Youth Zone

വിദ്യാർത്ഥികൾ ഐസ് കൊണ്ട് ചാപ്പൽ നിർമ്മിച്ചു: മഞ്ഞു കൊണ്ടുള്ള ദേവാലയത്തില്‍ പതിവ് തെറ്റിക്കാതെ വിശുദ്ധ കുര്‍ബാന

പ്രവാചക ശബ്ദം 12-02-2021 - Friday

മിഷിഗണ്‍: കൊറോണ പകര്‍ച്ചവ്യാധിക്കിടയിലും പതിവ് തെറ്റിക്കാതെ അമേരിക്കയിലെ ഹൗട്ടണിലെ മിഷിഗണ്‍ ടെക്ക് സര്‍വ്വകലാശാലയിലെ (എം.ടി.യു) വിദ്യാർത്ഥികൾ ഐസ് കൊണ്ട് നിര്‍മ്മിച്ച ‘ഔര്‍ ലേഡി ഓഫ് ദി സ്നോസ്’ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ഷിക ശൈത്യകാല ആഘോഷങ്ങളില്‍ ഒന്നായ ‘എം.ടി.യു’ ശൈത്യകാല കാര്‍ണിവലിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനായിരുന്നു വിശുദ്ധ കുര്‍ബാന. സുപ്പീരിയര്‍ തടാകത്തില്‍ നിന്നുള്ള ഐസ് കൊണ്ട് നിര്‍മ്മിച്ച പ്രത്യേക അള്‍ത്താരയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ നാൽപതോളം പേര്‍ പങ്കെടുത്തു. എം.ടി.യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഐസ് കൊണ്ടുള്ള ചാപ്പല്‍ നിര്‍മ്മിച്ചത്.

ഐസ് കൊണ്ടു തന്നെ നിര്‍മ്മിച്ച പ്രസംഗപീഠമായിരുന്നു ഇക്കൊല്ലത്തെ ഏറ്റവും വലിയ പ്രത്യേകത. തുടര്‍ച്ചയായ ആറാം വര്‍ഷമാണ്‌ ഇടവകയുടെ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഐസ് കൊണ്ട് നിര്‍മ്മിച്ച ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ ദിവ്യബലിയിൽ പങ്കുചേർന്നത്. 1922 മുതല്‍ ഈ ശൈത്യകാല ആഘോഷങ്ങള്‍ നടത്തിവരാറുണ്ടെന്നാണ് എം.ടി.യു സര്‍വ്വകലാശാലയുടെ വെബ്സൈറ്റില്‍ പറയുന്നത്. മഞ്ഞുകൊണ്ടുള്ള രൂപ നിര്‍മ്മാണം, കലാ മത്സരങ്ങള്‍, റാപ്പ് ബാറ്റില്‍ തുടങ്ങിയ മത്സരങ്ങളും വിന്റര്‍ കാര്‍ണിവലിന്റെ ഭാഗമായിരുന്നു.

വിശുദ്ധ കുര്‍ബാനക്ക് ലഭിച്ച സ്വീകരണത്തിന് സൂഹമാധ്യമങ്ങളിലൂടെ സെന്റ്‌ ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് ഇടവക നന്ദി അറിയിച്ചു. പുറത്ത് പ്രാര്‍ത്ഥിക്കുന്നത് ഒരു പ്രത്യേക അനുഭവമാണെന്നും സമീപ പ്രദേശങ്ങളിലുള്ള സന്ദര്‍ശകരെ വിശുദ്ധ കുര്‍ബാനയിലേക്ക് സ്വാഗതം ചെയ്യാറുണ്ടെന്നും ഇടവക വികാരിയായ ഫാ. ബെന്‍ ഹാസ്സെ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും സുഹൃത്തുക്കളും കുര്‍ബാനയില്‍ പങ്കെടുക്കാറുണ്ട്. ആളുകളെ സ്വാഗതം ചെയ്യുവാനും, കാണുവാനും അവര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുവാനുമുള്ള ഒരു നല്ല അവസരം കൂടിയാണിതെന്ന് ഫാ. ഹാസ്സെ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


Related Articles »