Seasonal Reflections - 2024
യൗസേപ്പിതാവിനെ സഭയുടെ മാദ്ധ്യസ്ഥനാക്കാൻ ത്യാഗങ്ങൾ അനുഷ്ഠിച്ച വൈദീകൻ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 10-02-2021 - Wednesday
1870 ഡിസംബർ മാസം എട്ടാം തീയതി യൗസേപ്പിതാവിനെ സാർവ്വത്രിക സഭയുടെ മാദ്ധ്യസ്ഥനായി ഒൻപതാം പീയൂസ് മാർപാപ്പ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിനു വേണ്ടി പരിത്യാഗം ചെയ്തു പ്രാർത്ഥിച്ച ഒരു വിശുദ്ധനായ സന്യാസ വൈദീകനാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ഇതിവൃത്തം .
ഡോമിനിക്കൻ സഭാംഗമായ വാഴ്ത്തപ്പെട്ട ജീൻ ജോസഫ് ലറ്റാസ്റ്റേയ്ക്കു (Jean Joseph Lataste 1832- 1869) പരിശുദ്ധ കന്യകാമറിയത്തോടും വിശുദ്ധ മഗ്ദലനാ മറിയത്തോടും വി. യൗസേപ്പിതാവിനോടും തികഞ്ഞ ഭക്തി ഉണ്ടായിരുന്നു.1854 ഡിസംബർ എട്ടിന് ഒൻപതാം പീയൂസ് മാർപാപ്പ മാതാവിൻ്റെ അമലോത്ഭവ ജനനം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. യൗസേപ്പിതാവിൻ്റെയും വലിയ ഭക്തനായിരുന്ന പാപ്പയ്ക്കു വർഷങ്ങളോളം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു യൗസേപ്പിതാവിനെ സാർവ്വത്രിക സഭയുടെ മാദ്ധ്യസ്ഥനായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി ധാരാളം മെത്രന്മാർമാരും പുരോഹിതരും അൽമായരും കത്തുകൾ അയച്ചിരുന്നു. ഫ്രാൻസിൽ നിന്ന് ജീൻ ജോസഫച്ചനും ഈക്കാര്യം ഉന്നയിച്ചു 1868 മാർപാപ്പയ്ക്കു കത്തെഴുതി.
വിശുദ്ധ യൗസേപ്പിൻ്റെ മാദ്ധ്യസ്ഥം സഭ മുഴുവനും ലഭിക്കാനായി തൻ്റെ ജീവിതം ത്യാഗമായി അർപ്പിക്കാമെന്നു ദൈവത്തോടു വാഗ്ദാനം ചെയ്യുന്നതായി ഈ കത്തിൽ ജീനച്ചൻ രേഖപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായി പിയൂസ് ഒൻപതാം പാപ്പ ഇപ്രകാരം എഴുതി: "വിശുദ്ധ യൗസേപ്പിനെ സാർവ്വത്രിക സഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിക്കുന്നതിനായി നല്ല സന്യാസിയായ (ജിൻ ജോസഫ് ലറ്റാസ്റ്റേ) തൻ്റെ ജീവിതം ത്യാഗമായി അർപ്പിക്കാമെന്നു ദൈവത്തോടു വാഗ്ദാനം ചെയ്തിരിക്കുന്നു. ജീനച്ചനു ഉടൻ തന്നെ തൻ്റെ ആഗ്രഹം സഫലമാകും. വിശുദ്ധ യൗസേപ്പിനെ സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ച് അഞ്ഞൂറിലധികം കത്തുകൾ ഇവിടെ ലഭിച്ചു, പക്ഷേ ജീൻ ജോസഫച്ചൻ മാത്രമാണ് ഈ നിയോഗത്തിനായി തൻ്റെ ജീവിതം വാഗ്ദാനം ചെയ്തത് ."
ദൈവത്തോടു താൻ ചെയ്ത വാഗ്ദാനം പൂർത്തീകരിക്കുന്നതിനായി വീരോചിതമായ രീതിയിൽ പരിത്യാഗപ്രവർത്തികളും ആത്മനിയന്ത്രണങ്ങളും ജീൻ ജോസഫച്ചൻ നടത്തി. 1869 മുപ്പത്തിയാറാം വയസ്സിൽ ആ സന്യാസ വൈദികൻ നിര്യാതനായെങ്കിലും ഒരു വർഷത്തിനുള്ളിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ അമലോത്ഭവ തിരുനാൾ ദിനത്തിൽ (1870 ഡിസംബർ എട്ടാം തീയതി ) ഒൻപതാം പീയൂസ് പാപ്പ ജീൻ ജോസഫച്ചൻ്റെ ജിവിതാഭിലാഷം നിറവേറ്റി.
തിരുസഭയ്ക്കു വേണ്ടി ജീവിതം സമർപ്പിക്കാൻ വിശുദ്ധ യൗസേപ്പിതാവും വാഴ്ത്തപ്പെട്ട ജീൻ ജോസഫും നമുക്കു പ്രചോദനമാകട്ടെ.