News - 2024
സിസ്റ്റർ ഗ്ലോറിയയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിട്ട് നാലു വര്‍ഷം: പ്രാര്‍ത്ഥന യാചിച്ച് കൊളംബിയന്‍ സഭ
പ്രവാചക ശബ്ദം 10-02-2021 - Wednesday
ബമാകൊ: ആഫ്രിക്കന്‍ രാജ്യമായ മാലിയിൽ നിന്നും തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കൊളംബിയന്‍ കത്തോലിക്ക സന്യാസിനി സിസ്റ്റർ ഗ്ലോറിയ സെസിലിയയുടെ തിരോധാനത്തിന് നാലു വര്‍ഷം. 2017 ഫെബ്രുവരി ഏഴാം തീയതിയാണ് അൽക്വയ്ദയുമായി ബന്ധമുള്ള ഇസ്ളാമിക തീവ്രവാദി സംഘടന ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗമായ സിസ്റ്റർ സെസിലിയയെ സാഹെലിൽ നിന്നും തട്ടിക്കൊണ്ടു പോയത്. പിറ്റേവര്‍ഷം തന്നെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ഫ്രാന്‍സിസ് പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ചുള്ള സിസ്റ്ററുടെ വീഡിയോ പുറത്തുവന്നിരിന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബർ എട്ടിന് തീവ്രവാദികൾ ബന്ധികളാക്കിയിരിന്ന ഇറ്റാലിയൻ മിഷ്ണറി വൈദികനായ ഫാ. പിയർലൂയിജി മക്കാലി, സോഫി പെട്രോനിന്‍ എന്നിവരുൾപ്പെടെയുള്ള നാലംഗ സംഘത്തെ വിട്ടയച്ചതോടെ സിസ്റ്റര്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാകുകയായിരിന്നു. സിസ്റ്റർ ഗ്ലോറിയ സെസിലിയയുടെ ഒപ്പമായിരിന്നു താന്‍ കഴിഞ്ഞിരിന്നതെന്നും സിസ്റ്ററുടെ ജീവിതാവസ്ഥ പരിതാപകരമാണെന്നും മോചനത്തിനായി ഇടപെടണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് സോഫി അന്ന്‍ ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടു പോയിട്ട് നാല് വർഷം പിന്നിട്ടെങ്കിലും മോചനം സാധ്യമാകാത്തതിലുള്ള ദുഃഖം അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചുകൊണ്ട് ഇക്കഴിഞ്ഞ ദിവസം കൊളംബിയൻ സഭ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചിരിന്നു.