈദികനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് കടന്നുകളഞ്ഞത്. അവശനിലയില്‍ വൈദികനെ കണ്ടെത്തിയ നാട്ടുകാർ ആദ്യം കബിംബയിലെ സെന്റ് ആൽബർട്ട് ഇടവകയിലേക്കും പിന്നീട് അടിയന്തര വൈദ്യസഹായം ലഭിക്കുന്നതിനായി എംബുജിമായിയിലെ ആശുപത്രിയിലേക്കും മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. നീതി നടപ്പാക്കപ്പെടണമെന്നും ഭരണാധികാരികള്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്നും രൂപതാനേതൃത്വം ആവശ്യപ്പെട്ടു.

മനുഷ്യന്‍റെ ദുർബലതകൾക്കിടയിലും, വൈദികര്‍ ദൈവത്തിന്റെ ദാസന്മാരായി തുടരുകയാണെന്നും അവരുടെ ജീവിതവും അന്തസ്സും ബഹുമാനിക്കപ്പെടണമെന്നും രൂപത പ്രസ്താവിച്ചു. ഫാ. ഇലുങ്കയ്ക്കും ലോകമെമ്പാടുമുള്ള അക്രമത്തിന് ഇരയായ എല്ലാ വൈദികര്‍ക്കും വേണ്ടി പ്രാർത്ഥനകൾ നടത്താൻ സഭാനേതൃത്വം ആഹ്വാനം ചെയ്തു. അക്രമത്തെ അപലപിച്ച് കസായി ഓറിയന്റൽ ഗവർണർ ജീൻ-പോൾ എംബ്‌വെബ്‌വ കപോ ഉള്‍പ്പെടെയുള്ളവരും രംഗത്ത് വന്നിട്ടുണ്ട്. അതേസമയം നോർത്ത് കിവു, ഇറ്റൂരി തുടങ്ങിയ കിഴക്കൻ പ്രദേശങ്ങളിൽ കഴിയുന്ന ക്രൈസ്തവര്‍ - ഇസ്ലാമിക് സ്റ്റേറ്റ്സ് ബന്ധമുള്ള എഡിഎഫ് തീവ്രവാദികൾ ഉൾപ്പെടെയുള്ള സായുധ സംഘങ്ങളിൽ നിന്ന് മാരകമായ ആക്രമണവും ഭീഷണിയും നേരിടുന്നുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍




Related Articles »