India - 2026
ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തിൽ ഫൗണ്ടേഷൻ ഉദ്ഘാടനം 21ന്
പ്രവാചകശബ്ദം 16-02-2026 - Monday
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സ്‌മരണാർഥം ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തിൽ ഫൗണ്ടേഷൻ (എജെപിഎഫ്) രൂപീകരിച്ചു. 21ന് ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി കുരിശുംമൂട് മീഡിയവില്ലേജിൽ ചേരുന്ന സമ്മേളനത്തിൽ മുംബൈ മുൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ഓസ്വാൾഡ് ഗ്രേഷ്യസ് ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവഹിക്കും.15 അംഗ ട്രസ്റ്റിന്റെ പേട്രൻ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലാണ്.
ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്ത് ആദ്യ ട്രസ്റ്റിയും എംജി സർവകലാശാല മുൻ വൈസ് ച്ചാൻസിലർ ഡോ. സിറിയക് തോമസ് മാനേജിംഗ് ട്രസ്റ്റിയും ഡോ. പി.ജെ. തോമസ് സെക്രട്ടറിയുമാണ്. ചങ്ങനാശേരി ആർച്ച്ബിഷപ്‌സ് ഹൗസിലാണ് ഫൗണ്ടഷൻ്റെ ആസ്ഥാനം. ഉദ്ഘാടന സമ്മേളനത്തില്‍ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ, ഡോ. സിറിയക് തോമസ്, ഡോ. ജാൻസി ജയിംസ്, പ്രഫ. മുരളീവല്ലഭൻ, ഡോ. പി.ജെ. തോമസ് എന്നിവർ പ്രസംഗിക്കും.
മാർ ജോസഫ് പവ്വത്തിൽ നടത്തിയ പ്രവർത്തനങ്ങളും ആശയങ്ങളും സംബന്ധിച്ച ഗവേഷണം, പഠനം, പ്രസിദ്ധീകരണം എന്നിവയുടെ പ്രോത്സാഹനം, വിദ്യാഭ്യാസം, ന്യൂനപക്ഷാവകാശങ്ങൾ എന്നിവയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയവരെ ആദരിക്കൽ, സിവിൽ സർവീസ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്, ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്നവരെ സഹായിക്കൽ, ദളിത് വിദ്യാർഥികളുടെ വിദ്യാഭ്യാസ, തെഴിൽ പ്രോത്സാഹനം തുടങ്ങിയവ ഫൗണ്ടേഷൻ്റെ മുഖ്യ കർമപദ്ധതികളിൽപ്പെടുന്നു.

















